രാഹുല്‍ സ്ഥാനമേല്‍ക്കുമ്പോള്‍

Glint staff
Fri, 15-12-2017 06:44:43 PM ;

Rahul Gandhi, Sonia Gandhi

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി കടന്നു വരികയാണ്. നീണ്ട പത്തൊന്‍പത് വര്‍ഷമായി ആ സ്ഥാനത്ത് തുടരുന്ന  സോണിയ ഗാന്ധിയുടെ നേതൃത്വത്തിന് ഇതോടെ അവസാനമാകുന്നു. രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉന്നത പദവിയിലേക്കാണ് രാഹുല്‍ എത്തുന്നത്. അതിനാല്‍ തന്നെ ആ സ്ഥാനാരോഹണം പ്രാധാന്യമര്‍ഹിക്കുന്നു. മഹാത്മാ ഗാന്ധിയും ജവഹര്‍ ലാല്‍ നെഹ്രുവും വഹിച്ച  പദവിയിലേക്കാണ് ഇപ്പോള്‍ രാഹുലും എത്തുന്നത്.

 

രാഹുല്‍ ഗാന്ധിയുടെ പദവി ഏറ്റെടുക്കലിനെ കോണ്‍ഗ്രസിന്റെ തലമുറമാറ്റം എന്നാണ് സ്വന്തം പാര്‍ട്ടിക്കാര്‍  വിശേഷിപ്പിക്കുന്നത്. പ്രായം നാല്‍പ്പത് പിന്നിട്ടെങ്കിലും രാഹുലിനെ യുവത്വത്തിന്റെ പ്രതീകമായിട്ടാണ് അവതരിപ്പിച്ചു കാണുന്നത്. ഇന്ത്യന്‍ ദേശീയ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പ്രായം വച്ച് നോക്കിയാല്‍ രാഹുലിനിപ്പോഴും യൗവനം തന്നെയാണ്.   കുട്ടിത്തമുള്ള യുവത്വത്തില്‍ നിന്നും പക്വതയുള്ള യുവത്വത്തിലേക്ക് രാഹുല്‍ കടന്നിരിക്കുന്നു. അമേരിക്കന്‍ സന്ദര്‍ശനവും അവിടെ നടത്തിയ പ്രസംഗങ്ങളും പ്രതികരണങ്ങും പഴയ രാഹുലിന്റേതായിരുന്നില്ല.

 

മാറ്റം പ്രകടമായിരുന്നു ഗുജറാത്ത് തിരഞ്ഞടുപ്പിലും. കഴിഞ്ഞ തിരഞ്ഞടുപ്പുകളില്‍ എതിരാളികളുടെ സാന്നിധ്യം ബി.ജെ.പി ശ്രദ്ധിക്കുന്നു പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ അവര്‍ വിയര്‍ത്തു. ഭരണവിരുദ്ധ വികാരമുള്ള നേതാക്കളെയും സംഘടനകളെയും ഒരുമിച്ച് നിര്‍ത്തി ബി.ജെ.പിക്കെതിരെ കടുത്ത മത്സരം നടത്താന്‍ രാഹുലിന് കഴിഞ്ഞു. ഗുജറാത്തിലെ ഫലം കോണ്‍ഗ്രസിനനുകൂലമോ പ്രതികൂലമോ ആകട്ടെ. ജനവിധി എതിരായാലും രാഹുലിനെ സാരമായി ബാധിക്കില്ല. കാരണം രാജ്യത്ത് പ്രതിപക്ഷമില്ലാത്ത അവസ്ഥ അവസാനിച്ചിരിക്കുന്നു. അതിലേക്ക് നയിച്ചത് രാഹുലാണ്.

 

അദ്ദേഹത്തിന് എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു എന്ന് സമ്മതിക്കാതിരിക്കാന്‍ വയ്യ. പക്ഷെ ആ മാറ്റത്തിന് ലഭിക്കുന്ന അംഗീകാരത്തിന് പിന്നില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനോടുള്ള എതിര്‍പ്പാണ്. ആ അംഗീകാരം നിലനിര്‍ത്തണമെങ്കില്‍ രാഹുല്‍ തന്റെ നയം വ്യക്തമാക്കണം, ഇന്ത്യയുടെ വികസനത്തിനായി താന്‍ എന്താണ് പുതിയതായി ചെയ്യാന്‍ പോകുന്നതെന്ന് പറയണം. ആ പറച്ചില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്നതായിരിക്കണം. ആ പ്രതീക്ഷ പ്രാവര്‍ത്തികമാക്കുകയും വേണം. അല്ലാത്ത പക്ഷം അടുത്ത മോഡിയായി രാഹുല്‍ മാറും. രാജീവ് ഗാന്ധിയുടെ നയം തന്നെയാണ് മോഡി സ്വീകരിച്ചിരിക്കുന്നത്. എന്നു വച്ചാല്‍ കോണ്‍ഗ്രസിന്റെ നയം. ആ നയത്തിനെതിരെയാണ് ഇപ്പോള്‍ ജനവികാരം ഉയരുന്നത്. ജനവികാരം ശമിപ്പിക്കണമെങ്കില്‍ പുതിയ ആശയങ്ങളും പദ്ധതികളും ആവശ്യമാണ്. ആ ആവശ്യത്തെ ഉള്‍ക്കൊള്ളുമോ അതോ കേവലം പിന്തുടര്‍ച്ചക്കാരനാകുമോ  എന്നതാണ് രാഹുലിന്റെ ഭാവിയെ നിശ്ചയിക്കുക.

 

 

Tags: