തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ 8 കോടി രൂപ പിടിച്ചെടുത്തെന്ന് ആദായ നികുതി വകുപ്പ്. താരാപുരം മണ്ഡലത്തിലെ ഡി.എം.കെ, എം.ഡി.എം.കെ, മക്കള്‍ നീതി മയ്യം നേതാക്കളുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. തിരുപ്പൂര്‍ ജില്ലയിലെ താരാപുരത്ത് ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് അര്‍ദ്ധരാത്രി വരെ നീണ്ടു.
സംവരണ മണ്ഡലമായ താരാപുരത്താണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എല്‍.മുരുകന്‍ മത്സരിക്കുന്നത്. ഡി.എം.കെയുടെ കായല്‍വിഴി സെല്‍വരാജ് ആണ് പ്രധാന എതിരാളി. ചാര്‍ളിയാണ് മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ക്കണ്ട ബിജെപി പ്രതിപക്ഷത്തെ തിരഞ്ഞ് പിടിച്ച് വേട്ടയാടുകയാണ് എന്ന് ഡിഎംകെ നേതാക്കള്‍ പ്രതികരിച്ചു.
ഡി.എം.കെ. തിരുപ്പൂര്‍ ടൗണ്‍ സെക്രട്ടറി കെ.എസ്. ധനശേഖരന്‍, എം.ഡി.എം.കെ. ജില്ലാ അസി.സെക്രട്ടറി കവിന്‍ നാഗരാജന്‍, മക്കള്‍ നീതി മയ്യം ട്രഷറര്‍ ചന്ദ്രശേഖര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു പരിശോധന. മൂന്നിടങ്ങളില്‍ നിന്നുമായി കണക്കില്‍പ്പെടാത്ത എട്ട് കോടി രൂപ പിടിച്ചെടുത്തുവെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരം.