സി.പി.എം മാര്‍ക്‌സിസം ഉപേക്ഷിക്കുന്നു?

Glint desk
Tue, 09-02-2021 06:32:21 PM ;

കേരളത്തിലിപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടിയുടെ താത്വിക മുഖമായി ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്ററെയാണ്. അദ്ദേഹം കുറച്ച് നാളുകളായി പാര്‍ട്ടി ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ എടുക്കാറുണ്ടായിരുന്നു. പാര്‍ട്ടിക്കാര്‍ക്കോ മറ്റുള്ളവര്‍ക്കോ മനസ്സിലാക്കാന്‍ പറ്റാത്ത തരത്തിലുള്ള കാര്യങ്ങളായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അത് കേട്ടിരുന്നവരില്‍ എന്തൊക്കെയോ വൈരുദ്ധ്യാത്മകത വന്ന് നിറയുന്നു എന്നുള്ളതല്ലാതെ മറ്റൊരു ആശയ വ്യക്തത ഉണ്ടായിരുന്നില്ല. സമീപകാലത്ത് അദ്ദേഹം മാര്‍ക്‌സിസം ലെനിനിസം എന്നിവയെക്കുറിച്ച് വളരെ വിശദമായി പൊതുപ്രസ്ഥാവന നടത്തുകയും പാര്‍ട്ടിക്കുള്ളില്‍ ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ രാജ്യത്ത് വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാവില്ല എന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പിലാക്കി കഴിഞ്ഞാല്‍ വിശ്വാസികള്‍ കൂടെ നില്‍ക്കില്ല എന്നും അദ്ദേഹം പറയുന്നു. ഇത് ഒരുപക്ഷെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശബരിമല വിഷയത്തില്‍ തങ്ങളുടെ പക്ഷത്ത് നിന്നും വോട്ടുകള്‍ മറുപക്ഷത്തേക്ക് പോകുമെന്ന ഭയം കൊണ്ടാവാം. പക്ഷെ ഇത് ഒരു വലിയ ചര്‍ച്ചയ്ക്കാണ് ഇടം നല്‍കിയിരിക്കുന്നത്. 

സി.പി.എമ്മിനകത്തും സി.പി.എമ്മിന് പുറത്തും പാര്‍ട്ടിയെക്കുറിച്ചുള്ള ശക്തമായ ആശയക്കുഴപ്പത്തിലേക്ക് ഗോവിന്ദന്‍ മാസ്റ്ററിന്റെ ഈ പ്രസ്ഥാവന നീങ്ങിയിരിക്കുന്നു. ഫെബ്രുവരി 7-ാം തീയതി വൈകുന്നേരം വരെയുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത സി.പി.എം നേതാക്കള്‍ ആയിക്കോട്ടെ സി.പി.എമ്മിന്റെ ബുദ്ധിജീവികളായിക്കോട്ടെ ഇതുവരെ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫിന്റെ നിലപാടില്‍ അണുവിട വ്യത്യാസം വരുത്തിയിട്ടില്ല എന്നും തങ്ങള്‍ പണ്ട് പറഞ്ഞിരുന്ന അതേ നിലപാട് തന്നെയാണ് ഇപ്പോഴും തുടരുന്നത് എന്നുമാണ്. ശബരിമല വിഷയത്തില്‍ തങ്ങളുടെ നിലപാട് സംബന്ധിച്ച് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാണ് ഫെബ്രുവരി 7ലെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് സി.പി.എം നേതാക്കള്‍ വിട്ട് നിന്നതും അവരുടെ സഹയാത്രികരായ ബുദ്ധിജീവികളെ പറഞ്ഞയച്ചതും. 

ഫെബ്രുവരി 8-ാം തീയതി പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറയുകയുണ്ടായി ശബരിമല വിഷയത്തില്‍ സി.പി.എമ്മിന്റെ നിലപാടില്‍ മാറ്റം വന്നിട്ടുണ്ട് എന്ന്. വിധി എന്തായാലും എല്ലാവരുടെയും അഭിപ്രായം കേട്ടതിന് ശേഷമായിരിക്കും വിധി നടപ്പിലാക്കുക എന്നതാണ് ഇപ്പോഴത്തെ നിലപാട്. ഇതിനേക്കാള്‍ ഏറെ രസകരമായ പ്രസ്ഥാവന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയതാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം മാറ്റി നിര്‍ത്തുകയാണെങ്കില്‍ അവിടെ മാര്‍ക്‌സിസം അവസാനിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. അത് അദ്ദേഹം പറഞ്ഞത് സത്യവുമാണ്. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് തന്നെ വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. എന്നാല്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ സംബന്ധിച്ച് വളരെ അവ്യക്തത നിലനില്‍ക്കുന്നുമുണ്ട്. വൈരുദ്ധ്യാത്മക ഭൗതികവാദം എന്താണെന്ന് അത്ര പെട്ടെന്നൊന്നും പറഞ്ഞ് മനസ്സിലാക്കിക്കാന്‍ മുതിര്‍ന്ന നേതാക്കളെ കൊണ്ട് പോലും പറ്റിയെന്ന് വരില്ല. മാര്‍ക്‌സിസം നടപ്പിലാക്കുന്നത് അപ്രായോഗികമാണെന്നാണ് ഗോവിന്ദന്‍ മാസ്റ്ററിന്റെ പ്രസ്ഥാവനയില്‍ നിന്ന് മനസ്സിലാക്കുന്നത്. അവിടെയാണ് കാനം രാജേന്ദ്രന്‍ പറയുന്നത് പ്രസക്തമാകുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്‌സിസം ആശയപരമായി വിടുന്നു എന്നതിന്റെ സൂചന കൂടിയാണ് ഇതെന്നാണ് മനസ്സിലാക്കേണ്ടത്. കാരണം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ സ്വന്തം നിലയില്‍ അത്തരത്തിലൊരു പ്രസ്ഥാവന നടത്താനുളള സാധ്യത കുറവാണ്. കൂടിയാലോചനകളുടെ പ്രതിഫലനം തന്നെയായിരിക്കണം ആ പ്രസ്ഥാവന.

Tags: