പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ ബി.ജെ.പിക്ക് അകത്തും കല്ലുകടി. നിയമത്തില്‍ ഒറ്റക്കെട്ടാണെന്ന് പ്രധാനമന്ത്രി അടക്കമുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ എതിര്‍ സ്വരങ്ങള്‍ ഉണ്ടാകുന്നത്. നിയമഭേദഗതിയില്‍ നിന്ന് എന്തുകൊണ്ട് മുസ്ലീങ്ങളെ ഒഴിവാക്കുന്നു എന്നാണ് ബിജെപിയുടെ പശ്ചിമ ബംഗാള്‍ വൈസ് പ്രസിഡന്റ് ചന്ദ്രകുമാര്‍ ബോസിന്റെ ട്വീറ്റ്. ഇന്ത്യ എല്ലാവര്‍ക്കും ഉള്ള ഇടമാണെവന്നും ചന്ദ്രകുമാര്‍ ബോസ് അഭിപ്രായപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഒരു ആശയക്കുഴപ്പവും ഇല്ലെന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചത്. നിയമത്തിന്റെ സാഹചര്യം വിശദീകരിച്ച് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റെ ജെപി നദ്ദയുടെ നേതൃത്വത്തില്‍ റാലി അടക്കം ബിജെപി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പശ്ചിമബംഗാള്‍ ഉപാധ്യക്ഷന്റെ പ്രതികരണം.