ജാര്‍ഖണ്ഡില്‍ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ ബലാത്സംഗത്തിനിരയാക്കി

Glint Staff
Fri, 22-06-2018 02:44:31 PM ;

 stop rape

ജാര്‍ഖണ്ഡില്‍ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു. മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന അഞ്ച് സ്ത്രീകളെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ഇവരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

 

ചൊവ്വാഴ്ച വൈകുന്നേരം ഖുണ്ടി ജില്ലയിലെ കോചങ് ബ്ലോക്കിലെ ആര്‍.സി മിഷന്‍ സ്‌കൂളിനു സമീപം തെരുവുനാടകം കളിക്കുകയായിരുന്ന 11 പേരടങ്ങുന്ന സംഘത്തെയാണ് ആയുധധാരികള്‍ ആക്രമിച്ചത്. തുടര്‍ന്ന് സ്ത്രീകളെ ബലംപ്രയോഗിച്ച് കാറിനുള്ളില്‍ കയറ്റി ജനവാസമില്ലാത്ത സ്ഥലത്തെത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു.

 

തുടര്‍ന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് യുവതികളെ വിട്ടയച്ചത്. അക്രമികള്‍ ബലാല്‍സംഗ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സംഭവം പുറത്തു പറഞ്ഞാല്‍ അവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പോലീസിനോട് പറഞ്ഞു. പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

 

Tags: