കശ്മീരില്‍ ഏറ്റുമുട്ടല്‍; മേജറും കേണലുമടക്കം 5 സൈനികര്‍ക്ക് വീരമൃത്യു

Glint desk
Sun, 03-05-2020 10:39:44 AM ;

ജമ്മുകാശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കേണലും മേജറും അടക്കം 5 സൈനികര്‍ക്ക് വീരമൃത്യു. ഒരു പോലീസുകാരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ 8 മണിക്കൂര്‍ നീണ്ടു നിന്നു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. 

ഇന്നലെ വൈകിട്ടാണ് ഹന്ദ്വാരയിലെ ഗ്രാമത്തില്‍ തീവ്രവാദികള്‍ ഉണ്ടെന്ന സൂചന സൈന്യത്തിന് ലഭിച്ചത്. ഇതേ തുടര്‍ന്ന് സൈന്യവും ജമ്മൂകാശ്മീര്‍ പോലീസും സംയുക്തമായി ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈന്യത്തിന് നേരെ വെടിവെപ്പ് ഉണ്ടായത്. ഉടന്‍ തന്നെ ഇവിടെ നിന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചിരുന്നു. ഓപ്പറേഷന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം വിച്ഛേദിച്ചിരുന്നു. ഭീകരവാദികള്‍ ആളുകളെ ബന്ദിയാക്കിയിരുന്നു എന്നും ഇവരെ മോചിപ്പിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

21 രാഷ്ട്രീയ റൈഫിള്‍സ്(ആര്‍.ആര്‍) യൂണിറ്റിലെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ അശുതോഷ് ശര്‍മ്മയും മേജര്‍ അനുജ്, പോലീസ് ഇന്‍സ്‌പെക്ടര്‍ ഷക്കീല്‍ ഖാസി എന്നിവരാണ് വീരമൃത്യു മരിച്ചവരില്‍ ഉള്‍പ്പെടുന്നത്. മറ്റ് രണ്ട് ജവാന്മാരുടെ പേര് ലഭ്യമായിട്ടില്ല. കേണല്‍ അശുതോഷ് ശര്‍മ നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥനാണെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Tags: