ഡി.ജി.പി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത് പലവിധത്തില്‍ വ്യാഖ്യാനിക്കപ്പെടാവുന്ന നടപടി ആണ്. നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഡി.ജി.പി പദവിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. സര്‍ക്കാരിനെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചു എന്നതാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണമായി പറയുന്നത്. നടപടിയെ ന്യായീകരിക്കുന്നതിന് ആ കാരണം ധാരാളം.
എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടിയെടുക്കല്‍ ഒരു മറയാണോ എന്ന സംശയം സൃഷ്ടിക്കുന്നുണ്ട്. കാരണം ഒറ്റ വെടിക്ക് മൂന്ന് പക്ഷികളെയാണ് പിണറായി വിജയന്‍ വീഴ്ത്തിയിരിക്കുന്നത്. ഒന്നാമത്തേത് സോളാര്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ച് താല്‍ക്കാലിക മായിട്ടാണെങ്കില്‍ പോലും അനുകൂല തീരുമാനം നേടിയെടുത്തിരിക്കുന്നു. സോളാറിനെ വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച മുഖ്യമന്ത്രി പിണറായി വിജയന് കോടതിയുടെ ഭാഗത്തു നിന്ന് കനത്ത പ്രഹരവും ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു. ഈ സംഭവം വലിയ വര്‍ത്തയിലേക്കും ചര്‍ച്ചയിലേക്കും കൊണ്ടുപോകാതെ മാധ്യമ ശ്രദ്ധ തിരിച്ചുവിടാന്‍ ജേക്കബ് തോമസിലൂടെ പിണറായി ശ്രമിക്കുന്നു.
രണ്ട് ജേക്കബ് തോമസ് വിജിലന്‍സ് മേധാവി ആയിരുന്നപ്പോള്‍ നിലവിലെ ചീഫ് സെക്രട്ടറി കെ എം എബ്രഹാം ഉള്‍പ്പെടെയുള്ള ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും അവരുടെ വസതികളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇത് വലിയ രീതിയിലുള്ള ഉദ്യോഗസ്ഥ ചേരിതിരിവിലേക്ക് നയിക്കുകയും അത് ഭരണനടത്തിപ്പിനെ തന്നെ ബാധിക്കുകയും ചെയ്തിരുന്നു. ജേക്കബ് തോമസിനെതിരെ നടപടി എടുത്തത് വഴി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഉദ്യോഗസ്ഥരില്‍ കൂടുതല്‍ വിശ്വാസം നേടിയെടുക്കാന്‍ സാധിക്കും. അത് സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന വിശ്വാസവും സര്‍ക്കാരിനുണ്ടാകും.
മൂന്നാമത് ഓഖി ദുരന്തത്തില്‍ പ്രതിഛായ നഷ്ട്ടപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഈ നടപടി വഴി തങ്ങള്‍ ശക്തരാണെന്നും നടപടിയെടുക്കാന്‍ ഭയയമില്ലെന്നും സ്ഥാപിക്കാന്‍ കഴിയുമെന്ന ചിന്തയും ഉണ്ടാകാം.
ജേക്കബ് തോമസിനെ സംബന്ധിച്ചിടത്തോളം ചോദിച്ചുവാങ്ങിയ നടപടിയാണെന്ന് പറയാം. കാരണം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് അദ്ദേഹം തിരികെ എത്തി. ആ വരവ് ഒരു കാടടച്ചുള്ള വെടിയിലേക്കാണ് അദ്ദേഹത്തെ നയിച്ചത്. വ്യക്തിപരമായ താല്‍പര്യങ്ങള്‍ പലകേസുകളിലും ഉണ്ടായെന്ന് പ്രത്യക്ഷത്തില്‍ ചിന്ത ജനിപ്പിക്കുന്ന തീരുമാനങ്ങളാണ് ജേക്കബ് തോമസ്‌ന്റെ ഭാഗത്ത് നിന്നുണ്ടായത്. പലപ്പോഴും പ്രായോഗികതയേക്കാള്‍ വൈകാരികതയാണ് അദ്ദേഹത്തിന്റെ നിലപാടുകളിലും നടപടികളിലും നിഴലിക്കുന്നത്. വൈകാരികതക്ക് അദ്ദേഹം പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടക്കത്തില്‍ പറക്കുന്ന തത്ത പ്രയോഗവും, കാര്‍ഡ് പുറത്തെടുക്കല്‍ പ്രകടനവും ഉണ്ടായത്. അതേ കാരണം കൊണ്ടു തന്നെയാണ് പിണറായി വിജയനെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തക പ്രകാശനത്തിലേക്ക് ക്ഷണിച്ചതും. മുഖ്യമന്ത്രിയുമായുള്ള അടുപ്പം അകലമായപ്പോള്‍ സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണെന്നും ഇതേ ജേക്കബ് തോമസ് പറഞ്ഞു.
ഇതിലൂടെ സാമാന്യ ജനം അദ്ദേഹത്തെ വിലയിരുത്തുക അവസരവാദി എന്നായിരിക്കും. കാരണം തനിക്കനുകൂലമായി മറ്റുള്ളവര്‍ നിലപാടെടുത്താല്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളെ പറ്റി മിണ്ടാതിരിക്കുകയും ഏതെങ്കിലും സമയം അവര്‍ എതിരായാല്‍ അവരെ അഴിമതിക്കാരാക്കുകയുംചെയ്യുന്ന സമീപനമാണ് ജേക്കബ് തോമസ് സ്വീകരിച്ചു വരുന്നത്. മാത്രമല്ല അഴിമതി ഇല്ലാതാക്കുന്ന പ്രക്രിയ കേവലം ഭരണ തലത്തിലെ ശുദ്ധികലശം കൊണ്ട് സാധ്യമാകുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സാമൂഹത്തിലെ ഓരോ പൗരനിലും ആ പ്രക്രിയ നടത്തിയാലെ അഴിമതി ഇല്ലാതാക്കാനാകൂ. ഇതിനൊപ്പം എടുത്ത് പറയേണ്ടത് താന്‍ മാത്രമാണ് അഴിമതി ചെയ്യാത്ത വ്യക്തി എന്ന ചിന്തയും അദ്ദേഹത്തില്‍ ഉണ്ട് പലപ്പോഴും അത്തരത്തിലാണ് അദ്ദേഹം പ്രതികരിക്കുന്നത്. ആ ചിന്ത അദ്ദേഹത്തെ നയിച്ചതിന്റെ ഫലമായിട്ടാണ് ഇന്ന് വിജിലന്‍സ് ഡയറക്ടര്‍ എന്ന പദവി പേരിനുമാത്രമായിരിക്കുന്നത്.
സര്‍ക്കാരിന്റെ നടപടി ചട്ടപ്രകാരം സാധൂകരണമുള്ളതാണെങ്കിലും അതിന് പിന്നിലെ ഉദ്ദേശശുദ്ധി സാധാരണക്കാര്‍ക്ക് സംശയം ഉണ്ടാക്കുന്നതാണ്. കാരണം ടോമിന്‍ ജെ തച്ചങ്കരിയെപ്പോലെയുള്ള ഒട്ടേറെ അഴിമതി ആരോപണങ്ങളുടെ നിഴലില്‍ നിലനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ വിശ്യസ്ഥരായി താക്കോല്‍ സ്ഥാനങ്ങളില്‍ തുടരുകയാണ്. ജേക്കബ് തോമസിന്റെ അഴിമതിക്കെതിരെയുള്ള സമീപനം വ്യക്തിപരവും വൈകാരികപരവുമായിരുന്നു എന്നാണ് അദ്ദേഹം വിജിലന്‍സ് ഡയറക്ടറായിരിക്കെ എടുത്ത പല നടപടികളും വെളിവാക്കുന്നത്. ഈ രണ്ട് പ്രതിഭാസങ്ങള്‍ കൊണ്ട് അഴിമതിയുടെ യഥാര്‍ത്ഥ കാരണത്തിലേക്കും അത് ഒഴിവാക്കേണ്ട രീതിയിലക്കും സമൂഹത്തിന്റെ ശ്രദ്ധയും ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയും പോകാതെ വരും. ഈ സാഹചര്യമാണ് അഴിമതി തഴച്ച് വളരുന്നതിനും ഒഴുകുന്നതിനും അവസരമൊരുക്കിക്കൊടുക്കുന്നത്.