ഇക്കഴിഞ്ഞ ഇരുപത്തിനാലാം തീയതി മരിച്ച നിലയില്‍ കണ്ടെത്തിയ എസ്.എന്‍.ഡി.പിയോഗം നേതാവ് കെ.കെ മഹേശന്റെ ഡയറിക്കുറിപ്പുകളും പുറത്ത്. മരിക്കുന്നതിന് തലേന്ന് മഹേശന് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തന്റെ ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ടാണ് മഹേശന് ഈ കുറപ്പ് എഴുതിയിരിക്കുന്നത്.
എന്റെ പ്രിയപ്പെട്ട രാധമ്മയ്ക്ക്
എനിക്ക് ഇനി ഈ മാനസിക പീഡനം താങ്ങുവാന്‍ വയ്യ. എന്നോട് ക്ഷമിക്കുക. മക്കളോട്, ഈ അച്ഛനെ ഓര്‍ത്ത് ഇത്തരത്തില്‍ അനുഭവിക്കേണ്ടി വന്നതില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. ഇപ്പോള്‍ ഇതുകൊണ്ട് എല്ലാം തീരും. അല്ലെങ്കില്‍ ഓരേ കേസ്സും എന്റെ തലയില്‍ തന്ന് എന്നെ നിരന്തരമായി പീഡിപ്പിച്ച് അപമാനിച്ചുകൊണ്ടേയിരിക്കും. അപ്പോഴെല്ലാം നീയും മക്കളും വേദനിച്ചു വേദനിച്ചു നീറുന്ന ജീവിതവുമായി പോകേണ്ടി വരും. ഇതാകുമ്പോള്‍ ഇവിടംകൊണ്ട് എല്ലാം അവസാനിക്കും.
എന്നും സ്നേഹിക്കുവാനും സഹായിക്കുവാനും മാത്രം അറിയുന്ന നിനക്കും നമ്മുടെ മക്കള്‍ക്കും ഈ ഗതി വന്നതില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. ഇന്നത്തെ മൊഴിയെടുപ്പില്‍ എനിക്ക് ഒരു കാര്യം മനസ്സിലായി കേരളത്തിലെ വിവിധ യൂണിയനുകളില്‍ നടന്നിട്ടുള്ള എല്ലാ മൈക്രോഫിനാന്‍സ് കേസിലും എന്നെ കുടുക്കുവാന്‍ തീരുമാനിച്ചു. ഞാന്‍ ഇന്ന് ആലപ്പുഴ ക്രൈംബ്രാഞ്ചില്‍ നിന്ന് (23-06-20) വന്നപ്പോള്‍ വീട്ടില്‍ കിട്ടിയിരിക്കുന്നത് പത്തനംതിട്ടയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 15 കേസില്‍ ഞാന്‍ രേഖകളുമായി ഹാജരാകാനാണ്.
ഇനി മുമ്പോട്ട് പോകുവാന്‍ പറ്റാത്തവിധം എന്നെ കുടുക്കി. ഇങ്ങനെ സംഭവിച്ചതില്‍ മൂവാറ്റുപുഴ ഡോക്ടര്‍മാരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു.
എല്ലാവര്ക്കും നന്മകള് നേരുന്നു. എന്റെ പൊന്നേ നിനക്ക് ഇത് താങ്ങുവാനുള്ള ശക്തി നമ്മുടെ ദേവിദേവന്മാര് നല്കട്ടെ,
സ്നേഹപൂര്‍വ്വം
നിന്റെ അണ്ണന്
ഈ കുറിപ്പിലും മഹേശന് വ്യക്തമായി തന്റെ മരണകാരണം പറയുന്നുണ്ട്. പക്ഷേ ആരുടെയും പേര് പറയുന്നില്ലെന്ന് മാത്രം. പക്ഷേ ഈ കുറിപ്പും മഹേശന് വെള്ളാപ്പള്ളിയ്ക്കെഴുതിയ കത്തും, തച്ചങ്കരിയ്ക്കയച്ച കത്തും, മരിച്ച അന്ന് യൂണിയന് ഓഫീസില്‍ നിന്ന് കിട്ടിയെന്ന് പറയുന്ന എഴുത്തും വച്ച് നോക്കിയാല്‍ കാര്യങ്ങള്‍ സുവ്യക്തമാണ്.
മരിക്കുന്നതിന് നാല്പത് ദിവസം മുമ്പാണ് മഹേശന് വെള്ളാപ്പള്ളിയ്ക്ക് കത്തെഴുതുന്നത്. കൃത്യമായി പറഞ്ഞാല്‍ മെയ് 14 ന്. ആ നീണ്ട കത്തിന്റെ അവസാനഭാഗത്ത് മഹേശന് കുറിച്ചിട്ടുണ്ട് തനിക്ക് വരും ദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന്.
എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് രണ്ട് വിധമാകാം
1. എന്നെ സര്‍ക്കാര്‍ സ്വാധീനം ഉപയോഗിച്ച് സമാധാനമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുക. അങ്ങനെ എനിക്ക് സമാധാനമായി ജീവിക്കുവാന്‍ പറ്റാത്ത രീതിയില്‍ വല്ലാതെ എന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ പരമാവധി ഞാന്‍ പിടിച്ച് നില്ക്കും. എന്നിട്ടും പറ്റിയില്ലെങ്കില്‍ യോഗനേതൃത്വത്തിന്റെ നിലപാടുകള്‍ തിരുത്താന്‍ ഞാന്‍ സ്വയം രക്തസാക്ഷിയാകും. അത് എങ്ങനെ എവിടെ വച്ച് എന്നത് നിങ്ങളുടെ സങ്കല്പങ്ങള്ക്കും അപ്പുറമായിരിക്കും.
2. അശോകന് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് എന്നെ വകവരുത്താം. രണ്ടായാലും ഞാന്‍ മരിക്കുമെന്ന് ഉറപ്പാണ്.
ഇതില്‍ ഒന്നാമത്തെ സാധ്യതയാണ് ഇവിടെ നടന്നിരിക്കുന്നത്. സ്വാധീനമുപയോഗിച്ച് മഹേശനെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിച്ചു. സംസ്ഥാനത്തുടനീളം നടന്ന മൈക്രോ ഫിനാന്‍സ് തട്ടിപ്പുകള്‍ മഹേശന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടന്നു. പരമാവധി പിടിച്ചു നിന്നെങ്കിലും പത്തനംതിട്ടയിലെ 15 കേസുകളില്‍ കൂടി ഹാജരാകാന്‍ നോട്ടീസ് വന്നതോടെ മഹേശന് നില്‍ക്കക്കള്ളിയില്ലാതായി. അങ്ങനെയാണ് ജൂണ്‍ 24 ന് മഹേശന് മരണപ്പെടുന്നത്.
എന്നാല്‍ നിലവില്‍ പോലീസ് അന്വേഷണം നീങ്ങുന്നത് മഹേശന് കേസുകളില്‍ കുടുങ്ങുമെന്നായപ്പോള്‍ ആത്മഹത്യ ചെയ്തു എന്ന പോയിന്റിലേക്ക് മാത്രമാണ്. പക്ഷേ മഹേശനെ കേസില്‍ കുടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നിട്ടുണ്ടോ എന്നത് പരിഗണിക്കപ്പെടുന്നില്ല. മഹേശന് നടത്തിയ മറ്റ് ഗുരുതരമായ വെളിപ്പെടുത്തലുകളും പോലീസ് അവണിക്കുകയാണ്. മഹേശന്റെ കുറിപ്പുകളും കത്തുകളും വായിക്കുന്ന ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്നത് വെള്ളാപ്പള്ളിയും മാനേജറുമാണ് മഹേശന്റെ മരണത്തിന് പിന്നില്‍ എന്നതാണ്. പക്ഷേ പോലീസ് ബുദ്ധിയില്‍ ഇത് വെറും ആത്മഹത്യയായി മാറിക്കൊണ്ടിരിക്കുകയാണ്.