ജി.എസ്.ടി.യില്‍ സെസ് ചുമത്താന്‍ ആലോചിച്ച് കേന്ദ്രം, നീക്കം തെറ്റെന്ന് തോമസ് ഐസക്

Glint desk
Sat, 23-05-2020 11:32:05 AM ;

കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജി.എസ്.ടിയിന്മേല്‍ സെസ് ചുമത്താനൊരുങ്ങി കേന്ദ്രം. 5% സ്ലാബിന് മുകളിലുള്ള ജി.എസ്.ടി വരുമാനത്തില്‍ അത്യാഹിത സെസ്(കലാമിറ്റി സെസ്) ചുമത്തുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്‌തേക്കും. 

രാജ്യത്തെ വ്യവസായിക രംഗം ഉള്‍പ്പെടെയുള്ള മേഖലകള്‍ വലിയ തോതില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സെസ് അപ്രായോഗികമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

നേരത്തെ കേരളത്തില്‍ പ്രളയസമയത്ത് ഇത്തരത്തില്‍ രണ്ട് വര്‍ഷത്തേക്ക് ഒരു ശതമാനം സെസ് ചുമത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ജി.എസ്.ടിയിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്തി നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. 

എന്നാല്‍ കേന്ദ്രനീക്കം തെറ്റാണെന്നും കേരളം ഇതിനെ അനുകൂലിക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രളയ സെസുമായി ഇതിനെ താരതമ്യം ചെയ്യരുതെന്നും ഇത് ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. റിസര്‍വ് ബാങ്കില്‍ നിന്ന് പണമെടുത്ത് കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുക എന്നതാണ് കേന്ദ്രത്തിന് ചെയ്യാനാകുക എന്നും സെസ് ഏര്‍പ്പെടുത്തല്‍ തീരുമാനം നടപ്പാകാനിടയില്ലെന്നും സംസ്ഥാനങ്ങളുടെ ഭൂരിപക്ഷം അതിന് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

Tags: