Skip to main content
Delhi

 arun jaitly

മുത്തലാഖ് ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ തര്‍ക്കം. ബില്ലിനെ ചൊല്ലി ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ രൂക്ഷമായ വാക് പോരാണ് ഉണ്ടായത്. ഇതെ തുടര്‍ന്ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയോടെയാണ് തര്‍ക്കം ആരംഭിച്ചത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പ്രമേയം അവതരിപ്പിച്ചു.

 

എന്നാല്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പ്രമേയം അവതരിപ്പിച്ചത് ചട്ടലംഘനമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. ലോക്‌സഭ പാസാക്കിയ ബില്ലിനെ രാജ്യസഭ വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്നത് രാജ്യം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.തുടര്‍ന്ന് ബിജെപി അംഗങ്ങളും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ ബുധനാഴ്ചയിലെ സഭ പിരിയുന്നതായി രാജ്യസഭാദ്ധ്യക്ഷന്‍ വ്യക്തമാക്കി. മുത്തലാഖ് ബില്‍ നാളെ വീണ്ടും പരിഗണിക്കും.