മാധ്യമങ്ങള്‍ ബാലിശ്ശമായ റിപ്പോര്‍ട്ടിംഗിലൂടെ നിസ്സാരവല്‍ക്കരിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍

Glint desk
Sat, 20-03-2021 12:39:41 PM ;

മാധ്യമങ്ങളിലിപ്പോള്‍ കൂടുതലും കാണുന്നത് ബാലിശ്ശമായ റിപ്പോര്‍ട്ടിംഗുകളാണ്, ഒരു ചെറിയ കുട്ടി കാര്യങ്ങളെ കാണുന്ന അവസ്ഥ. എന്താണോ കണ്ണില്‍ കാണുന്നത് അത് അതേപോലെ പറയുക. അതിലെ വസ്തുത എന്താണെന്നോ എന്ത് സന്ദര്‍ഭമാണ് അത്തരത്തിലൊരു അവസ്ഥയിലേക്ക് നയിച്ചതെന്നോ അതിന്റെ പശ്ചാത്തലമെന്താണെന്നോ അന്വേഷിക്കാതെ വരുന്ന അവസ്ഥ. ഏറ്റവും ഒടുവിലത്തെ ബാലിശ്ശമായ റിപ്പോര്‍ട്ടിങിന്റെ ഉദാത്തമായ ഉദാഹരണമാണ് 2021 മാര്‍ച്ച് 20ന് പത്രങ്ങളില്‍ വന്ന പ്രാതല്‍ വൈകി, ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു എന്ന വാര്‍ത്ത. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ പുത്തൂരിന് അടുത്താണ് ഈ സംഭവമുണ്ടായത്. 63 വയസ്സുകാരനായ ഭര്‍ത്താവ് 58കാരിയായ ഭാര്യയുടെ തലക്കടിച്ചു കൊന്നു. അടിയേറ്റ് ബോധരഹിതയായ അവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണപ്പെടുകയായിരുന്നു. ഇന്ന് കേരള സമൂഹത്തിലെ മിക്ക കുടുംബങ്ങളിലും നിലനില്‍ക്കുന്ന ഒന്നാണ് ഭാര്യാ ഭര്‍തൃ ബന്ധത്തിന്റെ ചേര്‍ച്ചയില്ലായ്മ. കുടുംബജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്‌നേഹം നഷ്ടമായിക്കഴിഞ്ഞാല്‍ പിന്നെ സംഭവിക്കുന്നത് നിരന്തരമായ വഴക്ക് ഉണ്ടാവുക എന്നതാണ്. ഇടവേളകളിലെ സ്‌നേഹവും മറ്റുള്ള സമയങ്ങളില്‍ സംഘട്ടനവുമായി കടന്നുപോയിക്കൊണ്ടിരിക്കുന്നതുമാണ് കേരളത്തിലെ മിക്ക കുടുംബങ്ങളും. 

സോമദാസും സുശീലയും നിരന്തരം വഴക്കായിരുന്നു എന്നതാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. ഈ സാഹചര്യത്തില്‍ രാവിലെ പറമ്പില്‍ പണി കഴിഞ്ഞ് ക്ഷീണിച്ച് വിശന്ന് വീട്ടിലേക്കു വരുമ്പോള്‍ പ്രാതല്‍ ആയിട്ടില്ല എന്നറിഞ്ഞപ്പോള്‍ വിശപ്പിനേക്കാള്‍ ഉപരി തന്റെ ഭാര്യക്ക് തന്നോട് സ്‌നേഹമില്ലെന്ന ബോധ്യമുണ്ടാവുകയും താന്‍ സ്‌നേഹിക്കപ്പെടുന്നില്ല എന്ന വേദനയില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ ദേഷ്യം പുറത്തുചാടുന്നത്. ദേഷ്യം കൊണ്ട് സ്വബോധം നഷ്ടമാകുന്ന സമയത്താണ് തടിക്കഷ്ണമെടുത്ത് ഭാര്യയെ തല്ലുന്നത്. ഇതേ സോമദാസ് തന്നെയാണ് പോലീസിനെ വിളിച്ച് ഇക്കാര്യങ്ങള്‍ അറിയിക്കുന്നത്. അടിക്ക് ശേഷം അയാളുടെ മാനുഷിക വികാരങ്ങള്‍ ഉണര്‍ന്നതിനാലാണ് അയാള്‍ക്ക് അത് വിളിച്ചു പറയാന്‍ കഴിഞ്ഞത്. ആ മാനുഷിക വികാരങ്ങള്‍ അവരുടെ കുടുംബജീവിതത്തില്‍ തമസ്‌കരിക്കപ്പെട്ടതിന്റെ പ്രതിഫലനമാണ് അവരുടെ കുടുംബ ജീവിതം കലഹങ്ങളാല്‍ നിറയാനും ഒടുവില്‍ ഇത്തരത്തിലൊരു കൊലപാതകത്തില്‍ എത്തി നില്‍ക്കാനും കാരണം. ഇവിടെ സോമദാസ് ഒരേ സമയം കുറ്റവാളിയും ഇരയുമാണ്. 

വളരെ സങ്കീര്‍ണ്ണമായ വിഷയമാണ് ഈ സംഭവത്തിന് പിന്നിലുള്ളത്, പരസ്പരം സ്‌നേഹമില്ലായ്മയില്‍ നിന്ന് ഉടലെടുക്കുന്ന വിദ്വേഷവും ദേഷ്യവും. ഈ തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലെ കുടുംബങ്ങളെ താറുമാറാക്കിക്കൊണ്ടിരിക്കുന്ന ഇത്തരം വിഷയങ്ങളിലേക്ക് മുന്നണികളും നേതാക്കന്മാരും ശ്രദ്ധിക്കാതെ വരുമ്പോള്‍ അത് അവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമായ ഒരു അവസരമായിരുന്നു ഈ കൊലപാതകം. കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക അന്തരീക്ഷത്തിന്റെ ഫലമാണ് ഈ സംഭവം. ഈ വിഷയത്തെ രാഷ്ട്രീയമായി എങ്ങനെ കാണാം എന്ന ചിന്ത തിരഞ്ഞെടുപ്പ് വേളയില്‍ മുന്നണികള്‍ക്ക് എത്രമാത്രം മുന്നോട്ട് വെക്കാന്‍ കഴിയും എന്നുള്ള ചോദ്യം ആരായാന്‍ കിട്ടിയ അവസരമാണ് മാധ്യമങ്ങള്‍ ബാലിശ്ശമായ റിപ്പോര്‍ട്ടിങ്ങിലൂടെ ഇല്ലാതെയാക്കിയത്.

Tags: