ലോക സിനിമയിലേക്കുള്ള മലയാളിയുടെ ജാലകമായി മാറിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കം. പത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. നിശാഗന്ധിയിലെ ഓപ്പണ്‍ തിയേറ്ററില്‍ ഇറാന്‍ റിക്ലിസ് സംവിധാനം ചെയ്ത 'ഡാന്‍സിംഗ് അറബ്‌സ്' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഇതേസമയം കൈരളി തിയേറ്ററിലും ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. മേളയുടെ സിഗ്നേച്ചര്‍ ഫിലിമിന്റെ ആദ്യ പ്രദര്‍ശനവും നടക്കും.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കുന്ന ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബലോച്ചിയോ, വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടന ചിത്രത്തിലെ നടന്‍ തൗഫിക് ബാറോം എന്നിവര്‍ സന്നിഹിതരായി. മന്ത്രി വി.എസ്. ശിവകുമാര്‍, എം.എല്‍.എ.മാരായ കെ.മുരളീധരന്‍, എം.എ.ബേബി, മേയര്‍ കെ.ചന്ദ്രിക, ചലച്ചിത്ര- സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡിസംബര്‍ 19 വരെ തലസ്ഥാന നഗരം പൂര്‍ണമായും ചലച്ചിത്ര ലഹരിയിലാകും. വൈവിധ്യമാര്‍ന്ന പാക്കേജുകളായി 140 ലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഓപ്പണ്‍ഫോറം, പാനല് ചര്‍ച്ച, സെമിനാറുകള്‍ മേളയ്ക്ക് സമാന്തരമായി സംഘടിപ്പിക്കും 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ തുര്‍ക്കി സിനിമയാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അവതരിപ്പിക്കുന്നത്. അതുല്യചലച്ചിത്ര പ്രതിഭകളുടെ മികവ് പ്രകടമാക്കുന്ന കണ്ടംപററി മാസ്റ്റേഴ്‌സ്, റിട്രോസ്‌പെക്ടീവ് വിഭാഗങ്ങള്‍, ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമാ വിഭാഗം, മലയാള സിനിമ ഇന്ന്, ചൈനീസ് -ഫ്രഞ്ച് സിനിമകളുടെ പ്രത്യേക വിഭാഗം, ജൂറിചിത്രങ്ങള്‍, മത്സര വിഭാഗം എന്നീ ഇനങ്ങളിലായി ലോക സിനിമയുടെ വിസ്മയക്കാഴ്ചകള്‍ ഇതള്‍ വിരിയും. കലാഭവന്‍, കൈരളി, ശ്രീ, നിള, ന്യൂ തിയേറ്ററിലെ മൂന്ന് വേദികള്‍, ശ്രീകുമാര്‍, ശ്രീവിശാഖ്, ധന്യ, രമ്യ, നിശാഗന്ധി എന്നിവിടങ്ങളിലായാണ് പ്രദര്‍ശനം.