ജാനുവിന്റെ കാര്‍ വാങ്ങലും ഓടിക്കലും ധീരമായ നടപടി

Gint Staff
Mon, 26-06-2017 02:19:37 PM ;

ck janu buy a car

സി.കെ.ജാനുവിന് താന്‍ കാറുവാങ്ങിയതിന് ന്യായീകരണം നല്‍കേണ്ടി വന്നു. കേരളത്തെ നയിക്കുന്ന നേതാക്കാന്‍മാര്‍ മുഴുവന്‍സമയവും ഗ്രുപ്പ് പ്രവര്‍ത്തനവും തങ്ങളുടെ നേതാക്കള്‍ക്ക് ആളെക്കുട്ടക്കവുമെല്ലാം ചെയ്തുകൊണ്ട് ഒരു തൊഴിലുമെടുക്കാതെ എങ്ങനെ സുഖലോലുപതയില്‍ ജീവിക്കുന്നു എന്ന് ആര്‍ക്കുമറിയേണ്ട. മിക്ക നേതാക്കാന്മാരും സ്വന്തം വാഹനങ്ങളിലാണ് യാത്രയും. യുവ നേതാക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ. ഇവരുടെ ഒരു ദിവസത്തെ ചെലവും നോക്കുകയാണെങ്കില്‍ ശരാശരി ആയിരം രൂപയുടെ ഇന്ധനം, അഞ്ഞൂറു രൂപയെങ്കിലും ഡ്രൈവറുടെ വേതനം, പുറമേ നിന്നുളള മുന്തിയ ഹോട്ടലിലെ ഭക്ഷണം, ഉടുപ്പും മുണ്ടും അലക്കിച്ചെടുക്കുന്നതിനുള്ള 150 രൂപ, ഇടയ്ക്കിടെയുള്ള തലസ്ഥാന യാത്ര, വീട്ടിലെ ചെലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയെല്ലാം കൂടി കൂട്ടിയാല്‍ കുറഞ്ഞത് 3000 രൂപ പ്രതിദിനമില്ലെങ്കില്‍ ബുദ്ധിമുട്ടാണ്. ഒരു ജോലിയിലും ഏര്‍പ്പെടാതെ ഇവര്‍ എവിടെ നിന്ന് ഈ പണം സ്വരൂപിക്കുന്നു. നാട്ടുകാര്‍ക്കു വേണ്ടി ഇവര്‍ സ്വന്തം കുടുംബത്തില്‍ നിന്നാണോ പൊതു പ്രവര്‍ത്തനത്തിന് ഈ കാശ് ചെലവഴിക്കുന്നത്. എന്നീ ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരും ചോദിക്കുന്നില്ല, ട്രോളര്‍മാരും ചേദിക്കുന്നില്ല. ആ രീതിയിലുള്ള ജീവിതം അവര്‍ക്കില്ലെങ്കില്‍ പറ്റില്ലെ എന്ന ധാരണയിലൂടെ സമൂഹം അവര്‍ക്കത് അംഗീകരിച്ചുകൊടുത്തിരിക്കുന്നു. അവര്‍ക്ക് ഏത് ആഡംബരവും ആവുകയും ചെയ്യാം.

 

കാട്ടില്‍ കിടന്ന സ്ത്രീയായ ജാനു കാറോടിച്ചു പോകുന്നതുകാണുമ്പോള്‍ മലയാളിക്ക് അതു ദഹിക്കുന്നില്ല.കേരളത്തില്‍ ഇന്ന് ഏറ്റവും സത്യസന്ധതയോടെ പൊതുപ്രവര്‍ത്തനം നടത്തുന്ന സ്ത്രീയാണ് ജാനു. അവരുടെ വ്യക്തതയാര്‍ന്ന നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഇന്ന് കേരളത്തില്‍ ഒരു നേതാവിനോ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കോ പറയാന്‍ കഴിയില്ല. കാരണം ജാനുവിന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വരുന്നത് അവരുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിലൂടെയാണ്. ജാനുവിന്റെ വാക്കിനും പ്രവൃത്തിക്കും വലിയ അകലമില്ല.

 

ഇക്കൊല്ലത്തെ നല്ല ചലച്ചിത്ര നടനുള്ള അവാര്‍ഡ് നേടിയ വിനായകന്‍ പറഞ്ഞു' ഫെറാറെ കാറില്‍ വാങ്ങണ' മെന്നാണ് തന്റെ ആഗ്രഹമെന്നാണ്. ആ പ്രസ്താവനയില്‍ മുന്തിയ കാറിനുള്ളില്‍ യാത്ര ചെയ്യുക എന്ന ആഗ്രഹമല്ല. പുലയാനായ തനിക്കും അസാധ്യമായതൊന്നുമില്ല എന്ന അനുഭവപ്രസ്താവന നടത്താനുള്ള വാഞ്ഛയാണ് അതില്‍ നിഴലിക്കുന്നത്. അത് മറ്റുള്ളവര്‍ക്ക് ഉത്തേജനമായി മാറുന്നതാണ്. കര്‍ഷകരുടെ ദുരിത കഥകള്‍ക്കിടയില്‍ ജാനു പറയന്നു തനിക്ക് കര്‍ഷകയെന്ന നിലയില്‍ കണ്ണീര്‍ കഥകള്‍ പറയാനില്ല. നന്നായി പറമ്പില്‍ അധ്വാനിക്കുകയും കൃഷി ചെയ്ത് സ്വന്തം ഉപജീവനത്തിന് വകയുണ്ടാക്കുകയും ചെയ്യുന്നു ജാനു. കേരളത്തില്‍ എത്ര രാഷ്ട്രീയ നേതാക്കള്‍ക്ക് പറയാന്‍ കഴിയും തന്റെ അന്നത്തിനുള്ള വക താന്‍ അധ്വാനിച്ചുണ്ടാക്കുകയാണെന്ന്. മഹാത്മാഗാന്ധി തന്റെ അന്നത്തിനുള്ള അധ്വാനം അവസാനം വരെ ചെയ്തിരുന്നതും ഓര്‍ക്കാവുന്നതാണ്.
        

ജാനുവിന്റെ സമരങ്ങളിലേക്കു നോക്കിയാല്‍ മനസ്സിലാകുന്ന ഒന്നുണ്ട്. അവര്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്കോ ഔദാര്യങ്ങള്‍ക്കോ വേണ്ടിയല്ല സമരം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. ആദിവാസിക്ക് നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിക്കാന്‍ വേണ്ടിയാണ്. ഭൂമി ലഭിച്ചാല്‍ ആദിവാസി അധ്വാനിച്ച്ു ജീവിച്ചുകൊളളുമെന്നാണ് അവര്‍ പറയുന്നത്. അതിലൂടെ അവര്‍ തന്റെ സഹജീവികളോട് പറയുന്നത് അധ്വാനിക്കാനാണ്. അവരും അധ്വാനിച്ചുകൊണ്ട്. അന്നത്തിനുള്ളത് അവനവന്‍ അധ്വാനിച്ചുണ്ടാക്കണമെന്ന് പറയാന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പറ്റാത്തതും അവര്‍ അധ്വാനിക്കാത്തതിലാണ്. അവരുടെ സുഭിക്ഷമായ ജീവിതം മറ്റുള്ളവന്റെ അധ്വാനത്തിന്റെ ഭാഗം പിടിച്ചുപറ്റിക്കൊണ്ടാണ്. അതുകൊണ്ടാണ് ക്ഷേമപ്രവര്‍ത്തനമെന്നാല്‍ ജനങ്ങള്‍ക്ക് സൗജന്യം എത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നതും അധികാരത്തില്‍ വരുമ്പോള്‍ സൗജന്യങ്ങള്‍ കൊടുത്തു പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നതും. അടിസ്ഥാനപരമായി യാചനസ്വഭാവം അവരെ നയിക്കുന്നതിനാലാണത്.
    

  ഒരു വാക്കിന്റെ ഭാഷണപ്രയോഗത്തിലെ വിന്യാസമൊന്നു മാറിയാല്‍ ചര്‍ച്ചയിലേക്കു കോലാഹലത്തിലേക്കും പോകുന്ന സ്വഭാവമാണ് കേരളത്തിലേത്. മനുഷ്യാവകാശത്തിനു വേണ്ടി ഘോരഘോരം വാദിക്കുന്നവരുടെ സമൂഹം. എന്നാല്‍ മുത്തങ്ങ സമരത്തിനു ശേഷം അറസ്റ്റിലായ ജാനുവിനെ് കോടതിയില്‍  പോലീസ ഹാജരാക്കിയപ്പോള്‍ അവരുടെ മുഖം നീരുവന്നു വികൃതമായിരുന്നു. മര്‍ദ്ദനം കൊണ്ട്. പക്ഷേ ആരും അതൊരു മനുഷ്യാവകാശ ലംഘനമായോ നീതി നിഷേധമായോ ഒന്നും  കണ്ടില്ല. അങ്ങനെ കാണില്ല എന്ന ബോധ്യം ജാനുവിനെ മര്‍ദ്ദിച്ചവരിലും കുടികൊള്ളുന്നതിനാലാണ് അവ്വിധം ജാനു മര്‍ദ്ദിക്കപ്പെട്ടത്.മാധ്യമങ്ങള്‍ പോലും അതു കണ്ടതായി നടിച്ചില്ല. കാരണം ജാനുവെന്ന ആദിവാസിസ്ത്രീക്ക് അത്തരത്തിലുള്ള ഏതു പീഢനവും സഹിക്കേണ്ടവരാണ് എ്ന്ന പൊതുധാരണയാണ് അതൊരു പ്രശ്‌നമാകാതിരിക്കാന്‍ കാരണമായത്. അതേ മാനസികാവസ്ഥയാണ് ജാനു കാറ് വാങ്ങിയപ്പോഴും. മാത്രമല്ല, അത് ഡ്രൈവ് ചെയ്യുകയും കൂടി ചെയ്യുന്ന ദൃശ്യം അംഗീകരിക്കാന്‍ പറ്റുന്നില്ല. ബസ്സില്‍ പോലും ആദിവാസിയെ കൂടെ യാത്ര ചെയ്യിക്കുവാന്‍ മനസ്സില്ലാത്ത സമൂഹത്തിന്റെ ചിന്താഗതിയാണ് ജാനുവിന്റെ കാര്‍ വാങ്ങലിനെയും കാറോടിക്കലിനെയും വിമര്‍ശനബുദ്ധിയോടെ കാണുന്നത്.
    

ജാനു ഒരു പക്ഷേ ആദിവാസി സമൂഹത്തിനും കേരളത്തിലെ പൊതുസമൂഹത്തിനും നല്‍കുന്ന ഏറ്റവും വലിയ സന്ദേശമാണ് അവരുടെ കാര്‍ വാങ്ങലും ഡ്രൈവ് ചെയ്യലും. അധ്വാനിച്ച് വരുമാനമുണ്ടാക്കി വ്യക്തിക്ക് സൗകര്യപ്രദവും തന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ മികവ് വരത്തക്ക വിധം ജീവിതം ച്ിട്ടപ്പെടുത്തുക എന്നത്. ആദിവാസി സമൂഹത്തെ സംബന്ധിച്ചും കാര്‍ ഡ്രൈവ് ചെയ്തു പോകുന്ന ജാനു വലിയ ഒരു ഉത്തേജകമാണ്. ആദിവാസിയെ അവന്റെ ജീവിതത്തെ അവന്റെ തറയില്‍ ഉറച്ചുനിന്നുകൊണ്ട് സംസ്‌കാരത്തെ വിടാതെ മാറുന്ന കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ജീവിക്കാനുള്ള ക്ഷണവും ആ കാര്‍ സ്വന്തമാക്കലിലും ഒ്ാടിക്കലിലുമുണ്ട്.അവിടെ ജാനുവിന്റെ കാര്‍വാങ്ങലും ഓടിക്കലും പ്രതീകാത്മകമാകുന്നു.സമൂഹം മനസ്സിലുറപ്പിച്ച ചില ധാരണകള്‍ ജാനുവിന്റെ കാറിന്റെ ടയറിനടിയില്‍ ഞെരിഞ്ഞമരുന്നു.ആ ഞെരിഞ്ഞമരിലിന്റെ അസ്വസ്ഥതയാണ് ട്രോളുകളിലും മറ്റു വിമര്‍ശനങ്ങളിലൂടെയും പ്രതിഫലിക്കുന്നത്.
     

ദാരിദ്ര്യത്തെ ഉദാത്തവത്ക്കരിക്കുന്ന കാഴ്ചപ്പാട് പ്രചരിപ്പിക്കുകയും സുഖലോലുപതയില്‍ ജീവിക്കുകയും ചെയ്യുന്ന വികൃതമായ മലയാളി കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയാണ് കാറോടിച്ചുപോകുന്ന ജാനുവിനെ ദഹിക്കാത്ത കാഴ്ചപ്പാടിന്റെ പിന്നില്‍. അക്ഷരം പോലുമറിയാതിരുന്ന അവസ്ഥയില്‍ നിന്ന് കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തില്‍ സാഹസികവും അക്രമരഹിതവുമായ സമരങ്ങളിലൂടെ കടന്നുവന്ന് തെളിഞ്ഞ ബുദ്ധിയോടെ സംവദിക്കുന്ന ജാനു ഇന്നു കവിതയുമെഴുതുന്നു എന്നതും കാണേണ്ടതാണ്. വ്യക്തിയുടെ വളര്‍ച്ചയും അതിലൂടെയുണ്ടാകുന്ന മാറ്റത്തിന്റെ പ്രതീകം കൂടിയാണ് ജാനു. വളരാത്ത മനസ്സുകള്‍ക്ക് വളര്‍ച്ചയെ അറിയാന്‍ കഴിയുകയില്ല. അതു സ്വാഭാവികം. അതിന് അവരെ കുറ്റം പറയുന്നതും ശരിയല്ല. വളര്‍ച്ചയുടെ പര്യായമാണ് ധൈര്യം. അതു ജാനുവിനുണ്ട്.സ്വന്തമായി പാതവെട്ടുന്നവര്‍ നടന്നു പഴകിയ പാതയിലേക്ക് നോക്കുകയില്ലല്ലോ.

 

Tags: