ഭരണ-പ്രതിപക്ഷ വിലയിരുത്തലാകുമോ ചെങ്ങന്നൂര്‍?

Glint Staff
Fri, 25-05-2018 12:17:31 PM ;

chengannoor

ചെങ്ങന്നൂര്‍ വരുന്ന തിങ്ങളാഴ്ച പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. ഇത്രയും ദൈര്‍ഘ്യമേറിയ പ്രചാരണ കാലം അടുത്തെങ്ങും കേരളത്തിലുണ്ടായിട്ടില്ല. എല്ലാമുന്നണികളുടെയും ആവേശകരമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഒരു ഉപതിരഞ്ഞെടുപ്പ് എന്നതിലുപരി പല മാനങ്ങളും ചെങ്ങന്നൂരിനുണ്ട്. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന എല്‍.ഡി.എഫിനും എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് പറഞ്ഞവര്‍ ഒന്നും ശരിയാക്കുന്നില്ലെന്ന് പറയുന്ന പ്രതിപക്ഷത്തിനും കേരളത്തില്‍ ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്മെന്റ് ഭരണമാണ് നടക്കുന്നതെന്ന് പറയുന്ന ബി.ജെ.പിക്കും അഭിമാന പോരാട്ടം തന്നെയാണ് ചെങ്ങന്നൂര്‍.

 

എല്‍.ഡി.എഫിനെ സംബന്ധിച്ചെടുത്തോളം ഭരണത്തിന്റെ വിലയിരുത്തല്‍  ചെങ്ങന്നൂരില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ പല നേട്ടങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അവയേക്കാള്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തിലാണ് കോട്ടങ്ങള്‍ മുഴച്ച് നില്‍ക്കുന്നത്. ബന്ധുനിയമനവിവാദം തൊട്ട് മലപ്പുറത്തെ തിയേറ്റര്‍ പീഡനം വരെയുള്ള സംഭവങ്ങള്‍ സര്‍ക്കാരിന്റെ പേരിന് കളങ്കം സമ്മാനിച്ചവയാണ്. സജി ചെറിയാന്‍ എന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ സി.പി.എം കളത്തില്‍ ഇറക്കിയത് ഈ വെല്ലുവിളികള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ്. എന്നാല്‍ മരിച്ചുപോയ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍ നാട്ടില്‍ കൊണ്ടുവന്ന വികസനമാണ് ഇടത് പക്ഷം പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. ഒപ്പം പാര്‍ട്ടിയുടെ താഴേത്തട്ട് മുതല്‍ സജി ചെറിയാനുള്ള സ്വാധീനവും അനുകൂലമാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

 

കോണ്‍ഗ്രസ് ആകട്ടെ പരാജയപ്പെട്ട പ്രതിപക്ഷം എന്ന ആക്ഷേപവും പേറിക്കൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.പതിവില്‍ നിന്ന് വിരുദ്ധമായി, തര്‍ക്കങ്ങള്‍ ഇല്ലാതെയാണ് ഡി.വിജയകുമാറിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയത് എന്നതില്‍ അവര്‍ക്ക് ആശ്വസിക്കാമെങ്കിലും പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തല്‍ ചെങ്ങന്നൂരില്‍ നടക്കും എന്ന മറുപക്ഷത്തിന്റെ പ്രചാരണം വെല്ലുവിളി തന്നെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എ പി.സി വിഷ്ണുനാഥിന് തോല്‍വിയുണ്ടായത് സോളാര്‍ വിഷയുവുമായി ഉയര്‍ന്നു വന്ന ആരോപണങ്ങളാണ്. എന്നാല്‍ വലിയ വിവാദമായ സരിതയുടെ കത്ത് സോളാര്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയതിനെയാണ് കോണ്‍ഗ്രസ് ഇത്തവണ ആയുധമാക്കുന്നത്. ഡി.വിജയകുമാറിനെതിരെ വ്യക്തിപരമായ ആരോപണങ്ങളൊന്നും ഇല്ലെന്നതും അദ്ദേഹത്തിന്റെ ജനസമ്മതിയും യു.ഡി.എഫ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നു.

 

 

ബി.ജെ.പി തങ്ങളുടെ കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥിയായ അഡ്വ പി.എസ് ശ്രീധരന്‍ പിള്ളയെ ആണ് ഇക്കുറിയും രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ അദ്ദേഹത്തിന് ലഭിച്ച വോട്ട് തന്നെയാണ് അതിന് കാരണം. പക്ഷേ ഇക്കുറി അവരെ അലട്ടുന്നത് ഘടക കക്ഷിയായ ബി.ഡി.ജെ എസ്സിന്റെ  നിസ്സഹകരണമാണ്. മാത്രമല്ല എസ്. എന്‍.ഡി.പി യോഗത്തിന്റെ ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നില്ല എന്ന നിലപാടും എന്‍.ഡി.എക്ക് ക്ഷീണം വരുത്തും. എന്നാല്‍ ശ്രീധരന്‍ പിള്ളയുടെ വ്യക്തി പ്രഭാവത്തില്‍ തങ്ങള്‍ക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സഹായിക്കുമെന്നാണ് അവര്‍ കരുതുന്നത്. ഒപ്പം ഭരണ പ്രതിപക്ഷ പരാജയമാണ് കേരളത്തില്‍ എന്നുള്ള ശക്തമായ ആക്ഷേപവും അവര്‍ ഉന്നയിക്കുന്നു. മുന്നണി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെങ്കിലും ദേശീയ നേതാക്കളെ ഇറക്കിയുള്ള പ്രചാരണമാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് നടന്നുകൊണ്ടിരിക്കുന്നത്.

 

 

ഒരു തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സാമൂഹ്യ വികസന വിഷയങ്ങളാണ് ചര്‍ച്ചയാകേണ്ടതെങ്കില്‍ ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികളും അതിനെയൊക്കെ രണ്ടാം പിന്‍പന്തിയിലേക്ക് തള്ളിയിരിക്കുകയാണ്. പകരം സാമുദായിക, അവസരവാദ രാഷ്ട്രീയം പയറ്റുകയാണ്. അത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണത്തിലും പ്രകടവുമാണ്. അതില്‍ പെട്ടുപോകാതെ ജനായത്തത്തില്‍ ജനങ്ങളുടെ പങ്ക് എന്താണെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ ചെങ്ങന്നൂര്‍ ജനതയ്ക്കാകട്ടെ.

 

Tags: