മഹേശന്റെ ആത്മഹത്യ: രാഷ്ട്രീയ കേരളത്തിന്റെ മഹാമൗനം ആരെ ഭയന്ന്

എസ്.ഡി വേണുകുമാര്‍
Sat, 27-06-2020 03:29:00 PM ;

kk mahesan

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ ആത്മഹത്യ നടന്നിട്ട് നാലു ദിവസമാകുന്നു. ഈ സംഭവത്തില്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും കമാ എന്ന് ഇതേ വരെ ഉരിയാടിയിട്ടില്ല. മരിച്ച മഹേശന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ അത്രടം പോകാന്‍ പോലും അറയ്ക്കുന്നു മിക്കവരും. മന്ത്രി തോമസ് ഐസക്കും എ.എം. ആരിഫ് എം.പി.യും ഈ വീട് സന്ദര്‍ശിച്ചുവെന്നത് ശരി. അവരും എന്തെങ്കിലും ഒരഭിപ്രായം ഈ മരണത്തെപ്പറ്റി പറയാതിരിക്കാന്‍ കാട്ടിയ ജാഗ്രത ശ്രദ്ധേയമാണ്. ഈ മരണം കണ്ടില്ലെന്ന് നടിക്കുന്നതില്‍ രാഷ്ട്രീയ കേരളം  ഐക്യപ്പെട്ടിരിക്കുന്നുവെന്ന് കാണണം. ഒരു പ്രബല സമുദായത്തിന്റെ പ്രമുഖ നേതാവിന്റെ ഓര്‍ക്കാപ്പുറത്തെ വിയോഗത്തിന് മുമ്പില്‍ എന്തേ ഈ മഹാമൗനം 

കെ.കെ.മഹേശന്‍ അത്ര സാധാരണക്കാരനായിരുന്നില്ല. എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി എന്നതിനു പുറമേ എസ്.എന്‍.ഡി.പി. യോഗം നടത്തുന്ന മൈക്രോഫിനാന്‍സ് പദ്ധതിയുടെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു. അതിനുമപ്പുറം ഇന്ത്യ ഭരിക്കുന്ന എന്‍ഡി.എ.യുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്ന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണെന്നുമോര്‍ക്കുക. എല്ലാറ്റിനും പുറമേ എസ്.എന്‍ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സന്തത സഹചാരിയും. ഒന്നും രണ്ടും വര്‍ഷമല്ല, 31 വര്‍ഷം. എന്‍.ഡി.എയും മിണ്ടുന്നില്ല, യു.ഡി.എഫും മിണ്ടുന്നില്ല, എല്‍ഡി.എഫും മിണ്ടുന്നില്ല. എന്താണ് ഇതിനു പിന്നിലെ മാജിക്. നടന്നത് ആത്മഹത്യ ആണെന്നതില്‍ ആര്‍ക്കും സംശയമില്ലെന്നതും അതിനു തക്ക കാരണം ഉണ്ടെന്ന് എല്ലാവര്‍ക്കു ബോധ്യമായതുമാണ് കാരണമെങ്കില്‍ മൗനമാചിരിക്കാം, തുടരുകയുമാവാം.

നേരു പറഞ്ഞാല്‍ രണ്ടു പേര്‍ക്ക് മാത്രമേ ഈ ആത്മഹത്യയുടെ കാരണം അന്വേഷിച്ച് കണ്ടു പിടിക്കണമെന്ന് ആഗ്രഹമുള്ളുവെന്ന് തോന്നും പുറത്തു വന്ന പ്രസ്താവനകള്‍ കണ്ടാല്‍. അത് മറ്റാരുമല്ല എസ്.എന്‍ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബി.ഡി.ജെ.എസ്. പ്രസിഡന്റും എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയും. സി.ബി.ഐ. തന്നെ അന്വേഷിക്കണമെന്നാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരിക്കുന്നത്. സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് തുഷാറും ആവശ്യപ്പെട്ടിരിക്കുന്നു. അതിനപ്പുറം ഇനി ആരും പ്രസ്താവന ഇറക്കാന്‍ പോകുന്നില്ലല്ലോ. വെള്ളാപ്പള്ളിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നിരത്തിയ 32 പേജുള്ള കത്ത് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ട് ഏറെ നേരമാകും മുമ്പ് എസ്.എന്‍ഡി.പി.യൂണിയന്‍ ഓഫീസില്‍ യൂണിയന്‍ നേതവ് ജീവിതമവസാനിപ്പിച്ചുവെങ്കില്‍ അതിന്റെ കാരണം പുറത്തു വരേണ്ടതുണ്ട്. മറ്റാരും ആവശ്യപ്പെതാനില്ലെങ്കില്‍ താന്‍ തന്നെ അത് നിര്‍വ്വഹിക്കുന്നുവെന്ന മഹാമനസ്‌കത വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ നിന്ന് വായിച്ചെടുക്കാം.

ആത്മഹത്യയുടെ ഗൗരവം

മരണം ദുഖകരമാണ്. ആത്മഹത്യ അതിലുമേറെ വേദനയുളവാക്കുന്നതാണ്. ഒരാള്‍ നിശ്ചയിച്ചുറപ്പിച്ച് ജീവിതമവസാനിപ്പിക്കുകയാണ്. ആ നിലയ്ക്കാണ് കെ.കെ. മഹേശന്റെ ആത്മഹത്യ ഏറെ പ്രയാസമുണ്ടാക്കുന്നത്. മുന്‍കൂട്ടി സൂചന ലഭിച്ചിരുന്നുവെങ്കില്‍ അത്തരം സാഹചര്യത്തില്‍ നിന്ന് അയാളെ പിന്തിരിപ്പിച്ചുകയും ഒരു ജീവന്‍ നഷ്ടപ്പെടാതെ കാക്കുകയുമാവാമായിരുന്നു. ആത്മഹത്യക്ക് അല്പം മുമ്പ് ചേര്‍ത്തലയിലെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കത്ത് വായിക്കുമ്പോള്‍ മനസ്സിലാകുന്നത് വേണമെങ്കില്‍ മഹേശന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ്. ഉത്തരവാദപ്പെട്ടവര്‍ മനസ്സ് വച്ചിരുന്നുവെങ്കില്‍. ഒരു മാസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ മെയ് 14ന് വെള്ളാപ്പള്ളി നടേശന്റെ പേര്‍ക്ക് എഴുതിയ 32 പേജുള്ള ഒരു കത്താണ് ഇതില്‍ പ്രധാനം.ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.ക്കുള്ള നാലു പേജ് കത്തും മറ്റൊരു ആത്മഹത്യക്കുറിപ്പുമാണ് പുറത്തു വന്ന മറ്റ് രേഖകള്‍. കയ്യക്ഷരമടക്കം നിരീക്ഷിച്ച് ഇതിന്റെ ആധികാരികത ഉറപ്പു വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. അത് അങ്ങനെ തന്നെ നടക്കട്ടെ. എന്തായാലും തനിക്ക് ഇങ്ങനെ ഒരു കത്ത് ലഭിച്ച കാര്യം വെള്ളാപ്പള്ളി സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ കത്തില്‍ പറയുന്ന മൂന്ന് കാര്യം വളരെ ഗൗരവമുള്ളതാണ്. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം ഈ കത്തിലെ വിവരങ്ങള്‍ പുറത്തു പോകില്ലെന്ന ഉറപ്പോടെ മഹേശന്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ:  ഇങ്ങനെയൊക്കെ എഴുതിയതു കൊണ്ട് എനിക്ക് എന്തൊക്കെ സംഭവിക്കാമെന്ന് കൂടി പരാമര്‍ശിക്കേണ്ടതുണ്ട് എന്നു പറഞ്ഞ് കത്തില്‍ പറയുന്നു- ഗുണ്ടകളെ ഉപയോഗിച്ച് എന്നെ തീര്‍ക്കാം. അതുമല്ലെങ്കില്‍ കണിച്ചുകുളങ്ങരയില്‍ ഗ്രൂപ്പുണ്ടാക്കി യൂണിയനില്‍ എന്നെ ഒതുക്കാം. സര്‍ക്കാര്‍ സ്വാധീനമുപയോഗിച്ച് എനിക്ക് സമാധാനമായി ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ പരമാവധി പിടിച്ചു നില്‍ക്കും. എന്നിട്ടും പറ്റിയില്ലെങ്കില്‍ യോഗ നേതൃത്വത്തിന്റെ നിലപാട് തിരുത്തിക്കുവാന്‍ ഞാന്‍ സ്വയം രക്തസാക്ഷിത്വം വഹിക്കും. അത് എന്ന് എവിടെ വച്ച് എന്നത് നിങ്ങള്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറമായിരിക്കും.

ഈ കത്ത് നല്‍കി ഒരു മാസവും പത്ത് ദിവസവും പൂര്‍ത്തിയാവുന്ന ദിവസമാണ് മഹേശന്‍ ജീവിതമവസാനിപ്പിച്ചിരിക്കുന്നത്. പറഞ്ഞതു പോലെ പ്രവര്‍ത്തിച്ചിരിക്കുന്നു. മരണം വരെ കത്തിലെ വിവരങ്ങള്‍ മറ്റാരും അറിയില്ലെന്ന് വാക്കും പാലിച്ചിരിക്കുന്നു. മഹേശന്റെ മരണത്തിന് മുമ്പ് ഈ കത്ത് കണ്ടിരിക്കുന്നത് വെള്ളാപ്പള്ളി മാത്രമായിരുന്നുവെന്ന് വേണം കരുതാന്‍. ഈ മരണത്തിന് ആരാണ് ഉത്തരവാദി എന്ന് അന്വേഷണസംഘം കണ്ടെത്തട്ടെ. എല്ലാ രാഷ്ട്രീയ നേതാക്കളും മൗനം പാലിക്കട്ടെ..

കത്തില്‍ പറയുന്ന കാര്യങ്ങളും നിജ സ്ഥിതിയും ആര് അന്വേഷിക്കും

വെള്ളാപ്പള്ളിക്ക് നല്‍കിയെന്ന് പറഞ്ഞ് പുറത്തു വിട്ട കത്തില്‍ മഹേശന്‍ സ്‌ഫോടനാത്മകമായ നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്. വെള്ളാപ്പള്ളിയുടെ ചാരായ ഗോഡൗണില്‍ ജോലിക്ക് കയറിയ കാലം മുതല്‍ 31 വര്‍ഷത്തെ കാര്യങ്ങളാണ് വിവരിക്കുന്നത്. വെള്ളാപ്പള്ളിയുടെ അഞ്ചു കള്ളു ഷാപ്പുകള്‍ തന്റെ പേരില്‍ ബിനാമിയായി നടത്തിയത്, വയര്‍ലെസ് സെറ്റ് അനധികൃതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് മുമ്പ് നടന്ന വിവാദ കേസിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍, ചില ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധങ്ങളും അവരെ സംഘടനയുടെ. യോഗങ്ങളില്‍ എതിരാളികളെ ഒതുക്കാന്‍ ഉപയോഗിച്ചത്, കോളേജ് അദ്ധ്യാപക നിയമനത്തിന് 11 പേരില്‍ നിന്ന് പണം വാങ്ങി വച്ചിരിക്കെ നടന്ന ആദായ നികുതി റെയ്ഡിനിടയില്‍ അത് പുറത്തെത്തിച്ചതിന്റെ വിശദാംശങ്ങള്‍, കണിച്ചുകുളങ്ങര ക്ഷേത്രക്കണക്കിലും ട്രസ്റ്റ് കണക്കിലുമെല്ലാമുള്ള ക്രമക്കേടിന്റെ വിവരങ്ങള്‍ എന്നിങ്ങനെ നീളുന്നു അവ. ഇതില്‍ ശരികളും ശരികേടുകളുമുണ്ടാവാം. പക്ഷേ അതെല്ലാം അന്വേഷിച്ച് നിജ സ്ഥിതി പുറത്തു വരേണ്ടേ ?

കേരളത്തിലെ പ്രമുഖ സംഘടനാ നേതാവിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളാണ് കത്തില്‍. കേരളം വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ വലിയ പരീക്ഷണശാലയാണ്. ഈ സംഭവം വച്ച് രാഷ്ട്രീയ വിലപേശലിനുള്ള സമയമാണിനി. തിരഞ്ഞെടുപ്പ് അടുത്തു വരുന്നു. എല്ലാ കരു നീക്കങ്ങളും ഇനി കരുതലോടെയായിരിക്കും. അവിടെ മഹേശന്റെ ആത്മഹത്യ വിലപേശലിനുള്ള ചരക്ക് മാത്രം.  

 Image may contain: 1 person, smiling എസ്.ഡി വേണുകുമാര്‍

മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍,

മാതൃഭൂമി 

Tags: