ക്രമസമാധാനം വഷളാകുമ്പോള്‍ നിര്‍വീര്യമായി പോലീസ്

Glint Staff
Thu, 01-06-2017 02:54:52 PM ;

 

ആലപ്പുഴ നഗരത്തിൽ മെയ് 31 ബുധനാഴ്ച ഉച്ചയ്ക്കു മുൻപ് ജില്ലാ കോടതിയുടെ മുന്നിൽ വച്ച് ഒരു യുവതിയെ യുവാവ് കടന്നുപിടിച്ചു. അപ്രതീക്ഷിതമായ ആക്രമണമായിരുന്നെങ്കിലും തെല്ലും പതറാതെ യുവതി അയാളുടെ ഉടുപ്പിന്റെ കോളറിൽ പിടിച്ചു നിർത്തി. അപ്പോൾ അയാൾ വീണ്ടും ആ യുവതിയെ കടന്നുപിടിച്ചു. കണ്ടു നിന്ന മറ്റൊരു യുവാവ് ഇടപെട്ടതിനെ തുടർന്ന് ചുറ്റുമുള്ളവർ കൂടി. തുടർന്ന് പോലീസ് എത്തി യുവതിയെ കടന്നുപിടിച്ചയാളെ അറസ്റ്റ് ചെയ്തു. അയാൾ ഒരു കൊലക്കേസിലെ പ്രതിയാണ്.

 

നട്ടുച്ചയോടുക്കുന്ന സമയത്ത് ഇളയ സഹോദരനായ കുട്ടിയുമായി നടന്നു വരുമ്പോഴാണ് എതിരെ വന്ന യുവാവിൽ നിന്നും യുവതിയുടെ നേർക്ക് ആക്രമണമുണ്ടായത്. നാട്ടുകാർ കുടി ഇയാളെ വളഞ്ഞു വച്ചിട്ടും പോലീസ് എത്തിയിട്ടും തെല്ലും കൂസലില്ലാതെ ചെറുചിരിയോടെ നിന്ന യുവാവിന്റെ ശരീരഭാഷ അവിടെ കൂടി നിന്നവരെ അത്ഭുതപ്പെടുത്തി.

 

എന്തു കുറ്റകൃത്യം ചെയ്താലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന ആത്മവിശ്വാസമാണ് ഈ കുറ്റകൃത്യം ചെയ്തിട്ടും അയാളിൽ പ്രകടമായ കൂസലില്ലായ്മയായതെന്നാണ് അവിടെ കൂടിയവർ അഭിപ്രായപ്പെട്ടത്. പെൺകുട്ടിയെ ആക്രമിച്ച ആ കുറ്റകൃത്യത്തേക്കാൾ അവിടെ കൂടിയവരെക്കൊണ്ട് ഉറക്കെ ചിന്തിപ്പിച്ചതിതാണ്: ‘നട്ടുച്ചയ്ക്ക് സഹോദരനുമായിപ്പോകുന്ന പെൺകുട്ടിയെ നഗരത്തിലെ പ്രധാന റോഡിൽ വച്ച് ഇങ്ങനെ കയറിപ്പിടിക്കുകയാണെങ്കിൽ എന്തു ധൈര്യത്തിൽ പറത്തിറങ്ങി നടക്കാൻ കഴിയും.’

 

സുപ്രീം കോടതി വിധിയെ തുടർന്ന് ടി.പി.സെൻകുമാർ പോലീസ് മേധാവിയായി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപാണ് സംസ്ഥാനത്തു നടക്കുന്ന കാര്യങ്ങളൊന്നും പോലീസ് മേധാവി അറിയുന്നില്ലേ എന്ന്  മന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചത്. ആ പ്രസംഗത്തിലേക്ക് നയിച്ചതാകട്ടെ ദേവികുളം സബ് കളക്ടർ ശ്രീറാം  വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ മൂന്നാറിലെ കുടിയൊഴിപ്പക്കലും. അതിന് ഏതാനും ദിവസം മുൻപ് കുടിയൊഴിപ്പിക്കാനെത്തിയ സബ് കളക്ടർ ഉത്തരവിട്ടിട്ടും അനുസരിക്കാൻ കൂട്ടാക്കാതെ നിന്ന പോലീസുകാരെ കേരളം കണ്ടു. അതേപോലെ ഉദ്യോഗസ്ഥരെ ശാരീരികമായി കയ്യേറ്റക്കാർ ആക്രമിക്കാൻ ശ്രമിച്ചപ്പോഴും പോലീസ് നോക്കി നിൽക്കുന്നതു കാണുകയുണ്ടായി. സെൻകുമാർ അധികാരമേറ്റ ശേഷം അദ്ദേഹത്തെ പ്രവർത്തിക്കാതിരിക്കാൻ എല്ലാ രീതിയിലും ശ്രമിക്കുന്ന സർക്കാരിനെയാണ് ജനങ്ങൾക്കറിയാൻ കഴിയുന്നത്. സെൻകുമാറിനെ നിർവീര്യമാക്കുന്നതിന്റെ ഭാഗമായി ഭാവിയിൽ ദോഷം സംഭവിക്കുന്ന തരത്തിലുള്ള പുത്തൻ കീഴ്വഴക്കങ്ങളും സർക്കാർ ചെയ്യുന്നു. സംസ്ഥാന പോലീസ് സേനയിൽ തന്നെ ഒരുപക്ഷേ ഏറ്റവും കൂടുതൽ കേസുകൾ നേരിട്ടു കൊണ്ടിരിക്കുന്ന ടോമിൻ ജെ. തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് ഭരണച്ചുമതലയുള്ള എ.ഡി.ജി.പി ആയി നിയമിച്ചതും പോലീസിന്റെ നിയമപാലനത്തിലെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നതായി. പോലീസിൽ നിന്ന് സുരക്ഷ കിട്ടില്ല എന്ന തോന്നലിനെ ബലപ്പെടുത്തുന്നതും ജനങ്ങളിൽ ഭീതി സൃഷ്ടിക്കാൻ പര്യാപ്തവുമാണ് ഈ സംഗതികൾ.

 

ജൂൺ 30ന് സെൻകുമാർ സർവ്വീസിൽ നിന്നു വിരമിക്കും. അതിനാൽ അദ്ദേഹത്തിന്റെ നിർദ്ദേശം സ്വീകരിച്ചാൽ ജൂലായ് മുതൽ തങ്ങളുടെ നില പരുങ്ങലിലാകുമെന്ന് പോലീസുദ്യോഗസ്ഥർക്കറിയാം. അതിനാൽ ഭൂരിഭാഗം പോലീസുദ്യേഗസ്ഥരും എങ്ങനെയെങ്കിലും ജൂൺ 30 വരെ തള്ളി നീക്കണമെന്ന മനോഭാവത്തിൽ നിർവ്വീര്യമായ അവസ്ഥയിലാണ്. ഫലത്തിൽ സംസ്ഥാന പോലീസ് നിർവ്വീര്യമായിരിക്കുന്നു. ഇതാണ് അക്രമികൾക്കും കുറ്റവാസനയുള്ളവർക്കും ഇത്രയും ആത്മവിശ്വാസം നൽകുന്നത്.

 

യുവതിയെ കടന്നുപിടിച്ചതിന് സാക്ഷ്യം വഹിച്ച ജനങ്ങളുടെ അരക്ഷിതത്വ ബോധത്തിൽ നിന്നുള്ള ആശങ്ക നിമിത്തം ഉണ്ടായ അതിശയോക്തി കലർന്ന സംശയം ഇങ്ങനെയായിരുന്നു: ‘ചിലപ്പോൾ സെൻകുമാർ അധികാരമേറ്റപ്പോൾ ക്രമസമാധാന നില മോശമായെന്നു ചിത്രീകരിക്കാൻ വേണ്ടി ബോധപൂർവ്വം ഈ കൊലക്കേസ് പ്രതിയെക്കൊണ്ട് ഇവ്വിധം ചെയ്യിപ്പിച്ചതാകാനും വഴിയുണ്ട്. അങ്ങോര് പോലീസ് മേധാവിയായപ്പോൾ അങ്ങോരുടെ നാട്ടിൽ പോലും പെൺകുട്ടികൾക്ക്‌ നട്ടുച്ചയ്ക്കു പൊതുനിരത്തിലൂടെ നടക്കാൻ വയ്യാതായെന്നു പറയാമല്ലോ. അതുകൊണ്ടാണ് ഞങ്ങൾ അയാളെ ഡി.ജി.പി സ്ഥാനത്തു നിന്ന് മാറ്റിയതെന്നും ന്യായീകരിക്കാമല്ലോ. ഒന്നും ശരിയാക്കിയില്ലെങ്കിലും പെൺകൊച്ചുങ്ങൾക്ക് പകലെങ്കിലും വഴിയിലൂടെ നടക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു.’

 

ഇത്തരത്തിൽ ഉറക്കെ ചിന്തിച്ചയാളെ കുറ്റം പറയാൻ കഴിയില്ല. കാരണം അത്രയ്ക്ക് ആഘാതമാണ് ആ പെൺകുട്ടി നടുറോഡിൽ ഉച്ചസമയത്ത് രണ്ടു തവണ ആക്രമിക്കപ്പെട്ടപ്പോൾ ഉണ്ടായത്. ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതെന്ന് ലാഘവത്തോടെ സർക്കാർ തള്ളിക്കളയുകയാണെങ്കിൽ അത് വലിയ അപരാധമാകുമെന്നു മാത്രമല്ല സമാനമായ കുറ്റകൃത്യങ്ങൾ സമൂഹത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത വിധം പെരുകുകയും ചെയ്യും. കാരണം സാംസ്കാരികമായി തകിടം മറിഞ്ഞു കൊണ്ടിരിക്കുന്ന ഘട്ടത്തിലൂടെയാണ് സമൂഹം നീങ്ങുന്നത്. പോരാത്തതിന് മദ്യശാലകൾ വീണ്ടും തുറക്കപ്പെടാൻ പോകുന്നു. ഈ പശ്ചാത്തലത്തിൽ എന്തിന്റെ പേരിലാണെങ്കിലും നിയമപാലനം തകരാറിലാണെന്ന ധാരണയും കൂടി പടർന്നാൽ സംസ്ഥാനത്തിന് വലിയ വില കൊടുക്കേണ്ടി വരും. ചെറിയ ഇടവേളയിലാണെങ്കിലും ഒരിക്കൽ അയഞ്ഞ നിയമസമാധാന പാലനം മുറുക്കണമെന്നു വിചാരിച്ചാൽ അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ആ അയവ് സൃഷ്ടിക്കുന്നത് സാമൂഹികമായ അധോചലനങ്ങളെയാണ്. അവയുടെ പ്രത്യാഘാതങ്ങൾ സമാന ചലനങ്ങളുടെ ഗതിവേഗം അനിയന്ത്രിതമായി കൂട്ടും.

Tags: