ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ്

Glint staff
Fri, 09-03-2018 06:38:12 PM ;
Bengaluru

gauri-lankesh

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കെ ടി നവീന്‍കുമാര്‍ എന്നയാളെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ചിക്കമംഗളൂരുവിലെ ബിരൂര്‍ സ്വദേശിയാണ് നവീന്‍ കുമാര്‍. ഇയാള്‍ക്ക് സനാതന്‍ സന്‍സ്തയുമായി ബന്ധമുണ്ടെന്നാണ് സൂചന.

 

ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കാനുള്ള നടപടിക്ക് അനുമതി തേടാനുള്ള ശ്രമത്തിലാണ് പോലീസ്. കുറച്ചുദിവസങ്ങള്‍ക്കു മുമ്പാണ് മജെസ്റ്റിക് ബസ് ടെര്‍മിനസിനു സമീപത്തുനിന്ന് വെടിയുണ്ട കൈയില്‍ വച്ചതിന് നവീന്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി ഇയാളെ ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

 

ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് സംഭവുമായി ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി മാര്‍ച്ച് പതിനഞ്ചുവരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിട്ടുണ്ട്.

 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ആര്‍ആര്‍ നഗറിലെ സ്വന്തം വീട്ടില്‍വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്.

 

 

Tags: