വാഹന വിപണിയിലെ തകര്‍ച്ച; ജി.എസ്.ടി കുറയ്ക്കാനൊരുങ്ങി കേന്ദ്രം

Glint Desk
Tue, 17-09-2019 01:35:40 PM ;
Delhi

auto mobile industry

മാന്ദ്യത്തിലായ വാഹന വിപണിയെ കരകയറ്റാന്‍ വാഹനങ്ങളുടെ ജി.എസ്.ടി സ്ലാബ് 28 ല്‍ നിന്ന് 18 ശതമാനമാക്കി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തി.

ജി.എസ്.ടിയില്‍ പത്ത് ശതമാനം കുറവ് വരുന്നതോടെ രാജ്യത്ത് ഈ വര്‍ഷം മാത്രം 50,?000 കോടി രൂപയുടെ നികുതി നഷ്ടമുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് തങ്ങളുടെ കണക്കില്‍പ്പെടുത്തരുതെന്നാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. സെപ്തംബര്‍ 20 ന് ഗോവയില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സിലിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. കേന്ദ്രത്തിന്റെ തീരുമാനത്തെ യോഗത്തില്‍ എതിര്‍ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

വാഹനങ്ങളുടെ കാലാവധി നീട്ടി ഉത്തരവിറക്കിയതും, പഴയ വാഹനം പൊളിക്കുന്നതിനുള്ള നടപടി ലളിതമാക്കിയതും, പുതിയ വാഹന രജിസ്ട്രേഷന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതുമൊക്കെ മാന്ദ്യത്തിലായ വാഹന വിപണിയെ ഉണര്‍ത്താന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഇതൊന്നും ഫലവത്തായില്ല. ഇതിന് ശേഷമാണ് ജി.എസ്.ടി കുറയ്ക്കുക എന്ന ആശയത്തിലേക്ക് ധനമന്ത്രാലയം എത്തിയത്. ഇതിനെപ്പറ്റി പഠിക്കാന്‍ ജി.എസ്.ടി ഫിറ്റ്‌മെന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇവരാണ് 10 ശതമാനം നികുതി കുറച്ചാല്‍ 50,?000 കോടിയുടെ നികുതി നഷ്ടമുണ്ടാകുമെന്ന റിപ്പോര്‍ട്ട് നല്‍കിയത്.

 

Tags: