സര്‍ക്കാര്‍ കഴിയുന്നതും കളവ് പറയാതിരിക്കേണ്ടത് പരിമിതമായ മാന്യതയാണ്. കാരണം സര്‍ക്കാര്‍ നിലപാകടുകള്‍ തീരുമാനങ്ങളാവുകയും ആ തീരുമാനങ്ങള്‍ സാമൂഹികമായും മാനസികമായും ജനങ്ങളെ സ്വാധീനിക്കുകയും ചെയ്യും. അടിസ്ഥാനപരമായി വിജിലന്‍സ് വകുപ്പിന്റെ പ്രസക്തി സര്‍ക്കാര്‍ ജീവനക്കാര്‍ ഏര്‍പ്പെടുന്ന കള്ളത്തരങ്ങള്‍ കണ്ടെത്തുക എന്നതാണ്. വിജിലന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ സത്യന്ധത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. യൂണിറ്റുകളില്‍ കിട്ടുന്ന പരാതികളില്‍, വിജിലന്‍സ് ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രം മതി പ്രാധമിക അന്വേഷണം എന്ന തീരുമാനം കാര്യക്ഷമത കൂട്ടാനാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഒപ്പം തന്നെ, വിജിലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) മേധാവിയായി മാറ്റിയത് ആ മേഖലയില്‍ അദ്ദേഹത്തിന്റെ മികവ് മാനിച്ചാണെന്നും പറയുന്നു.
ജേക്കബ് തോമസിനെ ആ സ്ഥാനത്ത് നിന്ന് മാറ്റാനുണ്ടായ കാരണം കേരളജനതക്ക് പൂര്‍ണ ബോധ്യമുള്ളതാണ്. ആ പദവിയിലിരുന്നുകൊണ്ട് അനുചിതമായും അവധാനതയില്ലാതെയും ജേക്കബ് തോമസ് പ്രവര്‍ത്തിച്ചിരുന്നു. അത് തന്നെ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റാന്‍ പര്യാപ്തമായ കാരണമായിരുന്നു. ജേക്കബ് തോമസിനെ ആ സ്ഥാനത്ത് നിന്നും മാറ്റേണ്ടതുമായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍, അദ്ദേഹത്തെ ഐ.എം.ജിയിലേക്ക് മാറ്റിയത് അധ്യാപന മികവ് പരിഗണിച്ചാണെന്നുള്ളത് സത്യവുമായി പുലബന്ധം പോലുമില്ലാത്തതാണ്. ഇങ്ങനെ അസത്യം ഹൈക്കോടതിയുടെ മുമ്പില്‍ പരസ്യമായി സത്യവാങ് മൂലത്തിലൂടെ സര്‍ക്കാര്‍ ബോധിപ്പിക്കുമ്പോള്‍ സാങ്കേതികമായി ന്യായീകരിക്കാമെങ്കിലും, അത് തത്വത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ കൊടിയ അഴിമതിയും അപരാധവുമാണ്. ഇത്തരത്തില്‍ സാങ്കേതികത ഉറപ്പാക്കി നടത്തപ്പെടുന്നതാണ് സര്‍ക്കാര്‍ ഓഫീസുകളിലെ 99% അഴിമതികളും.
സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ നല്‍കുന്ന സത്യവാങ് മൂലത്തില്‍ ഇത്തരത്തില്‍ അസത്യ പ്രസ്താവന ഉള്‍പ്പെടുത്തുമ്പോള്‍ ആ സംവിധാനത്തിലെ ഉദ്യോഗസ്ഥരിലേക്ക് ഇറങ്ങിച്ചെല്ലുന്ന സന്ദേശം എന്തായിരിക്കും എന്നുള്ളത് സാധാരണ ബുദ്ധികൊണ്ട് ആലോചിച്ചാല്‍ മനസ്സിലാക്കാം. ഇതേ സത്യവാങ്മൂലത്തിലാണ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി യൂണിറ്റുകളില്‍ കിട്ടുന്ന പരാതികളില്‍ ഡയറക്ടര്‍ പരിശോധിച്ചതിന് ശേഷം അന്വേഷണം മതിയെന്ന് പറയുന്നത്. ഈ സത്യവാങ്മൂലം ഹൈക്കോടതി സാങ്കേതികമായി സ്ഥിരീകരിച്ചാലും ജനങ്ങള്‍ എങ്ങനെ അതില്‍ വിശ്വസിക്കും. സര്‍ക്കാരിന്റെ വിശ്വാസ്യത ഇതിലൂടെ നഷ്ടമാകുന്നു. അഴിമതിക്കെതിരെയുള്ള നിലപാട് എത്ര തന്നെ ആവര്‍ത്തിച്ചാലും അതില്‍ വിശ്വാസ്യത ഇല്ലാതാകുന്നതും ഈ നിലപാട് മൂലമാണ്. കേരളത്തില്‍ ഇപ്പോള്‍ വിജിലന്‍സ് വകുപ്പ് ഏതാണ്ട് പ്രവര്‍ത്തനക്ഷമമല്ലാതായി മാറിയിട്ടുണ്ട്. ഈ സംഭവത്തിന്റെ വെളിച്ചത്തില്‍ വിജലന്‍സ് വകുപ്പിനെ എത്ര തന്നെ കാര്യക്ഷമമാക്കാന്‍ ശ്രമിച്ചാലും എവിടം വരെ അതിന് പോകാന്‍ കഴിയുമെന്നുള്ളത് ഈ സത്യവാങ് മൂലം തന്നെ വെളിപ്പെടുത്തുന്നില്ലേ?