ജാക്ക് ഡോര്‍സി വീണ്ടും വിവാദത്തില്‍; ഇന്ത്യയെ രക്ഷിക്കാന്‍ ട്വിറ്റര്‍ സി.ഇ.ഒയുടെ സംഭാവന ആര്‍.എസ്.എസ് അനുകൂല സംഘടനയ്ക്ക്

Glint desk
Thu, 13-05-2021 12:13:34 PM ;

ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്ത 110 കോടിയെ ചൊല്ലി വിവാദം. മൂന്ന് എന്‍.ജി.ഒകള്‍ക്കായാണ് ജാക്ക് ഡോര്‍സി ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രര്‍ത്തനങ്ങള്‍ക്കായി തുക സംഭാവന ചെയ്തത്. ഇതില്‍ ജാക്ക് ഡോര്‍സി തെരഞ്ഞെടുത്ത സേവ ഇന്റര്‍നാഷണല്‍ എന്ന എന്‍.ജി.ഒ ഇന്ത്യയിലെ ആര്‍.എസ്.എസ് അംഗീകൃത സംഘടനയായ സേവഭാരതിയുടെ അമേരിക്കന്‍ രൂപമാണ് എന്ന് കാണിച്ചാണ് ജാക്ക് ഡോര്‍സിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്. ആര്‍.എസ്.എസ് അനുകൂല സംഘടനയ്ക്ക് സംഭാവന നല്‍കിയ ജാക്ക് ഡോര്‍സിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്.

സേവ ഇന്റര്‍നാഷണല്‍ ഹിന്ദു വിശ്വാസത്തില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന മാനുഷിക സംഘടനയാണെന്ന് ജാക്ക് ഡോര്‍സി പറയുന്നു. ടെക്‌സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേവ ഇന്റര്‍നാഷണല്‍ ഇതുവരെ 7 മില്ല്യണ്‍ യു.എസ് ഡോളര്‍ ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2.5 മില്ല്യണ്‍ യു.എസ് ഡോളറാണ് ജാക്ക് ഡോര്‍സി സേവ ഇന്റര്‍നാഷണലിന് നല്‍കിയിരിക്കുന്നത്. ഇതിന് നന്ദി അറിയിച്ചു സേവ ഇന്റര്‍നാഷണല്‍ ഭാരവാഹികളും മുന്നോട്ട് വന്നിരുന്നു. കെയര്‍, എയിഡ് ഇന്ത്യ, എന്നീ എന്‍.ജി.ഒകള്‍ക്കും ജാക്ക് ഡോര്‍സി സംഭാവന നല്‍കിയിട്ടുണ്ട്.

നേരത്തെ വിശ്വഹിന്ദു പരിഷത്തുള്‍പ്പെടെ അഞ്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്ക് കോടികള്‍ കൊവിഡ് സഹായ പാക്കേജായി നല്‍കി അമേരിക്കയുടെ നടപടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. മസാചുസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തിനായിരുന്നു ഫെഡറല്‍ ഏജന്‍സിയുടെ സഹായം ലഭിച്ചത്. 150,000 ഡോളറാണ് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയ്ക്ക് ലഭിച്ചത്. ആര്‍.എസ്.എസിന്റെ പോഷക സംഘടനയാണ് വിശ്വഹിന്ദു പരിഷത്ത്.

Tags: