രാഹുലിന്റെ അധ്യക്ഷപ്രസംഗത്തില്‍ പ്രകടമാകുന്നത്

Glint staff
Sat, 16-12-2017 12:16:34 PM ;
Delhi

Rahul-Gandhi

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റു. രാവിലെ 11ന്  ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ തിരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം കൈമാറിയാതോടെ രാഹുല്‍ ഔദ്യോഗികമായി പാര്‍ട്ടി അധ്യക്ഷനായി. നെഹ്‌റു കുടുംബത്തില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുന്ന അഞ്ചാമത്തെ വ്യക്തിയാണ് രാഹുല്‍ ഗാന്ധി. രാഹുലിന്റെ സ്ഥാനാരോഹണത്തിന് സാക്ഷ്യം വഹിക്കുവാന്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എഐസിസി ഭാരവാഹികള്‍, പിസിസി അധ്യക്ഷന്മാര്‍, പാര്‍ട്ടി മുഖ്യമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവരെത്തിയിരുന്നു.
 

 

സ്ഥാനമൊഴിയുന്ന സോണിയഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റേയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.  പുതിയ കാലത്തിന്റെ തുടക്കമാണിതെന്നും മാറ്റത്തിന് വഴിതെളിക്കാന്‍ രാഹുലിനാകുമെന്നും സോണിയ ഗാന്ധി തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.

 

Rahul-Gandhi

ചുമതല ഏറ്റെടുത്ത ശേഷം രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ദൈര്‍ഘ്യം കുറഞ്ഞതായിരുന്നെങ്കിലും അതില്‍ പലതും പ്രകടമായിരുന്നു. ഒരു കാര്യമുറപ്പാണ് പ്രസംഗത്തിന് പിന്നില്‍ കുറേ അധ്വാനം ഉണ്ടായിട്ടുണ്ട് രാഹുലിന്റെ ഭാഗത്തുനിന്നും ടീമിന്റെ ഭാഗത്തു നിന്നും. പ്രസംഗത്തിനിടയില്‍ ആംഗലേയ ഭാഷ മാറ്റി ഹിന്ദിയിലേക്ക് വന്നതും തിരിച്ച് ആംഗലേയത്തിലേക്ക് പോയതും ഉദാഹരണം. മാത്രമല്ല രാഹുലിന്റെ വാക്കുകളില്‍ പ്രത്യക്ഷത്തില്‍ മൂന്ന് കാര്യങ്ങള്‍ പ്രസക്തമായിരുന്നു.

 

ഒന്ന്: സ്വയം വിമര്‍ശനം

സ്വയം വിമര്‍ശനത്തോടെയാണ് രാഹുല്‍ തുടങ്ങിയത് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നപ്പോള്‍ പല ആദര്‍ശങ്ങളും മനസ്സില്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ക്രമേണ ആദര്‍ശത്തിന് രാഷ്ട്രീയത്തില്‍ പ്രധാന്യമില്ലാതായെന്നും പ്രയോഗികതക്കാണ് സ്ഥാനമെന്നും തിരിച്ചറിഞ്ഞു. അത് തന്നെ സംബന്ധിച്ചിടുത്തോളം ദുഃഖമുള്ള അനുഭമായിരുന്നു. ആദര്‍ശത്തിലൂന്നിയ രാഷ്ട്രീയത്തെയാണ് താന്‍ ഇഷ്ടപ്പെടുന്നത്. നഷ്ടപ്പെട്ടുപോയ കോണ്‍ഗ്രസിന്റെ ആദര്‍ശത്തെ വീണ്ടെടുക്കുമെന്ന് രാഹുല്‍ പറഞ്ഞു.

 

രണ്ട്: വിദ്വേഷത്തിന് പകരം സ്‌നേഹവും കരുതലും

കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിദ്വേഷം കൊണ്ടുനടക്കുന്നവരാകരുതെന്നും ചുറ്റുമുള്ളവരോട് സ്‌നേഹവും കരുതലും ഉണ്ടാകണമെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു. പ്രസംഗത്തിലുടനീളം ബി.ജെ.പിക്കെതിരെ വിമര്‍ശനം ഉണ്ടായിരുന്നു. മോഡി സര്‍ക്കാരിന്റെ ഭരണം രാജ്യത്തെ പിറകോട്ടടിക്കുന്നുവെന്നും അടിസ്ഥാന മൂല്യങ്ങളെ ഇല്ലാതാക്കുന്നു എന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ പുരോഗതിയുടെയും നല്ല നടത്തിപ്പിന്റെയും കാര്യത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും മാറ്റിനിര്‍ത്തല്‍ കോണ്‍ഗ്രസിന്റെ ശൈലിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി പ്രവര്‍ത്തകരെ സഹോദരന്മാരായിട്ടാണ് കാണുന്നതെന്നും രാഹുല്‍ പറഞ്ഞു. വൈരുദ്ധ്യം പ്രകടമാണെങ്കിലും ആ പരാമര്‍ശത്തെ അതേ തലത്തില്‍ വിലയിരുത്തുമ്പോള്‍ സ്വാഗതാര്‍ഹമാണ്.

 

മൂന്ന്:  സംഭാഷണത്തിന് ഊന്നല്‍

ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസും അതിന്റെ അമരക്കാരനെന്ന നിലയില്‍ താനും മറ്റുള്ളവരെ കേള്‍ക്കുന്നതില്‍ പ്രാധാന്യം നല്‍കുമെന്ന് രാഹുല്‍ പറയുകയുണ്ടായി. രാജ്യത്തിന്റെ നല്ല നാളെകള്‍ വിഭാവനം ചെയ്യുന്നതിനായി ഓരോ പൗരന്മാര്‍ക്കുള്ള ആശയങ്ങള്‍ താനുമായും പാര്‍ട്ടിയുമായും പങ്ക് വെക്കാനുള്ള അവസരം ഉണ്ടന്നും രാഹുല്‍ പറഞ്ഞു, അക്കാര്യത്തില്‍ യുവാക്കള്‍ക്ക് പ്രത്യേക പരിഗണനയും ഉണ്ടാകും. ആ പ്രഖ്യാപനത്തെ കാലത്തിന്റെ അനിവാര്യതയായി കാണാം പ്രത്യേകിച്ച് ലോകം വിരല്‍ത്തുമ്പില്‍ നിയന്ത്രിക്കപ്പെടുന്ന ഈ സമയത്ത്.

 

 

 

Tags: