ഇന്ത്യന്‍ ജീര്‍ണതയുടെ മുഖം യച്ചൂരിയുടെ വാക്കുകളിൽ

Glint Staff
Sat, 04-05-2019 05:34:43 PM ;

yechury,hindu,ramayana,mahabharata,congress,election  വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ ഒരു മുഖമാണ് സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി .മറുമുഖം ആകട്ടെ തീവ്രഹിന്ദു വര്‍ഗീയതയുടെയും. യെച്ചൂരി ആയാലും തീവ്ര ഹിന്ദുവര്‍ഗീയ വീക്ഷണം പുലര്‍ത്തുന്നവരായാലും അവരെ നയിക്കുന്നത് ഒരേ ഘടകമാണ് .  ഒരു പോലെയുള്ള ഇന്ത്യന്‍ സംസ്‌കൃതിയെ കുറിച്ചുള്ള തികഞ്ഞ അജ്ഞത .ഈ അജ്ഞതയില്‍ ആധാരമായിട്ടുള്ള പ്രവര്‍ത്തി കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ ചെടിച്ചട്ടി പാര്‍ട്ടിയായിവേര് പിടിക്കാതെ പോയതും ചട്ടിയിലുള്ള  വേര് നഷ്ടമായിക്കൊണ്ടിരിക്കുന്നതും.

ഉപനിഷത്  ആധാരമാണ് ഇന്ത്യന്‍ സംസ്‌കൃതി .ആ സംസ്‌കൃതിയുടെ ആത്മാവിനെ മനുഷ്യമനസ്സിന് എത്തി ചെല്ലാന്‍ കഴിയുന്ന ഭാവനാത്മകതയില്‍ ചാലിച്ച് അവന്റെ ദൈനംദിന ജീവിതത്തെ അര്‍ത്ഥ സമ്പുഷ്ടമാക്കാന്‍  കവികളായ വാല്മീകിയും വ്യാസനും രചിച്ച കൃതികളാണ് രാമായണവും മഹാഭാരതവും .അത് ഇന്ത്യന്‍ മണ്ണും മനുഷ്യനുമായും വൃക്ഷലതാദികളുമായും ഒക്കെ ഇഴുകി ചേര്‍ന്നു കിടക്കുന്നു.സിപിഎം അംഗങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ജനതയില്‍ അവശേഷിക്കുന്ന ധാര്‍മികതയുടെ അംശമുണ്ടെങ്കില്‍ അത് ഈ രണ്ട് ഇതിഹാസങ്ങളിലൂടെയും പകര്‍ന്നുനല്‍കിയ തത്വപ്രകാശനങ്ങളുടെ സ്വാധീനമാണ്. ലോകത്തില്‍ ക്രൂശിക്കപ്പെട്ട എല്ലാ മതങ്ങളേക്കും ഇരുകൈയ്യം നീട്ടി സ്വീകരിച്ച് ആതിഥ്യമരുളിയതും ആ സംസകാരമാണ്. ആ സംസ്‌കാരത്തിനു സംഭവിച്ച മൂടലാണ് ഇന്നത്തെ എല്ലാ വിദ്വേഷങ്ങള്‍ക്കും അതിന്റെ രാഷ്ട്രീയത്തിനും കാരണമായത്. അതിനെ കൂടുതല്‍ ഉറപ്പിക്കുന്ന അജ്ഞതയായി യെച്ചൂരിയുടെ അഭിപ്രായ. ഭാവനാസൃഷ്ടിയെ താത്വിക വിചാരത്തിന് വിധേയമാക്കാതെ അതേപടി എടുക്കുന്ന മതവര്‍ഗീയ വീക്ഷണമുള്ള വ്യക്തിയുടെ അതേ കാഴ്ചതന്നെയാണ് സീതാറാം യെച്ചൂരിയെയും നയിക്കുന്നത്. ഭോപ്പാലില്‍ മെയ് അഞ്ചിന് അദ്ദേഹം നടത്തിയ   പ്രസ്താവന രാമായണവും മഹാഭാരതവും അക്രമ പരമ്പരകളെ കുറിച്ചാണ് പറയുന്നതെന്നും അതിനാല്‍ ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നുള്ള വാദം അംഗീകരിക്കാന്‍ കഴിയുന്നില്ല എന്നുമാണ് . കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്വിജയ്‌സിംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സെമിനാറില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

ഹിന്ദുമതത്തെയും ഭാരതീയ സംസ്‌കൃതിയെയും  രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കാന്‍ തുനിഞ്ഞിറങ്ങുന്ന ഹിന്ദുമതവര്‍ഗീയവാദികള്‍ക്ക് ഇതില്‍പരം ആനന്ദലബ്ധിക്ക് എന്തുവേണം .അവരുടെ കൈകളിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ജീവിച്ചിരിക്കുന്ന ബുദ്ധിജീവി എന്ന് പറയപ്പെടുന്ന യെച്ചൂരി രണ്ട് ഇതിഹാസങ്ങളെയും ഏല്‍പ്പിച്ചു കൊടുക്കുകയാണ് .കോണ്‍ഗ്രസ്സിനെയും ദിഗ് വിജയ് സിംഗിനെയും വെട്ടിലാക്കിക്കൊണ്ട് .കോണ്‍ഗ്രസിന്റെ വേദിയില്‍ നിന്നാണ് യെച്ചൂരി അത് സംസാരിക്കുന്നത് എന്ന് പോലും  മറന്നുപോയി, മുട്ടന്‍ ബുദ്ധിജീവിയായ യെച്ചൂരി

ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഒക്കെ ചരിത്രം ഉദ്ധരിക്കുന്ന യെച്ചൂരി, അര്‍ദ്ധനഗ്‌നനായി ലോകത്തിന്റെ മുന്നില്‍ അഹിംസയുടെ പ്രായോഗികത പരീക്ഷിച്ചു വിജയിപ്പിച്ചു കാണിച്ചുകൊടുത്ത മഹാത്മാഗാന്ധിയെ ഒന്നോര്‍ക്കണമായിരുന്നു .യുദ്ധത്തിന്റെ മാനുവല്‍ എന്നും വിശേഷിപ്പിക്കപ്പെടുന്ന ഭഗവത്ഗീത എപ്പോഴും കക്ഷത്ത് പേറിക്കൊണ്ടായിരുന്നു ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്ത പ്രയോഗവും പ്രചരിപ്പിക്കലും. വൈരുദ്ധ്യാത്മിക സിദ്ധാന്തം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഈ കമ്മ്യൂണിസ്റ്റ് നേതാവിന് കക്ഷത്തില്‍ ഭഗവദ്ഗീതയുമായി നില്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രം പ്രദാനം ചെയ്യുന്നതിലെ വൈരുദ്ധ്യാത്മിക കാണാനുള്ള ബുദ്ധിവൈഭവം ഇല്ലാതായിപ്പോയി .അത് അദ്ദേഹത്തിന്റെ മാത്രം പ്രശ്‌നമല്ല കൊളോണിയല്‍ വിദ്യാഭ്യാസം ബ്രിട്ടീഷുകാര്‍ പോയതിനു ശേഷവും അതിശക്തമായി ഇവിടെ തുടരുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് സീതാറാം യെച്ചൂരിയുടെ പ്രസ്താവനയില്‍ നിന്ന് ഒന്നുകൂടി വ്യക്തമാകുന്നത് .

ആചാരങ്ങളും ബാഹ്യ ചിഹ്നങ്ങളും പേറുന്നുണ്ടെങ്കിലും ഹിന്ദു മതത്തിന്റെ സംരക്ഷകര്‍ എന്നവകാശപ്പെടുന്നവരും യെച്ചൂരി പിന്‍പറ്റുന്ന വിദ്യാഭ്യാസ രീതിയുടെ ഇരകള്‍ തന്നെ. ഇത്തരം മുട്ടന്‍ ബുദ്ധിജീവികള്‍ തങ്ങളുടെ അജ്ഞത വെളിപ്പെടുത്തുമ്പോഴാണ്  ശിവസേനയെ പോലുള്ള പാര്‍ട്ടിയുടെ നേതാക്കളുടെ പ്രസ്താവനകള്‍ യുക്തിഭദ്രവും ന്യായവും ആണെന്ന് തെളിയുന്നത് .രാമായണവും മഹാഭാരതവും പ്രശ്‌നമാണെങ്കില്‍ യെച്ചൂരി സീതാറാം എന്ന പേര് മാറ്റണം എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരിക്കുന്നു .ചുരുങ്ങിയപക്ഷം അദ്ദേഹത്തിന് ഒന്നുകൂടി ആവര്‍ത്തിക്കാന്‍ കഴിഞ്ഞു .തിന്മയുടെ മേല്‍ നന്മയുടെയും കള്ളത്തിന്റെ മേല്‍ സത്യത്തിന്റെ വിജയവുമാണ് രാമായണവും മഹാഭാരതവും എന്ന്. ആ നിലവാരത്തിലേക്ക് പോലും മുട്ടന്‍ ബുദ്ധിജീവിയായ യെച്ചൂരിക്ക് എത്താന്‍ കഴിയാതെ വന്നു എന്നുള്ളതാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചും കാഴ്ചപ്പാടിനെ കുറിച്ചും ഓരോ ഇന്ത്യക്കാരനും ചിന്തിക്കേണ്ടത് .ഇന്നും നിയമവാഴ്ച അല്ല ഇന്ത്യന്‍ ജനതയെ ഈ വിധം പിടിച്ചു നിര്‍ത്തുന്നത്. മറിച്ച് രാമായണത്തിലെയും മഹാഭാരതത്തിലെയും അവശേഷിക്കുന്ന ചില്ലറ ഗുണങ്ങളാണ് എന്നുള്ളത് ശരാശരിയില്‍ താഴെ ഉള്ള ഏതൊരു മനുഷ്യനും ചിന്തിച്ചാല്‍ മനസ്സിലാവുന്നതാണ്.

 

Tags: