വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റേത് സാങ്കേതികമായി വിജയം ആണെങ്കിലും അത് പരാജയമാണ്. ഒന്നും രണ്ടും വോട്ടുമല്ല ലീഗ് സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞവട്ടത്തെക്കാള് കുറഞ്ഞിരിക്കുന്നത് പതിനയ്യായിരത്തിനടുത്താണ്. പക്ഷെ ഇത് ഇടതുപക്ഷത്തിന്റെ മഹത്തരമായ മുന്നേറ്റം കൊണ്ടാണ് എന്ന് പറയുന്നതില്‍ വലിയൊരു ശരികേടുണ്ട്.എല്‍.ഡി.എഫിന്റേതും സാങ്കേതികമായ നേട്ടം മാത്രമാണെന്ന് പറയാം. എന്നാല്‍ വേങ്ങര ഫലത്തിലൂടെ ആരാണ് യഥാര്‍ത്ഥത്തില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നെതെന്ന ചോദ്യത്തിന് ഉത്തരം സാമുദായിക ശക്തികളാണെന്ന് പറയേണ്ടിവരും. ആ ശക്തികളുടെ പട്ടികയില്‍ എസ്.ഡി.പി.ഐയും ഉണ്ട് ബി.ജെ.പിയും ഉണ്ട് .
വേങ്ങരയിലെ എന്‍.ഡി.എയുടെ ഫലവും, എസ്.ഡി.പി.ഐയുടെ മൂന്നാംസ്ഥാനവും ഇടത് മുന്നണിയുടെ വര്ധിതവോട്ടും കേരളത്തില്‍ തങ്ങളുടെ അടിത്തറപാകുന്നതിന് ബി.ജെ.പിക്ക് സഹായകമാകും.വേങ്ങരയുടെ വിധിയെഴുത്തിനെ മതനിരപേക്ഷതയുടെ വിജയമായിട്ടാണ് ഇടത് മുന്നണി അവതരിപ്പിക്കുന്നത്.യഥാര്‍ത്ഥത്തില്‍ അവിടെ എല്‍.ഡി.എഫിന്റെ നിലപാടെന്തായിരുന്നു ? എങ്ങനെയും വോട്ട് വിഹിതം വര്‍ധിപ്പിക്കുക. അതിനായി അവര്‍ പയറ്റിയത് അസ്സല് ന്യൂനപക്ഷ പ്രീണന അടവുകളും. യു.ഡി.എഫിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ കാലങ്ങളായി മലപ്പുറത്തു സ്വീകരിക്കുന്ന അതെ നിലപാട് ഇത്തവണയും ആവര്‍ത്തിച്ചു. എന്നാല്‍ യു.ഡി.എഫിന്റെ ആ നിലപാടിന് ആയുസ്സ് തീരെയില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് എസ്.ഡി.പി.ഐയുടെ കടന്നുവരവ്. അവര്‍ കഴിഞ്ഞതവണത്തേതിനേക്കാള് ഇരട്ടിയിലധികം വോട്ട് വിഹിതം വര്‍ധിപ്പിച്ചിരിക്കുന്നു.
കേരളത്തിലെ ഇടതും വലതും മുന്നണികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭൂരിപക്ഷ വാദത്തെയും ന്യൂനപക്ഷ വിരുദ്ധ നയങ്ങളെയും എതിര്‍ത്തപ്പോള്‍. അതിനേക്കാള്‍ ശക്തമായി ന്യൂനപക്ഷവികാരം ഉപയോഗിച്ച് തെരെഞ്ഞെടുപ്പിനെ നേരിട്ട ഒരു ന്യൂനപക്ഷ സംഘടയായ എസ്.ഡി.പി.ഐയ്ക്കാണ് കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചത്. അതൊരു തീവ്രവാദ സംഘടനയെന്ന് ആരോപണം നേരിടുന്ന സംഘടനയാണെന്നുകൂടി ഓര്‍ക്കണം.ഇത് ഒരു മുന്നറിയിപ്പാണ് വരും നാളുകളില്‍ കേരളത്തില്‍ ഏറ്റുമുട്ടാന്‍ പോകുന്നത് ന്യൂന പക്ഷങ്ങളും ഭൂരിപക്ഷങ്ങളും തമ്മിലാണെന്ന മുന്നറിയിപ്പ്. അതായത് ബിജെപിയും കേരളത്തിലെ ന്യൂനപക്ഷ സംഘടനകളും തമ്മില്‍.
ഇടതുപക്ഷം മതനിരപേക്ഷതയുടെ പേരില്‍ ഒരു വശത്ത് ബി.ജെ.പിയെ എതിര്‍ക്കുകയും, മറു വശത്ത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയും ചെയ്യുന്നു. അതിനോടൊപ്പം തന്നെ കോണ്‍ഗ്രസിനെ വര്‍ഗീയവല്‍ക്കരിച്ച് ഇല്ലാതാക്കാനും ശ്രമിക്കുന്നു.ഇടതുപക്ഷം കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് വഴി വളര്‍ത്തുന്നത് ബി.ജെ.പിയെ ആണ്. ഈ ബോധ്യം ഉള്ളത്കൊണ്ടാകണം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ്സുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് നല്ലത് എന്ന് പറയുന്നത്.
ഇന്ന് യെച്ചൂരിയുടെ ഈ വാദത്തെ അംഗീകരിക്കുന്ന തരത്തിലുള്ള പ്രതികരണം വി എസ് അച്ചുതാനന്തന് നടത്തി. മാറ്റങ്ങളെ അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും എന്നാല്‍ അധികാരം ഉള്ളിടത് വ്യതിയാനങ്ങളെ എതിര്‍ക്കുകയും വേണമെന്നാണ് വി.എസ് പറഞ്ഞത്.നിലവില്‍ കേരളത്തിലും ത്രിപുരയിലും മാത്രമാണ് പാര്‍ട്ടിക്ക് അധികാരമുള്ളത് നിലവിലത്തെ നിലപാട് തുടര്‍ന്നാല്‍ അതുകൂടി ഇല്ലാതാകുമെന്ന് വി.എസ് പറയാതെ പറഞ്ഞുവെയ്ക്കുന്നു.