രണ്ട് മലയാളികള്‍ അടക്കം 22 ഇന്ത്യക്കാരുമായി കാണാതായ എംടി മറീന എക്‌സ്പ്രസ് എന്ന എണ്ണക്കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ചു. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് ആംഗ്ലോഈസ്റ്റേണ്‍ഷിപ്പ് മാനേജ്‌മെന്റ് കമ്പനിട്വീറ്റില്‍ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് കപ്പല്‍ മോചിപ്പിച്ചത്. കപ്പല്‍ ഇപ്പോള്‍ ക്യാപ്റ്റന്റെ നിയന്ത്രണത്തിലാണ്.
കാസര്‍കോട് ഉദുമ സ്വദേശി ശ്രീഉണ്ണിയും, കോഴിക്കോട് സ്വദേശിയായ മറ്റൊരാളുമാണ് കപ്പലിലുണ്ടിയിരുന്ന മലയാളികള്‍. കപ്പല്‍ മോചിപ്പിച്ച വിവരം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. മോചനത്തിന് സഹായിച്ച നൈജീരിയ, ബെനിന്‍ സര്‍ക്കാരുകള്‍ക്ക് നന്ദി അറിയിക്കുന്നതായും അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കപ്പല്‍ കണ്ടെത്തുന്നതിനായി ഇന്ത്യ നൈജീരിയ അടക്കമുള്ള രാജ്യങ്ങളുടെ സഹായംതേടിയിരുന്നു.
ജനുവരി 31 ന് ആഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ നങ്കൂരമിട്ട കപ്പല്‍ പിറ്റേദിവസം രാവിലെ ഗള്‍ഫ് ഒഫ് ഗിനിയയില്‍ വച്ച് കാണാതാകുകയായിരുന്നു. പാനമയിലെ ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്‌മെന്റിന്റെ കീഴിലുള്ള കപ്പലില്‍ 13,500 ടണ്‍ പെട്രോളും ഉണ്ടായിരുന്നു. ഇതു തട്ടിയെടുക്കാനുള്ള ശ്രമമായിരിക്കാം നടന്നത് എന്നാണ് അനുമാനം.