'മദ്യം വിഷമാണ് അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്'-നിലവില്‍ കേരളത്തിനാവശ്യം ഈ നവോത്ഥാന മൂല്യം

Glint Staff
Mon, 24-12-2018 06:01:08 PM ;

ശ്രീനാരായണ ഗുരുദേവന്‍ നവോത്ഥാനത്തിന്റെ ഭാഗമായി നിരവധി മൂല്യങ്ങളാണ് സമൂഹത്തിലേക്ക് പകര്‍ന്നിട്ടുള്ളത്. സമൂഹത്തില്‍ അരങ്ങേറുന്ന ഏതുതരം തെറ്റായ പ്രവണതകള്‍ക്കെതിരെയും ഗുരു തന്റെ സന്ദേശങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്', 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി', 'സംഘടിച്ച് ശക്തരാവുക വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്നിങ്ങനെയുള്ള ഒരുപിടി കാലാതീതമായ സന്ദേശങ്ങള്‍. നവോത്ഥാനത്തിലൂടെ ഗുരു സാധ്യമാക്കാന്‍ ശ്രമിച്ചത് സമൂഹത്തിന്റെ എല്ലാത്തരത്തിലുമുള്ള മാറ്റമായിരുന്നെന്ന് അദ്ദേഹത്തിന്റെ സന്ദേശങ്ങളെ അറിഞ്ഞാല്‍ മനസ്സിലാക്കാം.

 

കാലാതീതമായ ആ നവോത്ഥാന മൂല്യങ്ങളില്‍ ഇന്ന് കേരളത്തെ സംബന്ധിച്ച് ഏറ്റവും മുന്‍ഗണന നല്‍കി പരിഗണിക്കേണ്ടത് ഈ വചനത്തിനാണ് 'മദ്യം വിഷമാണ് അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്'. അന്ന് ഗുരു ഇത് പറഞ്ഞത് ചെത്ത് തൊഴിലാളികളോടായിട്ടാണ്. കാരണം ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ലഹരി വസ്തുവായിരുന്നു കള്ള്. എന്നാല്‍ പിന്നീട് ആധുനികതയുടെ ഭാഗമായി വന്ന മാറ്റങ്ങള്‍കൊണ്ട് കള്ള് താരതമ്യേന ഏറ്റവും ലഹരി കുറഞ്ഞ വസ്തുവായി മാറി. ഇപ്പോള്‍ വിദേശ മദ്യവും, മയക്ക് മരുന്നുകളും, കഞ്ചാവും മറ്റും അരങ്ങ് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ് തന്നെ വെളിപ്പെടുത്തുകയുണ്ടായി കേരളം മയക്കുമരുന്ന് കള്ളക്കടത്തിന്റെ ഇടനാഴിയായി മാറിയെന്ന്. മാത്രമല്ല സംസ്ഥാനത്ത് ഡിസംബര്‍ മാസത്തില്‍ തന്നെ എത്ര കോടി രൂപയുടെ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. പല കേസുകളിലും പിടിക്കപ്പെടുന്നത് വിദ്യാര്‍ത്ഥികളും സ്ത്രീകളും. കല്യാണത്തിനും മരണത്തിനും മുതല്‍ സ്‌കൂള്‍ യുവജനോത്സവത്തിന് വരെ മദ്യം സജീവ സാന്നിധ്യമാകുന്ന കാഴ്ച. ലഹരിക്ക് പുറത്ത് രക്തബന്ധം പോലും മറന്നുള്ള കുറ്റകൃത്യങ്ങള്‍ വ്യാപകമാവുകയും ചെയ്യുന്നു.

 

സര്‍ക്കാര്‍ നവോത്ഥാന മൂല്യസംരണത്തിനിറങ്ങുമ്പോള്‍ ആദ്യം ശ്രദ്ധകൊടുക്കേണ്ടത് മദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണെന്ന് ഈ യാഥാര്‍ത്ഥ്യങ്ങള്‍ അടിവരയിടുന്നു. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലഹരി കുറവാണെന്ന പേരില്‍ കള്ളിനെ ജനകീയമാക്കാനും, പൂട്ടിയ മദ്യശാലകള്‍ തുറക്കാനും, ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും, അത് സൂപ്പര്‍മാര്‍ക്കറ്റ് പോലെയാക്കാനും, ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാനും, വിദേശ നിര്‍മ്മിത വിദേശ മദ്യ വില്‍പന നിയമവിധേയമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മദ്യത്താല്‍ മലീമസമായിരിക്കുന്ന ഒരു സമൂഹത്തിന് വേണ്ടത് എന്താണോ അതിന് നേര്‍ വിപരീതമായ നടപടികള്‍.

 

 

Tags: