സി.പി.എമ്മിലൂടെ കാര്യം നേടുന്ന ബി.ജെ.പി; ചരിത്രപരമായ വിഡ്ഢിത്തരത്തില്‍ സി.പി.എമ്മും

Glint staff
Sat, 07-10-2017 07:09:24 PM ;

Prakash Karat, Sitaram Yechury

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഇപ്പോഴും പറയുന്നു ബി.ജെ.പിയും കോണ്‍ഗ്രസ്സും ശത്രുക്കളാണെന്ന്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിനെ മാത്രം ശത്രുവായി കാണുന്ന ബി.ജെ.പിക്ക് ഇതില്‍ കൂടുതല്‍ അനുകൂലമായ സാഹചര്യം വേറെയില്ല. ഒരു യുദ്ധത്തിന്റെ തന്ത്രങ്ങളും സന്നാഹങ്ങളുമായാണ് ആര്‍.എസ്സ് .എസ്സിന്റെ പിന്‍ബലത്തോടെ ബി.ജെ.പിയുടെ ഓരോ ചുവടുവയ്പ്പുകളും. പലപ്പോഴും പ്രത്യക്ഷത്തില്‍ കാണുന്ന ലക്ഷ്യമായിരിക്കില്ല ബി.ജെ.പി ഉന്നം വയ്ക്കുന്നത്. ഇപ്പോള്‍ അവര്‍ മുഖ്യമായും ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സി.പി.എമ്മിനെയാണ്. പ്രത്യക്ഷത്തില്‍ കേരളത്തില്‍ ഭരണം പിടിക്കാനുള്ള ശ്രമമാണെന്നു തോന്നാം. അതും ലക്ഷ്യം തന്നെ. എന്നാല്‍ അതിനുമപ്പുറമാണ് അവരുടെ ലക്ഷ്യം.
           

 

സി.പി.എമ്മിന് കേരളവും ത്രിപുരയുമൊഴിച്ചാല്‍ ഇപ്പോള്‍ മറ്റെങ്ങും ശക്തി പ്രകടിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ആ നിലയ്ക്ക് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് സി.പി.എമ്മിനെ ഭയക്കേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ ദേശീയ തലത്തില്‍ ഇപ്പോഴും സി.പി.എമ്മിനുള്ള ആശയ രൂപീകരണത്തിലും രാഷ്ട്രീയ സമവാക്യനിര്‍മ്മിതിയിലുമുള്ള സ്ഥാനം നിര്‍ണ്ണായകമാണ്. മാധ്യമങ്ങളില്‍ സി.പി.എമ്മിനും അതിന്റ നേതാക്കള്‍ക്കും വിശേഷിച്ചും സീതാറാം യച്ചൂരിക്ക് കിട്ടുന്ന പ്രാധാന്യമെല്ലാം ആ അവസ്ഥയുടെ സൂചകങ്ങളാണ്. ദേശീയ രാഷ്ട്രീയത്തില്‍ പല കൂട്ടായ്മകളും ഉണ്ടാക്കുന്നതിന് സി.പി.എമ്മിനുള്ള സ്വീകാര്യതയും സ്വാധീനവും അവഗണിക്കാവുന്നതല്ല. അത്തരമൊരു കൂട്ടായ്മയക്ക് കൂടുതല്‍ വിശ്വാസ്യതയും സ്വീകാര്യതയും ലഭിക്കും കോണ്‍ഗ്രസ്സും സി .പി.എമ്മും ഒന്നിച്ചു വന്നാല്‍. അത്തരമൊരു കൂട്ടായ്മയ്ക്ക് ഏകോപനനേതൃത്വം വഹിക്കാവുന്ന നേതൃത്വപാടവമുള്ള നേതാവാണ് സീതാറാം യച്ചൂരി. ഈ അപകടം ബി.ജെ.പി മണക്കുന്നുണ്ട്. ഒരു ചെറു ഭീഷണിയെപ്പോലും അവഗണിക്കാത്ത ബി.ജെ.പിക്ക് അത്തരമൊരു കൂട്ടുകെട്ട് ഭീതിയുളവാക്കുന്നതാണ്.
       

 

ഈ സാഹചര്യത്തില്‍ വേണം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനരക്ഷാ യാത്രയെ ബി.ജെ.പി അഖിലേന്ത്യാതലത്തില്‍ ശ്രദ്ധേയമായ ഒന്നാക്കിയതും സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയതും. അതിലൂടെ സി.പി.എമ്മിനെ ആശങ്കയിലാക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. കേരളത്തില്‍ ഇപ്പോഴും സി.പി.എമ്മിന്  തെരഞ്ഞെടുപ്പുകളില്‍ നേരിടേണ്ട എതിര്‍പ്പ് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.ഡി.എഫില്‍ നിന്നാണ്. എന്നിരുന്നാലും ഇപ്പോള്‍ സി.പി.എം ആക്രമണം മുഴുവന്‍ തിരിച്ചുവിട്ടിരിക്കുന്നത് ബി.ജെ.പിക്കെതിരെയാണ്. ന്യൂനപക്ഷങ്ങളുടെ വോട്ട് ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് അതില്‍ മുഖ്യമായുള്ളത്. അതിലൂടെ നഷ്ടം സംഭവിക്കുന്നത് കോണ്‍ഗ്രസ്സിനാണ്. സമീപഭാവിയില്‍ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റങ്ങളുണ്ടാക്കിയില്ലെങ്കിലും ബി.ജെ.പിയും അതില്‍ നേട്ടം കൊയ്യുന്നുണ്ടെന്ന് അവരുടെ വോട്ട് ശതമാനം രേഖപ്പെടുത്തുമുണ്ട്.
         

 

കേരളത്തിലെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി താല്‍പ്പര്യം നിലനിര്‍ത്തുക എന്ന അജണ്ടയുടെ അച്ചുതണ്ടിലാണ് ഏതാനും നാളുകളായി സി.പി.എം കേന്ദ്രനേതൃത്വം കറങ്ങിക്കൊണ്ടിരിക്കുന്നത്. അത് ആത്മഹത്യാപരമായിരുന്നിട്ടു കൂടിയും.  ഇരുപത്തിരണ്ടാം പാര്‍ട്ടികൊണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രമേയം ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്സുമായി ചേര്‍ന്നുകൊണ്ടുള്ള യോജിച്ച് നിര വളര്‍ത്തണമെന്നുള്ള പാര്‍ട്ടി സെക്രട്ടി സീതാറാം യച്ചൂരിയുടെ നിര്‍ദ്ദേശത്തെ പോളിറ്റ് ബ്യൂറോ നിരാകരിച്ചതായി വരുന്ന വാര്‍ത്തകള്‍ കേരളത്തിലെ പാര്‍ട്ടിയുടെ താല്‍പ്പര്യമാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുമ്പോള്‍  ന്യുനപക്ഷ രക്ഷകരായി കൂടുതല്‍ സ്വീകാര്യമാവുക സി.പി.എമ്മാണെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം. അതിലൂടെ ദുര്‍ബലമാകുന്ന കോണ്‍ഗ്രസ്സും ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നു ലഭിക്കുന്ന വര്‍ധിച്ച പിന്തുണയുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
 
      

പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം തൃശൂരിലും പ്രസ്താവിക്കുകയുണ്ടായി ബി.ജെ.പിയും കോണ്‍ഗ്രസ്സും തങ്ങളുടെ ശത്രുക്കളാണെന്ന്.കൂടിയ ബുദ്ധിജീവികളെന്ന് ഖ്യാതിയുള്ള നേതാക്കളെക്കൊണ്ട് ബി.ജെ.പി തങ്ങളുടെ അജണ്ട നടപ്പിലാക്കുന്ന സഹതാപകരമായ കാഴ്ചയാണ് ഇതിലൂടെ കാണുന്നത്. പശ്ചിമബംഗാളില്‍ ശോഷിച്ചു പോയ പാര്‍ട്ടിയുടെ മുഖ്യ ശക്തികേന്ദ്രം കേരളം തന്നെ. ആ നിലയ്ക്ക് കേരള നേതൃത്വത്തിന്റെ ചുരുങ്ങിയ താല്‍പ്പര്യം തന്നെയാണ് കാരാട്ടിലൂടെയും കേരള നേതൃത്വത്തിന് സ്വാധീനമുള്ള പോളിറ്റ് ബ്യൂറോയിലൂടെയും പ്രകടമാകുന്നത്. കോണ്‍ഗ്രസ്സുമായി ദേശീയതലത്തില്‍ കൂട്ടുകൂടുന്ന പക്ഷം തങ്ങള്‍ പ്രതീക്ഷിക്കുന്ന ന്യൂനപക്ഷ പിന്തുണ സി.പി.എമ്മിന് ഉറപ്പാക്കാന്‍ പറ്റില്ലെന്ന് കേരള നേതാക്കള്‍ക്കറിയാം.ദേശീയ  തലത്തില്‍ സി.പി.എമ്മിലെ ഏറ്റവും അംഗീകാരവും സ്വീകാര്യതയും ഉള്ള നേതാവായ സീതാറാം യച്ചൂരിയുടെ ഉയര്‍ച്ചയുമായും ഈ നീക്കത്തെ കാണപ്പെടുന്നതായി വിലയിരുത്താവുന്നതാണ്. അല്ലെങ്കില്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടും വെറും മുടന്തന്‍ സാങ്കേതികതയുടെ പേരില്‍ യച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടുമയയക്കാതിരുന്നതും ഈ സങ്കുചിത സമീപനത്തിന്റെ പ്രതിഫലനം തന്നെയാണ്. കാരണം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദുര്‍ബലമായ പ്രതിപക്ഷ സാന്നിദ്ധ്യമുള്ള പാര്‍ലമെന്റില്‍ മുഴങ്ങിക്കേട്ടിരുന്ന മുഖ്യശബ്ദമായിരുന്നു യച്ചൂരിയുടേത്. ഇതെല്ലാം സൂചിപ്പിക്കുന്നത് സങ്കുചിത താല്‍പ്പര്യങ്ങള്‍ നിമിത്തം സി.പി.എം വീണ്ടും ചരിത്രപരമായ വിഡ്ഢിത്തരത്തില്‍ ഏര്‍പ്പെട്ട് അനുദിനം അപ്രസക്തമായി വന്നുകൊണ്ടിരിക്കുന്നുവെന്നാണ്.

 

Tags: