'മാതൃഭൂമി'യിൽ വരാൻ പാടില്ലായിരുന്ന തലവാചകം

Glint Staff
Wed, 04-01-2017 08:52:47 PM ;

 

മനുഷ്യനെ മനുഷ്യത്വത്തിലേക്ക് നയിക്കുന്നതാണ് സംസ്‌കാരം. ഏറിയ കൂറും ഒരു വ്യക്തി മറ്റൊരു വ്യക്തിയെ ആക്രമിക്കുന്നത് സാഹചര്യങ്ങൾ കൊണ്ടല്ല. മറിച്ച് സംസ്‌കാരം കൊണ്ടാണ്. അതിനാൽ മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പ്, വീടിനുള്ളിൽ തുടങ്ങി ഭൂമിയിലെമ്പാടും, സംസ്‌കാരത്തിന്റെ ബലത്തിലാണ്. ആ സംസ്‌കാരത്തിന് ബലം ഏകുന്നതാകണം മനുഷ്യന്റെ ഓരോ പ്രവൃത്തിയും. അത്തരം പ്രവൃത്തികളാണ് പുരോഗമന പ്രവൃത്തികൾ. ഇതിന്റെയടിസ്ഥാനത്തിലാണ് ഒരു വ്യക്തിയുടെയും സ്ഥാപനത്തിന്റെയും രാജ്യത്തിന്റെയും സംസ്‌കാരം നിർണ്ണയിക്കപ്പെടുന്നത്. ഈ സംസ്‌കാരത്തിൽ ഏറ്റവും മുഖ്യമായ പങ്കാണ് വാക്ക് നിർണ്ണയിക്കുന്നത്. കാരണം വാക്കിൽ നിന്ന്‍ പ്രവൃത്തിയും പ്രവൃത്തിയിൽ നിന്നും വാക്കും ആ വാക്കിൽ നിന്ന്‍ വീണ്ടും പ്രവൃത്തിയുണ്ടാകുന്ന ഒരു ചംക്രമണ പ്രക്രിയയെയാണ് വാക്ക് വഹിക്കുന്നത്. അതുകൊണ്ടാണ് വ്യക്തിയുടെ സത്തയെന്നത് വാക്കാണെന്ന് പറയുന്നത്.

 

മാദ്ധ്യമം എന്നതാകട്ടെ സമൂഹത്തില്‍ ഒരു വികസിത വ്യക്തിത്വമായിരിക്കേണ്ടതാണ്. കേരള സമൂഹത്തിൽ മാതൃഭൂമി ദിനപത്രത്തിന് മറ്റ് മാദ്ധ്യമങ്ങളിൽ നിന്നും വ്യതിരിക്തമായ ഒരു നേതൃസ്ഥാനമുണ്ട്. കേരളജീവിതത്തിന്റെ സംസ്‌കാരത്തെ,  എന്നുവെച്ചാൽ  കേരളീയ ജീവിതത്തെ പുരോഗമനപരമായി, വാർത്തെടുക്കുന്നതിൽ വഹിച്ച പങ്കിൽ നിന്നാണ് ആ സ്ഥാനം ആ പത്രത്തിന് ലഭ്യമായത്. ആ പത്രത്തിന്റെ ശക്തിയും അതാണ്. അതിനു ശോഷണം സംഭവിക്കുമ്പോൾ, ആ പത്രത്തിന്റെ ശോഷണം പ്രത്യക്ഷമായും പരോക്ഷമായി കേരളത്തിനും സംഭവിക്കുന്നു. ആ ഉത്തരവാദിത്വത്തിന്റെ എതിർ ദിശയിലേക്കുള്ളതായി 2017 ജനുവരി 2ലെ പത്രത്തിലെ മുഖ്യ വാർത്തയ്ക്ക് നൽകിയ തലവാചകം. മാതൃഭൂമിയിൽ ഒരിക്കലും വരാൻ പാടില്ലാതിരുന്നത്!

 

സമാജവാദി പാർട്ടി പിളർപ്പിലേക്ക് എന്ന സൂചക വാചകം മുകളിൽ ചെറുതായി കൊടുത്തിട്ട് 'അച്ഛനെ വെട്ടി അഖിലേഷ്' എന്നതാണ് മുഖ്യതലവാചകം. അതും ചുവപ്പ് നിറത്തിൽ. ഈ തലവാചകത്തിലെ രണ്ട് പ്രധാന വാക്കുകൾ അച്ഛൻ, വെട്ടി എന്നിവയാണ്. വാക്കുകൾ അതു പതിക്കുന്ന മനസ്സിൽ ചിത്രങ്ങളെ സൃഷ്ടിക്കും. ആ ചിത്രങ്ങളിലൂടെയാണ് മനുഷ്യൻ കാര്യങ്ങൾ ഗ്രഹിക്കുന്നത്. ഒരു ചിത്രം തെളിയുമ്പോൾ അതിനോട് അനുബന്ധമായ വൈകാരിക ഘടകങ്ങൾ ഉയരുകയും അവ തമ്മിലുള്ള രതിക്രീഡയിലൂടെ അവയുടെ സന്തതികൾ മനസ്സിന്റെ ബോധ-അബോധ തലങ്ങളിലേക്ക് പിറന്നു വീഴുകയും ചെയ്യുന്നു. അവിടെ വീണ്ടും അവ ആ പ്രക്രിയകളിൽ ഏർപ്പെടുന്നു. ഇതിൽ നിന്നാണ് ആ വ്യക്തിയുടെ സംസ്‌കാരം രൂപപ്പെടുന്നതും ആ വ്യക്തിയിൽ നിന്ന് ആ സംസ്‌കാരത്തിന്റെ സത്തയായ വാക്ക് ജനനം കൊളളുന്നതും. അച്ഛനെ വെട്ടി എന്നു അറിയുന്ന നിമിഷം അതു വായിക്കുന്ന വ്യക്തിയുടെ മനസ്സിൽ മസ്തിഷ്‌കം ഉണരുന്നതിനു മുൻപ് അച്ഛൻ എന്ന വാക്ക്, വൈകാരികതയേയും അതിന്റെ അർഥ തലങ്ങളേയും ഉണർത്തും. അത്, വായിക്കുന്ന വ്യക്തിയുടെ വ്യക്തിപരമായ അനുഭവമാണ്. അച്ഛനെ വെട്ടുക എന്ന ചിത്രം മിന്നൽപ്പിണർ പോലെ വന്നു പതിക്കുന്ന മനസ്സിൽ ഒരു അശനിപാതം പോലെയാകും ആ വാക്ക് വീഴുക. മകൻ അച്ഛനെ വെട്ടുന്നതിന്റെ ചിത്രം സ്വാനുഭവവുമായി ഓർക്കാൻ പലർക്കും സുഖകരമാകില്ല.

 

അച്ഛനെ ഒരു മകൻ വെട്ടിയതിന്റെ വാർത്ത അപ്പോൾ കൊടുക്കാനേ പാടില്ലേ എന്ന ചോദ്യമുയരാം. അതൊരു വെട്ടുകേസ്സിന്റെ വാർത്തയായി മനസ്സിലാക്കുന്നതോടു കൂടി സ്വാനുഭവത്തിൽ നിന്ന് തുടക്കത്തിലേ വേറിടും. എങ്കിലും അതുപോലും അസുഖകരമായ വാർത്തയായി വായനക്കാർക്കും പ്രേക്ഷകർക്കും അനുഭവപ്പെടാൻ കാരണം സ്വാനുഭവവുമായി ചേർത്തു കാണുമ്പോഴുണ്ടാകുന്ന അസ്വസ്ഥത തന്നെയാണ്. ഇവിടെ മാതൃഭൂമി മുഖ്യ തലവാചകം ചുവന്ന അക്ഷരത്തിൽ വലിപ്പത്തിലാണ് കൊടുത്തിരിക്കുന്നത്. അതും ആലങ്കാരികമായിട്ടാണ്. അലങ്കാരം എന്നത് സങ്കൽപ്പത്തിൽ ചിത്രം കണ്ട് കൂടുതൽ ഗ്രാഹ്യം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ്. സങ്കൽപ്പമാണ് മനുഷ്യനെ മറ്റു ജന്തുസമൂഹത്തിൽ നിന്ന് വേറിടീക്കുന്നതും. അതുകൊണ്ടാണ് അവയെ സൃഷ്ടിക്കുന്ന വാക്ക് മനുഷ്യന്റെ സത്തയായി കണക്കാക്കുന്നത്.

 

മുലായം സിംഗ് യാദവ് അദ്ധ്യക്ഷനായുള്ള സമാജവാദി പാർട്ടി മകന്റെ നേതൃത്വത്തിൽ പിളർന്നു എന്നതിനെയാണ് ആലങ്കാരികമായി ഈ പ്രയോഗത്തിലൂടെ വായനക്കാരിലേക്ക് വിന്യസിപ്പിച്ചിരിക്കുന്നത്. അച്ഛനും മകനും തമ്മിൽ തല്ലു കൂടുന്ന രംഗം ആൾക്കാർ കണ്ടു രസിക്കും. അതു തെരുവിലാണെങ്കിൽ വിശേഷിച്ചും. ജനക്കൂട്ടസ്വഭാവമായ അബോധാവസ്ഥയിൽ തന്നിൽ നിന്ന് അന്യമായതിനെയെന്നോണം കാണുന്നതുകൊണ്ടാണത്. അതുകൊണ്ടാണ് തെരുവിന്റെ സംസ്‌കാരം വിപരീത സംസ്‌കാരമായി കണക്കാക്കപ്പെടുന്നത്. കാരണം തെരുവിൽ അബോധാവസ്ഥയ്ക്കാണ് ആധിപത്യം. അതുകൊണ്ടാണ് അടിപിടികളും കുത്തും വെട്ടുമൊക്കെ സ്വാഭാവികമായി കൂടുതൽ ഉണ്ടാകുന്നത് തെരുവിലാകുന്നത്. തെരുവിൽ ഇവ്വിധം യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന അച്ഛനെയും മകനെയും അബോധാവസ്ഥയിലെ ആസ്വാദനക്ഷമത കൊണ്ടാണ് കാണാൻ കാണികൾ വ്യഗ്രത കാണിക്കുന്നത്. ബന്ധങ്ങൾ ശിഥിലമാവുകയും വ്യക്തി സംഘർഷത്തിലൂടെയും കടന്ന പോയ്ക്കൊണ്ടിരിക്കുന്നതാണ് വർത്തമാനകാലം. ഡിജിറ്റൽ യുഗം പഴയ തലമുറയും പുത്തൻ തലമുറയും തമ്മിലുള്ള വൈകാരിക അകലവും അതിന്റെ ആക്കവും ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം വർധിപ്പിക്കുകയും ചെയ്യുന്നു. അച്ഛൻ - മകൻ ബന്ധം ഈ പരിക്ക് ഗുരുതരമായ രീതിയിൽ നേരിടുന്നുണ്ട്. ആ ബന്ധത്തെ ഉപബോധമനസ്സിൽ പിടിച്ചു നിർത്തുന്ന ചരടുകളേയും അറുത്തു കളയുന്ന തരത്തിലായിപ്പോയി അച്ഛനെ വെട്ടുന്ന മകന് വീരപരിവേഷം ചാർത്തിക്കൊടുക്കുന്നതായ ആ ‘അച്ഛനെ വെട്ടി’ പ്രയോഗം.

 

മനുഷ്യനിലെ അക്രമ വാസനയുടെ പരിപോഷണവുമാണ് അപ്പോൾ നടക്കുന്നത്. അതു മൃഗത്തിന് താഴെ നിൽക്കുന്ന സ്വഭാവമാണ്. മൃഗത്തിന് അത് പ്രകൃതമാകയാൽ അതിൽ അസ്വാഭാവികതയില്ല. അത് പ്രകൃതി നിയമവുമാണ്. എന്നാൽ മനുഷ്യൻ സംസ്‌കാരത്തിന്റെ പശ്ചാത്തലത്തിൽ ഓരോ നിമിഷവും തെരഞ്ഞെടുപ്പു നടത്തിയാണ് ജീവിക്കുന്നത്. അതിൽ ഏത് തെരഞ്ഞെടുക്കുന്നു എന്നതാണ്  സംസ്‌കാരം നിർണ്ണയിക്കുന്നത്. ഈ തെരഞ്ഞെടുപ്പുകൾ പാളുമ്പോഴാണ് വ്യക്തിയിലും വ്യക്തികൾ തമ്മിലുമൊക്കെ സംഘട്ടനം ഉണ്ടാകുന്നതും. മനുഷ്യൻ ഓരോ വാക്ക് സംസാരിക്കുമ്പോഴും ഈ തെരഞ്ഞടുപ്പു നടത്തുന്നുണ്ട്. അതിൽ നിന്ന് ആ വ്യക്തിയുടെ സംസ്‌കാരം പ്രകടമാകും.

 

ഒരു ചോരച്ചിത്രം, അതും അച്ഛൻ മകനെ വെട്ടുമ്പോഴുണ്ടാകുന്ന ചോരച്ചിത്രം ആസ്വദിക്കുന്ന മനസ്സിൽ നിന്നു മാത്രമേ ആലങ്കാരികമായി അച്ഛനെ വെട്ടി എന്ന പ്രയോഗം വരികയുള്ളു. തെരുവിൽ ഈ സംഘട്ടനം നടക്കുമ്പോൾ ആൾക്കാർ കൂടിനിന്നു കാണുന്നതു പോലെ വായനക്കാർ കൂടുതൽ രസിക്കും എന്ന ചിന്തയായിരിക്കാം ഈ തലവാചകത്തിന് പ്രചോദനമായിട്ടുണ്ടാവുക. ഒരു പക്ഷേ ഡിജിറ്റൽ സാങ്കേതികയുഗത്തിൽ ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളും സാമൂഹ്യമാദ്ധ്യങ്ങളും അരങ്ങു തകർക്കുന്ന പശ്ചാത്തലത്തിൽ അവയുമായി പിടിച്ചു നിൽക്കാനുള്ള തന്ത്രങ്ങള്‍ക്കായുള്ള അന്വേഷണത്തിന്റെ വഴിയിലായിരിക്കാം ഇത്തരം തലവാചകങ്ങൾ ജന്മം കൊണ്ടത്. പക്ഷേ വളരെ വ്യതിരിക്തമായ ധർമ്മം ഇന്നത്തെ കലുഷപൂർണ്ണമായ മാദ്ധ്യമാന്തരീക്ഷത്തിൽ അച്ചടി മാദ്ധ്യമങ്ങൾക്ക് വഹിക്കാൻ കഴിയും. അതാണ് പത്രങ്ങളുടെ ശക്തിയും സാധ്യതയും. കാരണം ലോകം മാദ്ധ്യമ പ്രളയത്തിൽ അവ്യക്തതയിലേക്ക് കൂപ്പു കുത്തുമ്പോൾ മനുഷ്യൻ തേടുക വ്യക്തതയായിരിക്കും. വാണിജ്യപരമായും അതിനാണ് മാർക്കറ്റ്. വേനൽക്കാലത്ത് ശീതളപാനീയങ്ങളുടെ കമ്പോളം വികസിക്കുന്നതുപോലെ. ഇവിടെ അച്ഛനെ വെട്ടിയതിലൂടെ നല്ല കൊടും വേനലിൽ  ഒരഞ്ഞൂറ് ഡിഗ്രി ചൂടുള്ള തലവാചകം കൊടുത്ത് മാർക്കറ്റ് പിടിക്കാനാണ് ശ്രമം നടത്തുന്നത്. ഈ ശ്രമം, ഒട്ടും സംശയം വേണ്ട, പരാജയത്തിലേക്കു മാത്രമേ നയിക്കുകയുള്ളു. പരാജയം എപ്പോഴും ദൗർബല്യം കൊണ്ടു സംഭവിക്കുന്നതാണ്. വിജയം ശക്തിയിൽ നിന്നു മാത്രമേ സംഭവിക്കുകയുള്ളു.

 

അച്ഛനെ വെട്ടി അഖിലേഷ് എന്ന തലവാചകത്തിലൂടെ പത്രം രാഷ്ട്രീയത്തെ കാണുന്നത് വെറും വ്യക്തിപരമായ കണ്ണുകളിലൂടെയാണെന്നുള്ള സങ്കുചിത കാഴ്ചപ്പാടും സാധാരണ മനസ്സുകളിൽ പതിക്കും. ഇവിടെ അച്ഛനും മകനും തമ്മിലുള്ള യുദ്ധമല്ല നടക്കുന്നത്. അഖിലേഷ് തന്നെ ആവർത്തിക്കുന്നു, തന്റെ അച്ഛനുമായുള്ള ബന്ധത്തിന്റെ ഊഷ്മളതയിൽ ഒരു കുറവും വരുന്നില്ലെന്ന്. മുലായം സിംഗും വർത്തമാനകാല രാഷ്ട്രീയവും നീങ്ങുന്ന ദിശയിലുണ്ടാവുന്ന സ്വാഭാവിക പരിണാമമാണ് സമാജവാദി പാർട്ടിയിലും പ്രകടമായിരിക്കുന്നത്. വ്യക്തിതാൽപ്പര്യങ്ങൾക്കു മുൻതൂക്കം നൽകിക്കൊണ്ടു ജനജീവിതത്തെ പന്താടിയുള്ള രാഷ്ട്രീയം. ജനായത്ത സംവിധാനത്തിന്റെ പരാജയത്തിനും ജീർണ്ണതയ്ക്കും കാരണമാകുന്നത്. ആ ജീർണ്ണതയെ കൂടുതൽ ജീർണ്ണിപ്പിക്കുന്നതായിപ്പോയി അച്ഛനെ വെട്ടിയെന്ന തലവാചകം. കാരണം അച്ഛനെ വെട്ടുന്നത് പാപമാണ് എന്ന ബോധത്തെ ഉണർത്തിയാണ്, അസാധാരണമായതിനെ ഉയർത്തിക്കാട്ടി ആ തലവാചകം കൊടുത്തിരിക്കുന്നത്. അരുതാത്തത് അഖിലേഷ് ചെയ്തു എന്നും ആ തലവാചകം അർഥം നൽകുന്നു. അതുകൊണ്ടാണ് ആ തലവാചകം പിറന്നത്. മോറൽ പോലീസുകാർ നാട്ടിലുടനീളം ഉണ്ടാവുന്നതിന്റെ സാംസ്‌കാരിക ധാതുലവണങ്ങളും ഇതു തന്നെ. സംസ്‌കാരം അപ്പടി അദൃശ്യമാണ്. അത് മോശമായ പ്രവൃത്തിയായി പ്രകടമാകുമ്പോഴാണ് അതിനെ കാണാൻ കഴിയുക. അതുകൊണ്ടാണ് മോറൽ പോലീസിംഗ് എവിടെയെങ്കിലും കാണുമ്പോൾ മാദ്ധ്യമങ്ങൾ എതിർക്കുന്നത്. അവരറിയിയുന്നില്ല അവർ തന്നെയാണ് ഇവയുടെ പ്രത്യക്ഷവും പരോക്ഷവുമായ സൃഷ്ടാക്കളെന്ന്.

 

കേരളജീവിതത്തിന്റെ കോശാന്തരങ്ങളിൽ സാംസ്‌കാരികമായ സ്വാധീനം ചെലുത്തുന്ന പത്രമെന്ന നിലയ്ക്ക് മാതൃഭൂമി ഈ തലവാചകം കൊടുക്കാൻ പാടില്ലാത്തതായിരുന്നു. തെറ്റുകൾ പറ്റുക സ്വാഭാവികം. അതിനാൽ തിരുത്തുക അല്ലെങ്കിൽ തിരിച്ചറിയുക എന്നതാണ് തെറ്റ് ചെയ്യാതിരിക്കുന്നതിനേക്കാൾ മുന്തിയ സാംസ്‌കാരിക പ്രവൃത്തി. അതിനുള്ള ശേഷിയുമുള്ള പത്രമാണ് മാതൃഭൂമി. ശക്തിയെ തിരിച്ചറിയാതിരിക്കുന്നതാണ് ഏറ്റവും വലിയ ദൗർബല്യം. ഇന്ന് കേരളം നേരിടുന്ന പ്രതിസന്ധിയും അതു തന്നെ. ദൗർബല്യങ്ങളുടെ നടുവിൽ ശക്തിക്കാണ് കമ്പോളമെന്ന തിരിച്ചറിവ് അച്ചടിമാദ്ധ്യമങ്ങൾക്കുണ്ടാകുന്ന പക്ഷം പുത്തൻ മാദ്ധ്യമങ്ങൾ ഉയർത്തുന്ന വെല്ലുവിളി അവസരമായി പരിണമിക്കും. സംശയമില്ല.

Tags: