ഞായറാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഒരുകാര്യം വ്യക്തമാക്കുന്നു .അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന ദേശീയ വിഷയത്തില്‍ പോളിറ്റ് ബ്യൂറോ രണ്ട് ഭാഗമായിരിക്കുന്നു. ഒന്ന് ഭൂരിപക്ഷമുള്ള കേരള ഘടകവും മറ്റൊന്ന് ബംഗാള്‍ ഘടകവും. സി.പി.എമ്മിന്റെ പ്രഖ്യാപിത നയമാണ് മതേതരത്വം. ആ മതേതരത്വം സി.പി.എമ്മിന്റെ തന്നെ വിശകലനത്തില്‍ ഏറ്റവും ഗുരുതരമായ ഭീഷണി നേരിടുന്ന സമയമാണിത്. അടുത്ത തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുന്ന ബി.ജെ.പിക്കെതിരായി വിശാല പ്രതിപക്ഷ നിരയെന്ന ആശയമാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉയര്‍ത്തിക്കാട്ടുന്നത്. അതിന്റെ മുന്നോടിയായിട്ടാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് പശ്ചിമ ബംഗാളില്‍ സി.പി.എം മത്സരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് അത് ഫലത്തില്‍ പ്രകടമായില്ല.
കോണ്‍ഗ്രസുമായുള്ള ഒരുവിധ സഹകരണത്തിനും തയ്യാറല്ല പ്രകാശ് കാരാട്ടും മറ്റ് ഭൂരിഭാഗം പി.ബി അംഗങ്ങളും. അതിന്റെ കാരണം കേരളത്തില്‍ സി.പി.എമ്മിന്റെ മുഖ്യ പ്രതിപക്ഷം കോണ്‍ഗ്രസ് ആയതിനാലാണ്. ഈ കേരള താല്‍പ്പര്യമാണ് പ്രകാശ് കാരാട്ടിന്റെ നിലപാടിനെ നയിക്കുന്നത്. പശ്ചിമ ബംഗാളില്‍ നാമാവശേഷമായ സി.പി.എം ദേശീയതലത്തില്‍ സാന്നിധ്യം വിളിച്ചറിയിക്കുന്നത് ഇടതുപക്ഷ പ്രസക്തിയിലൂടെയും അതിന്റെ മതേതര നിലപാടുകളിലൂടെയുമാണ്. നിലവിലെ സാഹചര്യത്തില്‍ നേതൃത്വപരമായും ആശയപരമായും മാത്രമാണ് സിപിഎമ്മിന് ദേശീയതലത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കാന്‍ കഴിയുക. അതാകട്ടെ പ്രധാന പ്രതിപക്ഷ കക്ഷികളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഏകോപനത്തിലൂടെയും. അതിനാവശ്യം നേതൃ ഗുണമാണ് ആ നേതൃഗുണം ഇന്ന് പ്രതിപക്ഷത്ത് അവശേഷിക്കുന്ന ഏക നേതാവാണ് സീതാറാം യെച്ചൂരി.
യെച്ചൂരിയെ അംഗീകരിക്കാനുള്ള പ്രകാശ് കാരാട്ടിന്റെ വിമുഖതയും പോളിറ്റ് ബ്യൂറോയുടെ നിലപാടില്‍ നിഴലിക്കുന്നുണ്ട്.അതാണ് എതിരാളികള്‍ പോലും യെച്ചൂരിയുടെ സാന്നിധ്യം ലോക്സഭയില്‍ ആഗ്രഹിച്ചിട്ടും സാങ്കേതികതയില്‍ തൂങ്ങി സി.പി.എം അത് സാധ്യമാക്കാതിരുന്നത്. പ്രതിപക്ഷ അംഗസംഖ്യ നാമമാത്രമായ പാര്‍ലമെന്റില്‍ ഭരണപക്ഷത്തിനെതിരെ ശക്തമായ ശബ്ദം മുഴങ്ങിയിരുന്നത് രാജ്യസഭയിലെ യെച്ചൂരിയുടെ സാന്നിധ്യത്തിലൂടെയാണ്. അതുകൊണ്ടാണ് യെച്ചൂരിയുടെ കാലാവധി നീട്ടിക്കൊടുക്കണം എന്ന് മറ്റ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. ഒരു പക്ഷെ ആ നേതൃവൈഭവം തന്നെയാകാം കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സ്ഥിതിയെ പശ്ചാത്തലമാക്കി ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്നുള്ള നിലപാടിനെ സി.പി.എം തള്ളിക്കളയാന്‍ കാരണം.
ഓരു രാഷ്ട്ര തന്ത്രജ്ഞന്റെയും പ്രായോഗിക സമീപനത്തിന്റെയും ആവസാന വാതില്‍ തുറന്നിട്ടിട്ടുള്ള പ്രമേയമായിരുന്നു യെച്ചൂരി പോളിറ്റ് ബ്യൂറോയില്‍ അവതരിപ്പിച്ചത്, കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെ. ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സി.പി.എം പോലൊരു രാഷ്ട്രീയ പ്രസ്ഥാനം സ്വീകരിക്കേണ്ട നിലപാടിന് താത്വികകമായി തടസം ഉണ്ടാകാതിരിക്കാനുള്ള ശ്രമവും അനുരഞ്ജനവും സമീപനവുമായിരുന്നു അത്. ഈ ശേഷിതന്നെയാണ് യെച്ചൂരിയെ പൊതു സമ്മതനാക്കുന്നത്. അതിനെയാണ് ഭൂരിപക്ഷമുള്ള കേരള ഘടകം എതിര്‍ക്കുന്നതും.
ഒരുപക്ഷേ വര്‍ത്തമാനകാല സാഹചര്യത്തില്‍ യെച്ചൂരിയുടെ അഖിലേന്ത്യാതലത്തിലുള്ള നേതൃ സാന്നിധ്യമൊഴിച്ചാല്‍ സി.പി.എം കേരളത്തില്‍ മാത്രം പ്രബലാവസ്ഥയിലുള്ള ഒരു പാര്‍ട്ടിയായി പരിണമിച്ചു എന്നുള്ള യാഥാര്‍ത്ഥ്യം കേരളം ഘടകം കാണുന്നുണ്ടാകാം. ആ പ്രബലാവസ്ഥ സി.പി.എം നിലനിര്‍ത്തുന്നത് തങ്ങളുടെ മുഖ്യ എതിരാളിയായ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യമുന്നണിയെ നേരിട്ടുകൊണ്ടാണ്. അതേസമയം കേരളത്തില്‍ ഏറ്റുമുട്ടല്‍ രാഷ്ട്രീയത്തില്‍ എതിര് പക്ഷത്തു നില്‍ക്കുന്നത് ബി.ജെ.പിയുമാണ്.
ബി.ജെ.പിയുമായി ഏറ്റുമുമുട്ടല്‍ രാഷ്ട്രീയം തുടരുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ തങ്ങള്‍ക്കനുകൂലമാകുമെന്നും സി.പി.എം കരുതുന്നുണ്ട്. അത് കോണ്‍ഗ്രസിന്റെ അടിത്തറയെ ദുര്‍ബലമാക്കും, ബി.ജെ.പിയുടെ ശക്തിവര്ധിപ്പിക്കുകയും ചെയ്യും. ഈ മാറ്റത്തില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സി.പി.എം കൂടുതല്‍ സാധ്യത കാണുന്നുണ്ടാകും. ആ സാധ്യതയെ ഇല്ലാതാക്കാനുള്ള വൈമുഖ്യമാകാം കേരളഘടകത്തെ ദേശീയ അടിയന്തര ആവശ്യത്തിനെതിരെ മുഖം തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു ദേശീയ രാഷ്ട്രീയ കക്ഷി എന്ന നിലക്ക് ക്രിയാത്മകമായി ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലേക്ക് സി.പി.എം മാറും. അങ്ങനെ മാറുമ്പോള്‍ സീതാറാം യെച്ചൂരിക്കോ ബംഗാള്‍ ഘടകത്തിനോ പ്രത്യേകിച്ച് പ്രസക്തി ഇല്ലാതാകുന്നു. ഈ അവസ്ഥാവിശേഷത്തില്‍ അവസാന നിമിഷം സി.പി.എമ്മില്‍ പിളര്പ്പുണ്ടായായാല് അത് സ്വാഭാവിക ഫലമായിരിക്കും .