ചാണ്ടിയുടെ രാജി: മാധ്യമങ്ങള്‍ വിജയിക്കുമ്പോള്‍ ജനായത്തം പരാജയപ്പെടുന്നു

Glint staff
Thu, 16-11-2017 03:57:54 PM ;

thomas-chandy, TV Prasad, Rmesh Chennithala

രാഷ്ട്രീയം ചോര്‍ന്നുപോയാല്‍ പൊള്ളയായ ആവരണം പോലെയാകും ജനായത്തം. ചെറുതായി ചെറുതായുള്ള ഉള്ളൊലിച്ചുപോക്ക് പ്രത്യക്ഷമാകില്ല. അതിനാല്‍ അത് ശ്രദ്ധയില്‍ പെടുകയുമില്ല. പ്രത്യക്ഷത്തില്‍ തോമസ് ചാണ്ടിയുടെ രാജി മാധ്യമങ്ങളുടെ വിജയമാണെന്ന് തോന്നും. പ്രത്യേകിച്ചും ഏഷ്യാനെറ്റിന്റെ ആലപ്പുഴ ലേഖകന്‍ ടി.വി പ്രസാദിന്റെ തിളക്കമാര്‍ന്ന വിജയമായി കരുതാം. എന്നാല്‍ ചാണ്ടിയുടെ രാജി അതേ സമയം ജനായത്തത്തിന്റെ പരാജയവുമാണ്. ജനായത്തത്തില്‍ മാത്രമേ മാധ്യമങ്ങള്‍ക്കും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സ്ഥാനമുള്ളൂ. അതുകൊണ്ട് പരോക്ഷമായി മാധ്യമങ്ങളുടെ പരാജയവും ജനായത്തത്തിന്റെ ഒലിച്ചുപോക്കുമാണ് സംഭവിച്ചിരിക്കുന്നത്. കാരണം ഭരണത്തില്‍ ഇരിക്കുന്ന രാഷ്ട്രീയനേതൃത്വം അഴിമതിക്ക് കൂട്ടുനിന്നപ്പോള്‍, അതിനെ പ്രതിരോധിക്കാനോ തടയാനോ ഉള്ള പ്രതിപക്ഷം ഇവിടെ ഉണ്ടായില്ല.  അത് ഭരണ നേതൃത്വത്തിന്റെ അഴിമതി സംരക്ഷണത്തിനുള്ള പിന്തുണയായി മാറി .

 

പ്രസ്ഥാനങ്ങങ്ങള്‍ പ്രഖ്യാപിത ആശയങ്ങളില്‍ നിന്ന് മാറി വ്യക്തികളുടെ താല്‍പര്യത്തിലേക്ക് നീങ്ങുമ്പോഴാണ് രാഷ്ട്രീയം ജനായത്ത ചട്ടക്കൂടില്‍ നിന്ന് ഒലിച്ചുപോകുന്നത്. കേരള ചരിത്രത്തില്‍ രാഷ്ട്രീയത്തിന് ഇത്രയും കുത്തൊഴുക്ക് സംഭവിച്ചതിന്റെ ഏറ്റവും വലിയ നാഴികക്കല്ലായി തോമസ് ചാണ്ടി വിഷയം മാറിയിരിക്കുന്നു. ആ രാഷ്ട്രീയം ഒഴിവാക്കിയിട്ടിരിക്കുന്ന ശൂന്യതയിലേക്കാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ രീതിയെ അവഗണിച്ചുകൊണ്ട് കടന്നുവന്ന് മാധ്യമങ്ങള്‍ ആക്ടിവിസ്റ്റ് സ്വഭാവത്തില്‍ പ്രവര്‍ത്തിക്കേണ്ടി വന്നത്.

 

 

മാധ്യമങ്ങള്‍ ആക്ടിവിസ്റ്റ് സ്വഭാവം കൈയിലെടുക്കുന്നത്  ജനായത്ത സംവിധാനത്തോടുള്ള കൂറിനേക്കാളും ധാര്‍മികതയെക്കാളും തങ്ങളുടെ റേറ്റിംഗ് വര്‍ധിപ്പിക്കുക, വരുമാനം വര്‍ധിപ്പിക്കുക എന്ന മുഖ്യലക്ഷ്യത്തോടെയാണ്. അവിടെയും മാധ്യമപ്രവര്‍ത്തനത്തിലെ ജനായത്ത കാഴ്ചപ്പാടിലൂടെയുള്ള രാഷ്ട്രീയത്തിന്റെ ചോര്‍ച്ചയാണ് സംഭവിക്കുന്നത്. അതുകൊണ്ടാണ് തോമസ് ചാണ്ടിയെ അല്ലെങ്കില്‍ അതുപോലെ അഴിമതി നടത്തിയ, പൊതുപദവി വഹിക്കുന്ന ഒരാളെ ആ സ്ഥാനത്തു നിന്ന് പുറത്താക്കുമ്പോള്‍, അതില്‍ വിജയാഹ്ലാദം നടത്തുകയും അഴിമതിക്കെതിരായ നിര്‍ണായക പോരാട്ടം വിജയിച്ചതായും മാധ്യമങ്ങള്‍ ധരിക്കുന്നത്. ഈ ധാരണ പൊതുസമൂഹവും പങ്കുവയ്ക്കുന്നു.  ഇതാണ് പൊതുജനത്തെ അബോധാവസ്ഥയിലേക്ക് മാധ്യമങ്ങള്‍ തള്ളി വിടുകയും അവര്‍ക്ക് വേണ്ടി തങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന ധാരണ ഉണ്ടാക്കുകയും ചെയ്യുന്നത്. ഇതിലൂടെയാണ് പങ്കാളിത്ത ജനായത്തസംവിധാനം  ക്രമേണ ഇല്ലാതായി വോട്ട് ചെയ്യാനുള്ളവരും കാഴ്ചക്കാരുമായി സാധാരണ ജനം മാറുന്നത്. ഇതാണ് ജനായത്തത്തിലെ രാഷ്ട്രീയ ഉള്ളടക്ക ഒലിച്ചുപോകല്‍ അഥവാ അരാഷ്ട്രീയവല്‍ക്കരണം. ഈ അരാഷ്ട്രീയവല്‍ക്കരണമാണ് വിവാദങ്ങള്‍ നിലനിര്‍ത്തി ജനത്തെ ഹരം കൊള്ളിച്ച് റേറ്റിംഗ് കൂട്ടാനുള്ള മാധ്യമ തന്ത്രങ്ങള്‍. ഇതിനര്‍ത്ഥം തോമസ് ചാണ്ടിയെ രാജിവപ്പിക്കുന്നതില്‍ മാധ്യമങ്ങളും, ടി വി പ്രസാദും വഹിച്ച പങ്ക് ചെറുതാണെന്നല്ല. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഗതികേടിന്റെ സര്‍ഗാത്മകതയായി അതിനെ കാണുകയേ നിവൃത്തിയുള്ളു.

 

 

കേരളത്തില്‍ പൊതു രാഷ്ട്രീയരംഗം പിടിയിലായ അഴിമതിയുടെ മുഴച്ചു വന്ന തടിച്ച മുഖം മാത്രമാണ് തോമസ് ചാണ്ടിയുടെ രാജി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സംഭവങ്ങള്‍. എന്നാല്‍  അഴിമതി എന്ന അര്‍ബുദത്തിന്റെ മുഖ്യ രോഗലക്ഷണം തന്നെ ആയിരുന്നു ചാണ്ടിക്ക് ജനപ്രതിനിധിയാകാനും  പിന്നീട്  മന്ത്രിയാകാനും ഉണ്ടായ സാഹചര്യം. ആ സാഹചര്യം അദ്ദേഹം മന്ത്രിയായ സമയത്തേക്കാള്‍ ഇപ്പോള്‍ വര്‍ധിതമായ രാഷ്ട്രീയ സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. വിവാദപ്രിയ സ്വഭാവത്താല്‍ സമഗ്രമായി ഈ വിഷയത്തെ സമീപിക്കാന്‍ അതേ അര്‍ബുദ രോഗബാധ ആക്രമിച്ചുതുടങ്ങിയിരിക്കുന്ന മാധ്യമങ്ങള്‍ക്കും കഴിയുന്നില്ല. അതേ അര്‍ബുദ രോഗലക്ഷണം തന്നെയാണ് ആ വിഷയത്തിലേക്ക് മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ പോകാതിരിക്കാന്‍ ഉതകുന്നവണ്ണം പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന. പടയൊരുക്കം നടത്തുന്ന അദ്ദേഹത്തിന്റെ പ്രസ്താവന സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കണമെന്നുമാണ്. ഇത് വിവാദ പ്രിയവും ശ്രദ്ധതിരിക്കല്‍ പ്രമേയവുമാണ് . ഇങ്ങനെയാണ് ജനായത്ത സംവിധാനത്തില്‍ നിന്ന് അതിന്റെ ഉള്ളടക്കമായ രാഷ്ട്രീയം കുത്തിയൊലിച്ചു പോകുന്നത്.

 

Tags: