Skip to main content

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. പൊതു സുരക്ഷ കണക്കിലെടുത്താണ് തടങ്കല്‍ നീട്ടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പൊതുസുരക്ഷാ നിയമപ്രകാരമാണ് മെഹബൂബ മുഫ്തിയെ വീട്ടു തടങ്കലിലാക്കിയത്. 8 മാസത്തോളം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തടങ്കലില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു ഏപ്രില്‍ 7 മുതല്‍ മുഫ്തിയെ വീട്ടു തടങ്കലിലാക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 5 മുതലാണ് ജമ്മുകാശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറുഖ് അബ്ദുള്ള എന്നിവരെ തടങ്കലിലാക്കിയത്. മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെയും മകന്‍ ഒമര്‍ അബ്ദുള്ളയുടെയും തടങ്കല്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. 

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുകയും ജമ്മുകാശ്മീരിനെ ലഡാക്ക്, ജമ്മുകാശ്മീര്‍ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചയ്ത കേന്ദ്ര തീരുമാനത്തിന് ശേഷമായിരുന്നു അവിടുത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയത്.