ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി; വിമാനത്താവളത്തിന് പുറത്തേക്കിറക്കില്ലെന്ന് പ്രതിഷേക്കാര്‍

Glint Staff
Fri, 16-11-2018 12:29:15 PM ;

ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകളായി കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ നില്‍ക്കുകയാണ് തൃപ്തി ദേശായിയും സംഘവും. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് തൃപ്തി ദേശായിയും അഞ്ച് സ്ത്രീകളും നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയത്. എന്നാല്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് അവര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.

 

ഇവരെ പുറത്തെത്തിക്കാനായി അധികൃതര്‍ ടാക്‌സി കാറുകളെ ബന്ധപ്പെട്ടെങ്കിലും സുരക്ഷയെ കരുതി ആരും വരാന്‍ തയ്യാറായില്ല. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിലയ്ക്കലിലെത്തിയാല്‍ യാത്രയ്ക്ക് സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് പോലീസ് പറയുന്നത്.

 

പുലര്‍ച്ചെ കുറച്ച് പ്രതിഷേധക്കാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും നേരം പുലര്‍ന്നതോടെ നൂറു കണക്കിന് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വിമാനത്താവള പരിസരത്ത് എത്തിയിട്ടുണ്ട്. മണ്ഡല  മകര വിളക്ക് പൂജകള്‍ക്കായി ഇന്നു വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നട തുറക്കുന്നത്.

 

 

 

 

Tags: