ശ്രീലേഖയുടെ നിര്‍ദേശവും ആട്-മാട് രാഷ്ട്രീയവും

Glint Staff
Tue, 08-05-2018 03:37:58 PM ;

R. Sreelekha

ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ സര്‍ക്കാരിന് മുമ്പില്‍ ഒരു നിര്‍ദേശം വച്ചിരിക്കുന്നു, തടവ് പുള്ളികള്‍ക്ക് ആഴ്ചയില്‍ കൊടുക്കുന്ന ആട്ടിറച്ചി ഒഴിവാക്കണമെന്ന്. കാരണമായി പറഞ്ഞിരിക്കുന്നത് ആട്ടിറിച്ചിയിലുള്ള കൊഴുപ്പ് അവരില്‍ കുറ്റവാസനയെ വര്‍ധിപ്പിക്കുന്നു എന്നാണ്. മറ്റെല്ലാ ഇടങ്ങളിലെയും ജയിലുകളില്‍ സസ്യാഹാരമാണ് കുറ്റവാളികള്‍ക്ക് കൊടുക്കുന്നത്. ഇറച്ചിയുടെ കൊഴുപ്പ് കുറ്റവാസനയെ വര്‍ദ്ധിപ്പിക്കുന്നു എന്നതിന് ഉപോല്‍ബലകമായി ശ്രീലേഖ ചൂണ്ടിക്കാണിച്ചിരിക്കുന്നത് വിദേശ ശാസ്ത്ര പഠനറിപ്പോര്‍ട്ടുകളാണ്. കൂടാതെ സര്‍ക്കാരിനുണ്ടാകുന്ന ഭാരിച്ച ചെലവും ഒഴിവാക്കാമെന്ന് ശുപാര്‍ശയില്‍ പറയുന്നു.

 

ശാസ്ത്രീയവും സാമ്പത്തികവുമായ കാരണങ്ങളാണ് ശ്രീലേഖ ഈ നിര്‍ദേശത്തിന്റെ ഭാഗമായി ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ സാധാരണ മാംസങ്ങളില്‍ വച്ച് ആട്ടിറച്ചിയുടെ കൊഴുപ്പാണ് താരതമ്യേന അപകടകാരിയല്ലാത്തതായി പരിഗണിച്ചിട്ടുള്ളത്. ആയുര്‍വേദത്തില്‍ അജമാംസം കൊണ്ട് രസായനവും ഉണ്ടാക്കാറുണ്ട്. അതെന്തുമായിക്കൊള്ളട്ടെ. ആട്ടിറച്ചിയേക്കാള്‍ എത്രയോ മടങ്ങ് കൊഴുപ്പും, രൂക്ഷതയും കൂടിയതാണ് ബീഫ്. ബീഫിന്റെ പേരില്‍ രാജ്യത്തെമ്പാടും ഉയര്‍ന്ന് വന്ന സാമൂഹിക പ്രശ്‌നങ്ങളും അതിന്റെ പേരില്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളും ഇതുവരെ ഇന്ത്യയില്‍ കെട്ടടങ്ങിയിട്ടില്ല.

 

ആ പശ്ചാത്തലത്തില്‍ ബീഫ് മേള നടത്തി പ്രതിഷേധം പ്രകടിപ്പിച്ച പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്. ബീഫ് മേള നടത്തിയിട്ടുള്ള രാഷ്ട്രീയ നേതൃത്വം മാംസങ്ങളുടെ ഇടയില്‍ ശാന്ത സ്വഭാവമുള്ള ആട്ടിറച്ചി ശ്രീലേഖ പറഞ്ഞ കാരണത്താല്‍ ജയിലില്‍ നിന്ന് ഒഴിവാക്കുകയാണെങ്കില്‍, അത് ഒരു രാഷ്ട്രീയ തീരുമാനമായിരിക്കും. കാരണം ആട്ടിറച്ചി അത് ഉപയോഗിക്കുന്നവരില്‍ കുറ്റവാസന വര്‍ദ്ധിപ്പിക്കുമെങ്കില്‍, മാട്ടിറച്ചിയുടെ കാര്യത്തില്‍ അത് എത്രമാത്രമായിരിക്കും? ഇത് സാമാന്യ യുക്തിയിലുണ്ടാകുന്ന ചോദ്യം മാത്രം. എന്നാല്‍ രാഷ്ട്രീയമായി ദേശീയ പ്രാധാന്യമുള്ളതും. ആട്ടിറച്ചിക്കു പകരം കോഴിയിറച്ചിയോ മുട്ടയോ കുടുക്കാമെന്നാണ് ശ്രീലേഖയുടെ നിര്‍ദേശം. ഹോര്‍മോണുകളാല്‍ സമ്പുഷ്ടമായ കോഴിയിറച്ചി കഴിച്ചാല്‍ രോഗങ്ങള്‍ക്ക് പുറമെ ലൈംഗിക ആസക്തിയും വര്‍ദ്ധിക്കുമെന്ന് പഠനങ്ങളുണ്ട്. ആ നിലക്ക് ലൈംഗിക തൃപ്തിക്ക് അവസരമില്ലാത്ത ജയിലുകളില്‍ അത് വര്‍ദ്ധിക്കുന്നത് കുറ്റവാസനയിലേക്ക് നയിക്കില്ലേ?

 

വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ ശ്രീലേഖയുടെ ശുപാര്‍ശ നിഷ്‌കളങ്കവും ശാസ്ത്രയുക്തവുമെന്ന് വേണമെങ്കില്‍ തോന്നാം. എന്നാല്‍ അത്ര നിഷ്‌കളങ്കമാകാന്‍ സാധ്യതയില്ല ആ ശുപാര്‍ശ എന്ന് വേണം കരുതാന്‍. സര്‍വീസില്‍ നിന്ന് വിരമിക്കലിനോട് സമീപിക്കുന്ന ശ്രീലേഖക്ക് വല്ല രാഷ്ട്രീയ ലക്ഷ്യവും ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍, ആ സംശയം ആസ്ഥാനത്താകാനും വഴിയുണ്ട്. ഒരു കാര്യം ഉറപ്പാണ്, ആട്ടിറച്ചിയേക്കാള്‍ മാട്ടിറച്ചി അത് ഉപയോഗിക്കുന്നവരില്‍ ശ്രീലേഖയുടെ കൈവശമുള്ള വിദേശ ശാസ്ത്ര പഠനപ്രകാരം കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തും. അങ്ങനെയെങ്കില്‍ സമൂഹത്തില്‍ ഇന്ന് കാണപ്പെടുന്ന കുറ്റകൃത്യങ്ങളും ഭക്ഷണ രീതിയുമെന്ന വിഷയത്തിലേക്ക് ശ്രീലേഖ ഭരണകൂടത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് കാതലായ ഒരു രാഷ്ട്രീയ വിഷയത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.

 

 

Tags: