ശബരിമല വിഷയത്തില്‍ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ അക്രമം. തിരുവനന്തപുരത്തും കോഴിക്കോടും മലപ്പുറത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇതെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളിലുള്‍പ്പെടെ ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. ബി.ജെ.പി പിന്തുണയോടെയാണ് ഹര്‍ത്താല്‍ നടക്കുന്നത്.
ഹര്‍ത്താലിന്റെ പേരില്‍ വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു. നിയമവാഴ്ചയും സമാധാനാന്തരീക്ഷവും നിലനിര്‍ത്തുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹര്‍ത്താല്‍ അനുകൂലികളും സഹകരിക്കണമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
ശബരിമല തീര്‍ഥാടര്‍ക്ക് എല്ലാവിധ സുരക്ഷയും ലഭ്യമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ പ്രത്യേകസുരക്ഷയും പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ ഉറപ്പാക്കും.