കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര ഐ പി എസ് ഉദ്യോഗസ്ഥനാണ്. കേരളാ പോലീസിന്റെ നേതൃത്വപരമായ ശേഷിയാണ് അത്തരം ഉദ്യോഗസ്ഥനീലൂടെ പ്രകടമാകേണ്ടത്. എന്നാല്‍ മര്‍ദ്ദനത്തില്‍ കൗതുകം കണ്ടെത്തുന്ന ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതയാണ് യതീഷ് ചന്ദ്രയിലൂടെ വ്യക്തമാകുന്നത്. ഇതു കേരളാ പോലീസ് വിഭാവനം ചെയ്യുന്ന ജനമൈത്രീ പോലീസ് എന്ന സങ്കല്‍പ്പത്തിന്റെ നേര്‍ വിപരീത ദിശയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകും.രണ്ടു വര്‍ഷം മുന്‍പ് അങ്കമാലിയില്‍ ലക്കും ലഗാനവുമില്ലാതെ സമരക്കാരെ തല്ലുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നതിലൂടെയാണ് യതീഷ് ചന്ദ്ര അറിയപ്പെടുന്നത്. അതിനു ശേഷം പുതുവൈപ്പിനില്‍ സമാധാനപരമായി സമരം ചെയ്തിരുന്നവര്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടപ്പോഴും.
ഒരു കോണ്‍സ്റ്റബിള്‍ പോലും യതീഷ് ചന്ദ്രയെ പോലെ ജനങ്ങളെ മര്‍ദ്ദിക്കുന്നതും പൊതുനിരത്തില്‍ വികാരവിക്ഷോഭം കൊള്ളുന്നതും പെരുമാറാന്‍ പാടില്ല. കാരണം അത്തരത്തിലൊരു സമീപനമാണ് പോലീസില്‍ നിന്നും ഉണ്ടാകേണ്ടത്. നേതൃത്വത്തിലുള്ളവരുടെ സമീപനമാണ് കോണ്‍സ്റ്റബിള്‍മാരിലൂടെ പ്രകടമാകേണ്ടത്. എന്നാല്‍ സമചിത്തതയുള്ള കോണ്‍സ്റ്റബിളിനു പോലും പുഛ്ം തോന്നും വിധമാണ് യതീഷ് ചന്ദ്രയുടെ പെരുമാറ്റം.
യതീഷ് ചന്ദ്രയുടേത് കേരളാ പോലീസിന്റെ പൊതു നയമല്ല. എന്നാല്‍ പണ്ടത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ രണ്ടും മൂന്നും ക്ലാസ്സുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ കള്ളനും പോലീസും കളിക്കാറുണ്ടായിരുന്നു. ആ കുട്ടികളുടെ മനസ്സിലുള്ള പോലീസിനെക്കുറിച്ചുള്ള ധാരണയാണ് ഐ പി എസ് ഓഫീസറായ യതീഷ് ചന്ദ്രയിലുമുള്ളതെന്നാണ് തോന്നുന്നത്. പോലീസ് എന്ന് കേട്ടാല്‍ പേടിക്കണം എന്നത് ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആവശ്യകതയായിരുന്നു. ജനായത്ത സംവിധാനത്തില്‍ പോലീസ് എന്നത് ജനജീവിതം ശാന്തമായി കൊണ്ടുപോകുന്നതിനു സഹായത്തിനുള്ളതാണ്. പോലീസ് എന്നു കേട്ടാല്‍ സാധാരണക്കാര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും സുരക്ഷിതത്വബോധവും ഉണ്ടാകണം. എന്നാല്‍ യതീഷ് ചന്ദ്രയെപ്പോലുള്ളവര്‍ പോലിസിനെ വെറും മര്‍ദ്ദനോപകരണമെന്ന രീതിയില്‍ തരം താഴ്ത്തുകയാണ് ചെയ്യുന്നത്.
പോലീസ് ആസ്ഥാനങ്ങളിലെല്ലാം പിച്ചളയില്‍ കുറിച്ചുവച്ചിട്ടുള്ള വാചകമാണ് 'മൃദുഭാവേ ദൃഢകൃത്യേ' എന്നത്. അതാണ് പോലീസിനെക്കൊണ്ട് ജനായത്ത സംവിധാനം ഉദ്ദേശിക്കുന്നത്. അവര്‍ക്ക് നല്‍കപ്പെടുന്ന പരിശീലനം എന്താണെന്ന് വ്യക്തമല്ല. എന്നിരുന്നാലും ഉദാത്തമായ കാര്യങ്ങളൊക്കെ പഠിപ്പിക്കാറുണ്ടെന്നാണ് പുറത്തറിയപ്പെടുന്ന കാര്യങ്ങളില്‍ നിന്ന് ബോധ്യമാകുന്നത്. ഡോ.അലക്‌സാണ്ടര്‍ ജേക്കബ് പോലീസ് ട്രെയിനിംഗിന്റെ മേധാവിയായിരുന്നപ്പോള്‍ കൊണ്ടുവന്ന നിരവധി പരിഷ്‌കാരങ്ങള്‍ പോലീസിലെ മനുഷ്യനെ മുന്നിലേക്കു കൊണ്ടുവരുന്നതായിരുന്നു. അതിന്റെ പ്രതിഫലനം ഇന്ന് നിരത്തില്‍ നില്‍ക്കുന്ന വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരിലും ചീത്ത വിളി അകന്ന പോലീസ് സ്‌റ്റേഷനുകളിലൂടെയുമൊക്കെ പ്രകടമാകുന്നുണ്ട്.
കേരളാ പോലീസില്‍ ഗുണകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നുള്ളത് ശ്രദ്ധേയം തന്നെ. അതിനൊരു കാരണം കോണ്‍സ്റ്റബിള്‍മാരായി വരുന്നവരില്‍ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. എന്നാല്‍ വിദ്യാഭ്യാസവും സംസ്‌കാരവും തമ്മില്‍ ബന്ധമില്ല എന്നു സൂചിപ്പിക്കുന്നു യതീഷ് ചന്ദ്രയെപ്പോലുള്ളവര്‍. പുതുവൈപ്പിനില്‍ നിരായുധരായി സമരം ചെയ്ത സ്ത്രീകളടക്കുമുള്ള ഒരു ചെറുസമൂഹത്തെ ബുദ്ധിപരമായി അറസ്റ്റ് ചെയ്ത് നീക്കാനോ അല്ലെങ്കില്‍ അവരെ അക്രമാസക്തരാകുന്നതില്‍ നിന്നു പിന്തിരിപ്പിക്കാനോ യതീഷ് ചന്ദ്രയ്ക്ക കഴിവില്ലെന്നാണ് പുതുവൈപ്പിനിലെ പോലീസ് നടപടി വ്യക്തമാക്കുന്നത്. ഏറ്റവും ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യതമാത്രമുള്ള കോണ്‍സ്റ്റബിളും ചെയ്യുന്ന നടപടി മാത്രമാണ് പുതുവൈപ്പിനില്‍ യതീഷ് ചന്ദ്ര ചെയ്തത്. കേരളാ പോലീസിന്റെ കഴിവുകേടാണ് പോലീസ് ബലപ്രയോഗത്തിലൂടെ തെളിഞ്ഞത്.
യതീഷ് ചന്ദ്രയെന്ന യുവാവിന്റെ വ്യക്തിത്വത്തില്‍ ഉള്ള വൈകല്യമാണ് ഇത്തരത്തില്‍ അക്രമത്തിനു അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. അങ്കമാലിയിലെ ലാത്തിച്ചാര്‍ജ്ജിലെ രംഗത്തില്‍ ഈ യുവഓഫീസര്‍ മര്‍ദ്ദനത്തിലേര്‍പ്പെടുമ്പോള്‍ ആ ശരീരഭാഷയില്‍ അത് പ്രകടമാണ്. ബാല്യകാലത്ത് വിഷാദസമമായ അന്തരീക്ഷത്തില്‍ കഴിഞ്ഞ കുട്ടികളില്‍ ചിലര്‍ തങ്ങളുടെ വിഷാദത്തില്‍ നിന്നും കരകയറുന്നതിന് ജീവിതത്തിന്റെ പടവുകളെ കാണാറുണ്ട്. അവര്‍ ഭൗതികമായി ജീവിതത്തില്‍ വിജയിക്കും.അത്തരം ബാല്യവിഷാദത്തിന്റെ ഫലമായി മനസ്സിന്റെ അടിത്തട്ടില്‍ ഒടുങ്ങാത്ത പക കിടക്കുന്ന വ്യക്തിത്വത്തെപ്പോലെയുണ്ട്് അദ്ദേഹത്തിന്റെ പെരുമാറ്റം. ബാല്യത്തില്‍ ഇദ്ദേഹത്തിനുള്ളില്‍ മുറിവുണ്ടാക്കിയതില്‍ മുതിര്‍ന്നവര്‍ക്കാണ് പങ്കുണ്ടാകാനാണ് സാധ്യത. മുതിര്‍ന്നവരെ മര്‍ദ്ദിക്കുന്നതില്‍ പ്രത്യേക വിനോദം ഈ ഓഫീസര്‍ കണ്ടെത്തുന്നുണ്ട്.
എത്ര ക്രൂരരായ പോലീസുകാരാണെങ്കിലും പ്രായം ചെന്നവരെ എത്ര ലാത്തിച്ചാര്‍ജ്ജിനിടയിലാണെങ്കിലും ചിലപ്പോള്‍ ഒഴിവാക്കാറുണ്ട്. അതൊരു പൊതു സംസ്‌കാരത്തിന്റെ ഭാഗമായി അവരില്‍ നിഴലിക്കുന്നതാണ്. വയസ്സു ചെന്ന ഒരാളെ കാണുമ്പോള്‍ അറിയാതെ അയാളിലേക്ക് സനേഹം ചൊരിഞ്ഞ മുത്തച്ഛനെയോ ചിലപ്പോള്‍ പ്രായം ചെന്ന അച്ഛനെയോ ഒക്കെ ഓര്‍മ്മിപ്പിക്കുന്നതുകൊണ്ട്. അതിനുമുപരി പ്രായം ചെന്ന മനുഷ്യന്റെ ബലമില്ലായ്മയും ലാത്തിപ്രയോഗത്തില്‍ നിന്ന് പോലീസുകാരെ പിന്തിരിപ്പിക്കുന്ന ദൃശ്യങ്ങള്‍ മിക്കപ്പോഴും കാണാന്‍ കഴിയും. എന്നാല്‍ പ്രായമുള്ളവരെ ക്രൂശിക്കുന്നതില്‍ യതീഷ് ചന്ദ്ര ആനന്ദം കണ്ടെത്തുന്നു. ഇതൊരു ബാല്യത്തിന്റെ പകയാകാനാണ് സാധ്യത.
വ്യക്തിപരമായ സ്വഭാവ വൈകല്യമുള്ള വ്യക്തികളെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അവര്‍ കൂടുതല്‍ ഊര്‍ജ്ജം പ്രസരിപ്പിക്കുന്നവരായിരിക്കും. അതുകൊണ്ട് അവരെ കൂടുതല്‍ സൃഷ്ടിപരമായി ഉപയോഗിക്കാന്‍ പറ്റുന്ന ഇടങ്ങളില്‍ ഉപയോഗിച്ച് അവര്‍ക്കും പോലീസ് സേനയ്ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന വിധം അവരുടെ സേവനം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. പോലീസ് സേനയില്‍ മാനവവിഭശേഷി വിനിയോഗത്തിന്റെ ശാസ്ത്രീയ പ്രയോഗരാഹിത്യത്തിന്റെ ഫലമാണ് പോലീസിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധം പ്രവര്‍ത്തിക്കുന്ന പോലീസുദ്യോഗസ്ഥര്‍ നിര്‍ണ്ണായക പദവികളിലരിക്കുന്നത്.