തിരുവനന്തപുരത്ത് നടക്കുന്ന പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിവാദങ്ങള്‍ക്കും തിരി തെളിഞ്ഞു. മലയാള സിനിമയുടെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന മലയാള സിനിമ എന്ന് മേളയുടെ ബുക്ക്ലെറ്റുകളിലും ബുള്ളറ്റിനുകളിലും അച്ചടിച്ചതാണ് വിവാദത്തിന് കാരണം. മലയാള സിനിമ 85 വര്‍ഷം പിന്നിടുന്ന സമയത്ത് മേളയില്‍ 75 വര്‍ഷം ആഘോഷിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ തന്റെ സിനിമയായ സെല്ലുലോയ്ഡ് മേളയില്‍ നിന്നും പിന്‍വലിക്കുമെന്ന് സംവിധായകന്‍ കമല്‍ വ്യക്തമാക്കി.
എന്നാല്‍ 75ാം വാര്‍ഷികം എന്ന പ്രയോഗം ചലച്ചിത്ര മേളയുടെ മീഡിയ സെല്ലിന് പറ്റിയ പിഴവാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി. തെറ്റ് പറ്റിയ ബുള്ളറ്റിന്‍ പിന്‍ വലിക്കാന്‍ നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യ ശബ്ദചിത്രമായ ബാലനെ അടിസ്ഥാനമാക്കി മലയാള സിനിമയ്ക്ക് 75 വയസാണെന്നായിരുന്നു ചലച്ചിത്ര അക്കാദമിയുടെ നിലപാട്. അക്കാദമിയുടെ തീരുമാനത്തിനെതിരെ പ്രമുഖ സംവിധായകരായ കമല്‍, ലെനില്‍ രാജേന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടന ദിവസം തന്നെ രംഗത്ത് വന്നിരുന്നു.