ഇതില്‍ ഏത് കുറ്റമാണ് ഗുരുതരം?

Glint Staff
Mon, 07-01-2019 07:15:39 PM ;

ഒരു യുവാവ് സ്ത്രീയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കയറി അശ്ലീല കമന്റിടുന്നത് നിസംശയം കുറ്റകരമാണ്. ഒരു പരിധിവരെ അയാള്‍ കുറ്റവാളിയുമാണ്, മാനസികരോഗിയുമാണ്. അയാള്‍ ശിക്ഷയും, ചികിത്സയും അര്‍ഹിക്കുന്നു. അത് സംശയമില്ലാത്ത കാര്യം. എന്നാല്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദാര്‍ ജില്ലാ കളക്ടര്‍ നിഖില്‍ നിര്‍മ്മല്‍ ചെയ്തത് ആ യുവാവ് അര്‍ഹിക്കുന്ന ശിക്ഷയേക്കാള്‍ കടുത്ത ശിക്ഷ ലഭിക്കേണ്ട നടപടിയാണ്. നിഖില്‍ നിര്‍മ്മലിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ അശ്ലീല ചുവയുള്ള കമന്റിട്ട യുവാവിനെ അദ്ദേഹം തന്നെയാണ് നിര്‍ദയമായി ചെവിക്കുറ്റി പൊട്ടുന്ന വിധം മര്‍ദ്ദിച്ചത്. കമന്റിട്ട യുവാവിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി സ്‌റ്റേഷന്‍ ഓഫീസറുടെ മുന്നില്‍ വച്ചാണ് ഭാര്യയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ നിഖില്‍ നിര്‍മ്മല്‍ ക്രൂര മര്‍ദ്ദനം നടത്തിയത്.

ഇവിടെ ഐ.എ.എസ്സുകാരാനായ ജില്ലാ കളക്ടര്‍ നഗ്നമായ രീതിയില്‍ നിയമം കയ്യിലെടുക്ക മാത്രമല്ല, ഒരു യുവാവിനെ അയാളുടെ ഭാവി ജീവിതത്തെ ബാധിക്കുന്ന വിധം തല്ലുകയും ചെയ്യുന്നു. തീരെ വിദ്യാഭ്യാസവും സാമൂഹിക ബോധവും ഇല്ലാത്ത അപരിഷ്‌കൃതനായ ഒരു ഭര്‍ത്താവിന്റെ പ്രതികരണമാണ് മലയാളി കൂടിയായ ഈ ഐ.എ.എസ് ഓഫീസറില്‍ നിന്നുണ്ടായത്. തന്റെ ഭര്‍ത്താവ് ഒരു യുവാവിന്റെ ചെവിക്കുറ്റിക്കടിക്കുന്നത് ആസ്വദിക്കുക മാത്രമല്ല കൂടുതല്‍ മര്‍ദ്ദനത്തിന് പ്രേരിപ്പിക്കുന്ന വിധമാണ് നിഖില്‍ നിര്‍മ്മലിന്റെ ഭാര്യയും പെരുമാറിയത്. താന്‍ ചെയ്തുപോയ തെറ്റിന് ഈ യുവാവ് ആ ഐ.എ.എസ് ഒഫീസറുടെ കാലില്‍ വിണ് പിടിക്കുകയും ഉടനീളം 'സോറി സാര്‍, സോറി മാഡം' എന്ന് പറഞ്ഞ് കേണപേക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇങ്ങനെയുള്ള ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ കൈകളില്‍ അധികാരവും നിയമവും ഇരിക്കുന്നത് ദുരുപയോഗം ചെയ്യപ്പെടുമെന്നുള്ളതിന്റെ ഉദാഹരണം കൂടിയാണ് ഈ സംഭവം.

'Will kill you'

ഇത് സമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ ഗുരുതരമായതാണ്. കാരണം സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരില്‍ തന്നെ രണ്ടഭിപ്രായം ഈ വിഷയത്തിലുണ്ടായിരിക്കുന്നു. നിഖില്‍ നിര്‍മ്മല്‍ ചെയ്തത് ശരിയാണെന്നും, അല്ലെന്നും. വ്യക്തമായ ഐ.ടി നിയമവും ഭരണഘടനയും നിലവിലുള്ള ഈ രാജ്യത്ത് അത്തരമൊരു അഭിപ്രായത്തിന് തെല്ലും പ്രസക്തിയില്ല. എന്നാല്‍ ഒരു ജില്ലാ കളക്ടര്‍ കൂടിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഈ വിധം പെരുമാറുമ്പോള്‍ അത് സമൂഹത്തിലേക്ക് നല്‍കുന്ന സന്ദേശം എന്താണ് ? വിശേഷിച്ചും താരതമ്യേന വിദ്യാഭ്യാസം കുറവുള്ളവരിലേക്ക്. ഊഹിക്കാവുന്നതേ ഉള്ളൂ.

 

വിദ്യാഭ്യാസവും പദവിയും സംസ്‌കാരവും തമ്മില്‍ ബന്ധമില്ല എന്നുള്ളതാണ് ഈ സംഭവം വിളിച്ചുപറയുന്നത്. തന്റെ ഭാര്യയെ ആരെങ്കിലും ശാരീരികമായി അപമാനിച്ച വിഷയത്തിലാണ് ഇത്തരമൊരു പ്രതികരണമുണ്ടായിരുന്നതെങ്കില്‍ ഒരു പരിധിവരെ ഇദ്ദേഹത്തിന്റെ നടപടി ന്യായീകരിക്കപ്പെടുമായിരുന്നു. അധികാരത്തിന്റെ ഗര്‍വില്‍ ഭാര്യയുടെ മുമ്പില്‍ വച്ച് ഇവ്വിധം പെരുമാറുന്നത് ഒരു പുരുഷനെന്ന നിലയില്‍ നിഖിലിന്റെ ഭീരുത്വവും ആത്മവിശ്വാസക്കുറവും മൂലമാണ്, അല്ലാതെ മറ്റൊന്നുമല്ല. ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെങ്കില്‍ അത് വിനാശകരമായൊരു കീഴ്വഴക്കമായി മാറും.

 

Tags: