Skip to main content

 

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം രാജാജി ഹാളിൽ നിന്നും മറീന ബീച്ചിലേക്ക് വിലാപയാത്രയായി വരുന്നു. ആ സമയം എൻ.ഡി.ടി.വിയുടെ ശ്രീനിവാസ് ജയിന്‍ തമിഴ്നാട്ടിലെ മാറുന്ന രാഷ്ട്രീയത്തെക്കുറിച്ച് ചർച്ചയും തന്റേതായ വിശകലനവും നടത്തുന്നു. വിശകലനത്തിൽ മുഖ്യമായും അദ്ദേഹം ആശ്രയിച്ചത് ജാതി സമവാക്യങ്ങളെ. അവയെ അവതരിപ്പിച്ച രീതിയായിരുന്നു എന്നാല്‍ ശ്രദ്ധേയം. ജാതിയാണ് തമിഴ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം എന്ന നിലയ്ക്കാണ് ജെയിനിന്റെ വിശകലനം നീങ്ങിയത്. ഇത് തമിഴ് ജനതയെ ആക്ഷേപിക്കുന്നതും ഒപ്പം ജന്ത്യൻ ജനായത്ത സംവിധാനത്തെ ബോധപൂർവ്വം ജാതി-മത പരിഗണനകളിലേക്ക് നയിക്കുന്നതുമായിപ്പോയി. പിറ്റേന്ന്, ജയലളിത മരിച്ച ദിവസം രാത്രിയിൽ അവരുടെ തോഴി ശശികല നടത്തിയ അട്ടിമറിയെ കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടുമായെത്തി. തൊട്ടുപിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ എൻ.ഡി.ടി.വി ക്കെതിരെ ശക്തമായ പ്രതിഷേധമിരമ്പി. ബ്രാഹ്മണരുടെ എൻ.ഡി.ടി.വിക്ക് നമ്മൾ തേവർ മക്കൾ മുഖ്യമന്ത്രിയാകുന്നത് അംഗീകരിക്കാൻ കഴിയുന്നില്ല എന്ന സ്വരത്തിലുള്ളതായിരുന്നു പ്രതിഷേധങ്ങളെല്ലാം.

 

ജനായത്ത സംവിധാനത്തിൽ ജാതി-മത വിഷം കലർത്തുന്നത് രാഷ്ട്രീയ കക്ഷികളേക്കാൾ മാധ്യമങ്ങളാണെന്ന് ആരോപണമുണ്ടായാൽ അതു നിഷേധിക്കാൻ പറ്റാത്ത വിധമായിപ്പോയി എൻ.ഡി.ടി.വിയുടെ തമിഴ്നാട് രാഷ്ട്രീയ വിശകലനം. പുരോഗമനം, മതേതരത്വം, ഉയർന്ന ചിന്താഗതി, ജേർണലിസത്തിലെ മികവ് എന്നിവ അവകാശപ്പെടുകയും ഒരു പരിധി വരെ അതിന്റെ തലവൻ പ്രണോയ് റോയിയുടെ നേതൃത്വത്താൽ ആ ധാരണയ്ക്ക് പ്രചാരവുമുള്ള വാര്‍ത്താചാനലാണ്‌ എൻ.ഡി.ടി.വി. ജയലളിതയുടെ തോഴി ശശികലയും മുഖ്യമന്ത്രി ഒ. പന്നീർ ശെൽവ്വവും തേവർ സമുദായക്കാരാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് വിശകലനം തുടങ്ങുന്നത്. തമിഴ്നാട്ടിലെ പ്രബല സമുദായമാണ് തേവർ വിഭാഗമെന്നും അതിനാൽ ആ വിഭാഗത്തെ അവഗണിച്ചു കൊണ്ട് തമിഴ്നാട് രാഷട്രീയത്തിന് മുന്നേIറാൻ കഴിയില്ലെന്നുമൊക്കെയാണ് ശ്രീനിവാസ് ജയിനിന്റെ വിശകലനം നീണ്ടുപോയത്.

 

ശരിയാണ്, സമുദായ വികാരവും അതിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികളും അതൊക്കെ ശക്തിക ചേരികളും യാഥാര്‍ത്ഥ്യം തന്നെ. എന്നാൽ ജാതി-മത പരിഗണനകള്‍ മാത്രമല്ല തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമാകുന്നത്. ജാതി-മത-ദേശ വ്യത്യാസങ്ങളെ നോക്കാതെ നേതാക്കളെ അംഗീകരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനവും തമിഴ് നാടാണ്. തീവ്ര വൈകാരികതയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ് തമിഴ് സമൂഹം. അതു പോലെ ആത്മവിശ്വാസവും ഏറ്റവും കൂടുതലുള്ള സമൂഹം. ചരിത്രത്തിന്റെ ഗതിവിഗതികളും സംസ്കാരത്തിന്റെ ആഴത്തിലുള്ള വേരുകളാലുമായിരിക്കാം ഈ വൈരുദ്ധ്യം തമിഴ് ജനതയിൽ പ്രകടമാകുന്നത്. ഇന്ത്യയിൽ ഒരു സംസ്ഥാനം പൈതൃക സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ തമിഴ്നാടിനെ പരിഗണിച്ചതിന് ശേഷമേ മറ്റിടങ്ങളിലേക്ക് തിരിയാൻ പറ്റുകയുള്ളു. ലോകാത്ഭുതങ്ങളായി നിലകൊള്ളുന്ന മധുരമീനാക്ഷി ക്ഷേത്രം, തഞ്ചാവൂർ ബൃഹദ്ദീശ്വര ക്ഷേത്രം, കാഞ്ചീപുരത്തെ വൈവിദ്ധ്യമാർന്ന ക്ഷേത്രസമുച്ചയങ്ങൾ എന്നിവയുടെ നാടാണ് തമിഴകം. അതു പോലെ കോവിലില്ലാത്ത ഇടങ്ങളുമില്ല. മറ്റൊരിടത്തുമില്ലാത്ത പോലെ ചെന്നൈ നഗരമുൾപ്പടെ തമിഴകം വൈകുന്നേരമായാൽ ക്ഷേത്ര മണികളാൽ മുഖരിതമാകുന്നു. ഈ തമിഴകത്തിലാണ് നിരീശ്വരവാദത്തിന്റെ പേരിൽ ദ്രാവിഡ പാർട്ടികൾ ജന്മമെടുത്ത് സംസ്ഥാനത്തിന്റെ ഗതിയെ നിയന്ത്രിക്കുന്ന രീതിയില്‍ വളർന്നു പന്തലിച്ചത്. തുടക്കത്തിൽ ഒരു മൺ വിഗ്രഹം ഉടച്ചു കൊണ്ടായിരുന്നു ഡി.എം.കെയുടെ പൊതുയോഗങ്ങളും പരിപാടികളും ആരംഭിച്ചിരുന്നത്. അതേ ജനത തന്നെയാണ് തങ്ങളുടെ പ്രിയപ്പെട്ട നടി ഖുഷ്ബുവിന്റെ പ്രതിഷ്ഠ നടത്തി അവരുടെ ക്ഷേത്രം സ്ഥാപിച്ചത്. നിരീശ്വരവാദം അടിസ്ഥാനമായ ഈ ദ്രാവിഡ പാർട്ടികൾക്ക് ആധിപത്യമുള്ള തമിഴ്നാട്ടിൽ നിന്നാണ് കൃത്യമായി 41 ദിവസത്തെ വ്രതമനുഷ്ഠിച്ച് ശബരിമലയിലെത്തുന്ന ഭക്തരിൽ ഭൂരിഭാഗവും. അതിവൈകാരികതയിൽ അവർ ഭേദങ്ങൾ മറക്കുന്നു. അതുകൊണ്ടാണ് മലയാളിയായ എം.ജി.ആറിനേയും മഹാരാഷ്ട്രാക്കാരനായ ശിവാജി റാവു ഗെയ്ക്ക്വാദെന്ന രജനികാന്തിനേയും വടക്കേ ഇന്ത്യക്കാരിയായ ഖുഷ്ബുവിനെയുമൊക്കെ അംഗീകരിക്കാനും ആരാധിക്കാനും കഴിയുന്നത്. ബ്രാഹ്മണ സ്ത്രീയും തികഞ്ഞ ഭക്തയുമായിരുന്ന ജയലളിത തമിഴ് വംശജയാണോ അതോ കർണ്ണാടകക്കാരിയോ എന്നൊന്നുമാലോചിക്കാതെയാണ് തമിഴ് മക്കൾ ജയലളിതയെ അമ്മയായി ഏറ്റതും.

 

ഈ വൈരുദ്ധ്യങ്ങളും യാഥാർഥ്യങ്ങളുമൊക്കെ കൺമുന്നിൽ കത്തിനിൽക്കുമ്പോഴാണ് മതേതരത്വത്തിന്റെ കാവലാൾ എന്ന പ്രതിഛായയുടെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തനം നടത്തുന്ന എൻ.ഡി.ടി.വി ഈ രീതിയിൽ തമിഴ് ജനതയിലേക്ക് സാമുദായിക-വര്‍ഗ്ഗീയ വിഷം ഇറ്റിക്കുന്നത്. മറ്റ് മാധ്യമങ്ങളും ഈ ദിശയിൽ തന്നെ കാര്യങ്ങളെ കാണുന്നു. ഇതവസരമാക്കിക്കൊണ്ട് അധികാര മോഹികൾ വർഗ്ഗീയതയെ ഉപയോഗിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികം. കാരണം, മാധ്യമങ്ങളിലൂടെ അധികാരം പങ്കിടലിന് സമുദായ പരിഗണന മാനദണ്ഡമെന്ന വണ്ണം പൊതു സമൂഹത്തിൽ അംഗീകാരം ലഭിക്കുന്നു. മതേതരത്വം അവകാശപ്പെട്ടുകൊണ്ട് ജാതി-മത-ദേശ ഭേദ വിഷം സമൂഹത്തിലേക്ക് മാധ്യമങ്ങൾ ഇറ്റിച്ചു വീഴ്ത്തുന്നതിന്റെ നല്ല ഉദാഹരണമാണിത്. സൂക്ഷ്മമായ പഠനം ആവശ്യമായ സാമൂഹ്യ ശാസ്ത്രമായ മാധ്യമ പ്രവർത്തനം നടത്താനുള്ള എളുപ്പ-കുറുക്കു വഴി കൂടിയാണ് ഇത്തരം മാധ്യമപ്രവർത്തനം. ഇതാണ് ആർക്കും ഒരു തയ്യാറെടുപ്പുമില്ലാതെ തെരുവിലേക്കിറങ്ങി നടത്താവുന്നതാണ് മാധ്യമ പ്രവർത്തനമെന്ന ധാരണ ഉണ്ടാവാൻ കാരണം. മാധ്യമ പ്രവർത്തനത്തിന്റെയും പ്രവർത്തകരുടെയും മാന്യത നശിക്കാനും കാരണം ഇതാണ്.