Skip to main content

എ.ഐ.സി.സി പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിയില്‍ സമൂലമായി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി നാമനിര്‍ദേശത്തിലൂടെ പുതിയ എ.ഐ.സി.സി ഭാരവാഹികളെ നിയമിച്ച ഹൈക്കമാന്‍ഡ് നടപടികള്‍ക്കെതിരെയാണ് കപില്‍ സിബല്‍ തുറന്നടിച്ചത്. 

ശുപാര്‍ശയാണ് രീതിയെങ്കില്‍ പാര്‍ട്ടി ഭരണഘടന തിരുത്തുന്നതാണ് നല്ലതെന്നും തിരഞ്ഞെടുപ്പ് വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ അങ്ങനെയാകട്ടേയെന്നും കപില്‍ സിബല്‍ പറഞ്ഞു. 

കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഒരാളാണ് കപില്‍ സിബല്‍. കത്തയച്ച നേതാക്കള്‍ ഇന്നലെ വീണ്ടും യോഗം ചേര്‍ന്നു. യോഗത്തില്‍ കത്തയച്ച 23 നേതാക്കള്‍ക്ക് പുറമേ മറ്റുചില പുതിയ നേതാക്കളും പങ്കെടുത്തതതായാണ് സൂചന.

ഭരണഘടനയില്‍ പറയുന്നതുപോലെ ബ്ലോക്ക്തലം മുതല്‍ തിരഞ്ഞെടുപ്പ് വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് ഭരണഘടന പിന്തുടരണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരമല്ല എ.ഐ.സി.സി തിരഞ്ഞെടുപ്പ് നടന്നത്' ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കപില്‍ സിബല്‍ പറഞ്ഞു..