നേതാക്കൾ അവസാന വാക്പ്രയോഗവും നടത്തി; ഇനി അടിയ്ക്ക് കാത്തിരിക്കാം

Glint Staff
Fri, 01-07-2016 04:12:32 PM ;

 

സാധാരണ തെരുവിൽ അവിചാരിതമായി സംഘട്ടനമുണ്ടാകാറുള്ളത് വ്യക്തികൾ തമ്മിൽ വാക്കേറ്റം മൂക്കുമ്പോഴാണ്. വാക്കേറ്റം മൂത്ത് കൈയ്യേറ്റത്തിലേക്ക് തിരിയുന്ന ഒരു നിമിഷം ഏതു വാക്കേറ്റത്തിനുമുണ്ടാകും. അതു മിക്കപ്പോഴും വാക്കേറ്റം നടത്തുന്നവരിൽ ഒരാൾ തന്തയ്ക്കു വിളി പ്രയോഗം നടത്തുന്നതിനാലാവും. തെരുവു സംഘട്ടനങ്ങളുടെ സ്വഭാവം പരിശോധിച്ചാൽ ഇത് മനസ്സിലാക്കാവുന്നതേ ഉള്ളു. കേരള രാഷ്ട്രീയത്തിന്റെ നിലവാരം ആ അവസ്ഥയിലേക്ക് പ്രകടമായി എത്തിക്കഴിഞ്ഞു. ഇതാണ് തെരുവിലെ അടിപിടികളിലും അക്രമങ്ങളിലും ഏർപ്പെടുന്നവർക്കു പോലും എം.എൽ.എയും മന്ത്രിയുമൊക്കെ ആകാൻ അവസരമൊരുക്കുന്നതും ആത്മവിശ്വാസം നൽകുന്നതും. മുൻ ചലച്ചിത്ര വകുപ്പു മന്ത്രിയും എം.എൽ.എയുമായ കെ.ബി ഗണേഷ് കുമാറും മുൻ മന്ത്രി ഷിബു ബേബി ജോണും തമ്മില്‍ ചാനൽ സമക്ഷം നടന്ന വാക്കേറ്റം കേരള രാഷ്ട്രീയത്തിന്റെയും കേരളത്തിലെ മാദ്ധ്യമങ്ങളുടെയും നിലവാരം എവിടെയാണെന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്നു. തീർച്ചയായും മലയാളിയുടെ സൂചിക കൂടിയാണത്.

 

സീരിയലുകൾ മലയാളികളെ മനോരോഗികളാക്കുമെന്ന നിഗമനത്താൽ അവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനു വേണ്ടി കേരള സർക്കാർ കേന്ദ്രത്തോട് അനുമതി ചോദിച്ചിരിക്കുന്നു. എന്നാൽ സീരിയലുകളേക്കാൾ അപകടമാണ് കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകരുടെ ഭാഷണങ്ങൾ. മിക്കവർക്കും സംഭാഷണം അന്യമായി കഴിഞ്ഞിരിക്കുന്നു. സീരിയലുകൾ അവയ്ക്ക് അടിമകളായ ഒരു വിഭാഗമാണ് കാണുന്നത്. എന്നാൽ വാർത്ത പൊതുവായി എല്ലാവരും കാണുന്നു. വാർത്തയിൽ വരുന്നവരിൽ കൂടുതൽ ആൾക്കാരും നാടിനെ നയിക്കുന്നവരാണ്. അവരുടെ ഭാഷണങ്ങളും നിലപാടുകളുമാണ് നാടിന്റെ ഗതിയെ നിയന്ത്രിക്കുന്നത്. ഷിബു ബേബി ജോണിന്റെയും ഗണേഷ്‌ കുമാറിന്റെയുമൊക്കെ ഭാഷണം കേൾക്കുന്ന കുട്ടികളിലേക്ക് അവരറിയാതെ വിന്യസിക്കപ്പെടുന്ന സംസ്കാരം അപകടകരമാണ്. ആ സംസ്കാരം സമൂഹത്തിന് ദ്രോഹം വരുത്തുന്നതാണെന്നുളളതിന് യാതൊരു സംശയവുമില്ല. എല്ലാവരും ഒരു ദിവസം നഗ്നരാകാൻ തീരുമാനിച്ചാൽ നഗ്നത എന്നൊന്നില്ലാതാകും. അതിനോടനുബന്ധിച്ചുള്ള വികാരങ്ങളും അപ്രത്യക്ഷമാകും. അതുപോലെയാണ് ഈ സാംസ്കാരിക പ്രകടനങ്ങളും. ജനപ്രതിനിധികൾ തമ്മിലുള്ള ഭാഷണങ്ങൾ തന്തയ്ക്കു വിളിയും അനുബന്ധ പുലഭ്യം പറച്ചിലുമൊക്കെയാകുമ്പോൾ സാധാരണ മനുഷ്യരില്‍ ഉണ്ടാകുന്ന സ്വാധീനം വിവരണാതീതമാണ്. ഏതു വൃത്തികേടും പൊതുജനസമക്ഷം വിളിച്ചുപറയാൻ ഈ നേതാക്കൾക്ക് ലജ്ജ എന്ന അംശം തെല്ലും തോന്നുന്നില്ലെന്നുള്ളത് നമ്മുടെ സമൂഹത്തിന്റെ അവസ്ഥയെയും സൂചിപ്പിക്കുന്നു.

 

സമൂഹത്തിൽ സാംസ്കാരികമായി പിന്നാക്കം നിൽക്കുന്നവരും രാഷ്ട്രീയം എന്നുവെച്ചാൽ സ്വലാഭത്തിനു വേണ്ടിയുള്ളതാണെന്ന്‍ ആത്മാർഥമായി വിശ്വസിക്കുന്നവരും രാഷ്ട്രീയത്തിലേക്കും അധികാരത്തിലേക്കുമൊക്കെ കടന്നുവെന്നെന്നിരിക്കും. ജനാധിപത്യത്തിന്റെ സാധ്യതാ വഴിയിലൂടെ സംഭവിക്കുന്നതാണത്. ആ പോരായ്മ പോലും ജനാധിപത്യത്തിന്റെ ശക്തിയാണ്. അങ്ങനെയുള്ളവർ പറയുന്നത് സമൂഹത്തെ കാണിക്കുകയും കേൾപ്പിക്കുകയുമല്ല മാദ്ധ്യമപ്രവർത്തനവും മാദ്ധ്യമ ധർമ്മവും. ഇപ്പോൾ ഇവർ മലയാളക്കരയിൽ ഒരു വ്യക്തിയെ പ്രകോപിപ്പിക്കാവുന്ന ഏറ്റവും വലിയ പ്രയോഗമായ തന്തയ്ക്ക് വിളി പ്രയോഗം നടത്തി. ഇനി ശാരീരിക സംഘട്ടനത്തിന് മുൻപ് അവശേഷിക്കുന്നത് ചില ചേഷ്ടകളാണ്. ആ ചേഷ്ടകള്‍ ചിലപ്പോൾ മറച്ചു വയ്‌ക്കേണ്ട ചില ശരീരഭാഗങ്ങൾ കാട്ടിയുമായിരിക്കും. ഇപ്പോഴത്തെ മാനദണ്ഡമനുസരിച്ച് കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ അതും കാണിക്കുമെന്നു പ്രതീക്ഷിക്കാം.

 

ഇവിടെ വാർത്ത ഗണേഷ് കുമാർ വ്യക്തിപരമായി ഷിബു ബേബി ജോണിനെ വാക്കു കൊണ്ട് ആക്രമിക്കുകയും തിരിച്ച് ഷിബു ബേബി ജോൺ ഗണേഷ് കുമാറിനെ തന്തയ്ക്കു വിളിക്കുകയും ചെയ്തതല്ല. ഈ വിധം ഇവർ പെരുമാറാനുണ്ടായ സാഹചര്യവും ഇങ്ങനെ പെരുമാറിയതിലൂടെ ഇവർ പൊതുരംഗത്ത് തുടരാൻ അർഹരല്ല എന്ന് ജനത്തിന് ബോധ്യമാകുന്ന വിധമുള്ള റിപ്പോർട്ടുകൾ അഥവാ സ്‌റ്റോറികൾ നൽകി ഇവർ സ്വയം പൊതുരംഗത്തു നിന്നു മാറിനിൽക്കാൻ പര്യാപ്തമായ നിലയിലേക്ക് പൊതുജനാഭിപ്രായവും ബോധ്യവും സൃഷ്ടിക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. തത്സമയമുള്ള സംപ്രേഷണമാണെങ്കിൽ പോലും പൊതുസമൂഹം കേൾക്കേണ്ടതല്ലാത്ത ഭാഷണങ്ങളും പ്രതികരണങ്ങളും ഒഴിവാക്കാനുള്ള സാമർഥ്യവും ശേഷിയുമാണ് ദൃശ്യമാദ്ധ്യമപ്രവർത്തകർക്ക് അവശ്യം വേണ്ടത്. ആ രീതിയിലേക്ക് അവരെ പരുവപ്പെടുത്താൻ പ്രാപ്തരായ എഡിറ്റർമാരും.

 

ഒരു വ്യക്തി മറ്റൊരു വ്യക്തിയെ കുറിച്ച് പരാമർശം നടത്തുകയോ വിലയിരുത്തുകയോ ചെയ്യുമ്പോൾ ആ വ്യക്തി അപരനെ വിലയിരുത്തുന്നതിനു പകരം സ്വയം നിർവചിക്കുകയാണെന്നുളള പരിമിത ബോധമെങ്കിലും മാദ്ധ്യമങ്ങൾ വച്ചു പുലർത്തേണ്ടത് ഇന്നിന്റെ ആവശ്യമാണ്. അല്ലാതെ അശ്ലീലം പറയുന്നവരുടെ പയറ്റുവേദിയായി ചാനൽ സ്‌ക്രീനുകൾ മാറരുത്.

Tags: