ഗോവധ നിരോധനം ഭരണഘടനാ ശിൽപ്പികള്‍ ആവശ്യത്തിലധികം ആലോചിക്കുകയും ചിന്തിക്കുകയും ചെയ്തതാണ്. ഒടുവിൽ ഭരണഘടനയുടെ നാൽപ്പത്തിയെട്ടാം വകുപ്പ് പ്രകാരം ഗോവധ നിരോധനത്തെ തത്വത്തിൽ അംഗീകരിച്ച് നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തി ആ വിഷയത്തെ മാറ്റിവെയ്ക്കുകയാണുണ്ടായത്. അന്നത്തെ അവസ്ഥയല്ല ഇന്ന്. അന്ന് ഗോവധ നിരോധനം ഏർപ്പെടുത്തുന്നതിന് അനുകൂലമായി ഉയർത്തിക്കാട്ടിയിരുന്ന ഒരു മുഖ്യവാദം നിലമുഴുകാനും മറ്റുമുള്ള കാർഷികാവശ്യങ്ങൾക്ക് മാടുകളെ കിട്ടാതെ വരുമെന്നായിരുന്നു. യഥാർഥത്തിൽ കാരണം മതപരം തന്നെയായിരുന്നു. അന്ന് വർഗ്ഗീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത സ്വാതന്ത്ര്യസമരസേനാനികൾ തന്നെ ഗോവധനിരോധനത്തിനു വേണ്ടി ശക്തിയുക്തം വാദിച്ചവരായിരുന്നു. കോൺസ്റ്റിററ്യുവന്റ് അസംബ്‌ളി അദ്ധ്യക്ഷൻ ഡോ.രാജേന്ദ്ര പ്രസാദും ഗോവധനിരോധനത്തിനു വേണ്ടി വാദിക്കുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും രാജ്യത്തിന്റെ മതപരമായ സാമൂഹിക യാഥാർഥ്യങ്ങളും അതിന്റെയടിസ്ഥാനത്തിലുള്ള ജീവിതരീതികളും കണക്കിലെടുത്ത് ആ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയും ധീരതയുമെന്നത് അതിന്റെ വീക്ഷണത്തിലുള്ള തെളിച്ചമാണ്. യാഥാർഥ്യങ്ങളെ നേർക്കുനേർ കാണുന്നു. അതുകൊണ്ടാണ് തത്വത്തിൽ അംഗീകരിക്കാൻ മടികാണിക്കാതിരുന്നതും ഗോവധ നിരോധനം പിന്നീടത്തേക്ക് മാറ്റിവച്ചതും. എന്നാൽ ഇപ്പോൾ പിൻവാതിലിലൂടെയെന്നവണ്ണമാണ് ഫലത്തിൽ ഗോവധ നിരോധനം നടപ്പിലാകുന്ന വിധം കശാപ്പിനായി കാലിച്ചന്തകളിൽ കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി-വനം വകുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുന്നത്. ഈ നടപടി ഭരണഘടനയുടെ ആത്മാവിന്റെ തെളിച്ചത്തിന് മങ്ങലേൽപ്പിക്കുന്നതായിപ്പോയി. കാരണം നിയമപരമായി നോക്കുകയാണെങ്കിൽ ഒരുവിധ അസ്വാഭാവികതകളും ഇല്ലാത്ത വിജ്ഞാപനമാണ്. എന്നാൽ രാജ്യത്ത് വളരെ ശക്തമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയും അതിന്റെ പേരിൽ രണ്ടു ചേരികൾ തമ്മിലുള്ള മുഖ്യ അജണ്ടയായി പൊതുസമൂഹത്തിൽ നിൽക്കുമ്പോഴാണ് ഒരു പക്ഷത്തിന്റെ നിലപാടിനെ ഏകപക്ഷീയമായി അംഗീകരിക്കുന്ന ഈ നടപടി ഉണ്ടായിരിക്കുന്നത്.
തങ്ങൾ ചെയ്യുന്നത് ശരിയല്ലെന്ന് ചെയ്യുന്നവർക്ക് തന്നെ ബോധ്യമാകുമ്പോഴാണ് പിൻവാതിൽ മാർഗ്ഗം ഉപയോഗിക്കുന്നത്. ഗോവധം നേരിട്ടു നിരോധിച്ചുകൊണ്ട് നടപടിയുണ്ടായാൽ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രായോഗിക വൈഷമ്യങ്ങളെക്കുറിച്ചും കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്നവർക്കറിയാം. അതിനാൽ പിൻവാതിൽ പ്രക്രിയപ്രയോഗത്തിന് ഭരണഘടനയെ മറയാക്കിയിരിക്കുന്നു ഇവിടെ. ഭരണഘടനയോടു ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ് ഭരണഘടനയെ ഉപയോഗിച്ചുകൊണ്ട് അതിന്റെ അന്തസ്സത്തയെ ഇല്ലായ്മ ചെയ്യുന്നത്. സാങ്കേതികമായി കേന്ദ്രസർക്കാരിന്റെ നടപടി പൂർണ്ണമായും ശരിയാണ്. ഭരണഘടനയുടെ അന്തസ്സത്ത ഒരു വിധത്തിലും ചോർന്നു പോകാതിരിക്കാനാണ് ജനായത്തത്തിൽ സാങ്കേതികത്വത്തിന്റെ പ്രസക്തി. ഇന്ത്യ നേരിടുന്ന പ്രശ്‌നവും അതാണ്. ജനായത്ത സംവിധാനം അതിന്റെ സാങ്കേതികതയിലേക്കു മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുന്നു.
ഈ വിജ്ഞാപനം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്കു നോക്കിയാലറിയാം ഇത് ഗോവധ നിരോധനം നടപ്പിലാക്കൽ തന്നെയെന്ന്. ഭരണാഘടനാ നിർമ്മാണ വേളയിൽ നിന്നു വ്യത്യസ്ഥമായി ഇന്നിപ്പോൾ നിലമുഴുകാനും മറ്റും കാലികളേക്കാൾ ഉപയോഗിക്കപ്പെടുന്നത് സാങ്കേതിക സംവിധാനങ്ങളാണ്. ഇതില രാഷ്ട്രീയ കാരണങ്ങൾ മാറ്റി നിർത്തിയാൽ പോലും ഒട്ടേറെ പ്രായോഗിക പ്രശ്‌നങ്ങൾ തന്നെ ഈ ഉത്തരവ് ഉയർത്തുന്നുണ്ട്. ഇന്ത്യയിൽ കശാപ്പു ചെയ്യപ്പെടുന്ന മാടുകൾ എങ്ങനെ സംരക്ഷിക്കപ്പെടും. ഇവയെ വിശ്വാസത്തിന്റെ പേരിൽ സംരക്ഷിക്കാൻ തയ്യാറാകാത്ത ജനവിഭാഗം ഈ മാടുകളെ എന്തു ചെയ്യും. അവയുടെ മേൽനോട്ടം ആരു വഹിക്കും. വിശ്വാസമില്ലാത്തവരെ സംബന്ധിച്ച് പ്രതിഫലമില്ലാതെ മാടുകളെ സംരക്ഷിക്കുക എന്നത് അവർക്ക് താങ്ങാൻ പറ്റുന്നതാകില്ല. അങ്ങനെയുള്ള മാടുകളുടെ സംരക്ഷണം ഏറ്റെടുക്കാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമാണോ. ഇത്യാദി പ്രായോഗിക പ്രശ്‌നങ്ങളും രാഷ്ട്രീയ-മത-സാമ്പത്തിക-സ്വാതന്ത്ര്യ പ്രശ്ങ്ങൾക്കൊപ്പം ഉയർന്നു വരുന്നുണ്ട്.
പശുവിനെയുൾപ്പടെയുള്ള മൃഗങ്ങളെ കൊല്ലുന്നത് ക്രൂരം തന്നെ. അത് മൃഗങ്ങളോടുള്ള കുറ്റകൃത്യം തന്നെ. എന്നിരുന്നാലും ഒരു ജനവിഭാഗത്തെ ഒറ്റയടിക്ക് നിസ്സഹായവും ഭീതിദവുമായ സാമൂഹ്യാന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന അപ്രായോഗിക തീരുമാനത്തിൽ ഭരണഘടനയുടെ രക്ഷാകർതൃത്വഭാവം ചഞ്ചലമാകുന്നത് കാണാൻ കഴിയുന്നു. മൃഗസ്‌നേഹത്തെയും വിശ്വാസത്തേയും വെറും പരിചയാക്കുന്നതും ആ നിയമങ്ങളുടെ അന്തസ്സത്തയോടും കാണിക്കുന്ന അനീതിയാണ്. കാരണം ആ ഉദ്ദേശ്യത്തിന്റെ മറവിൽ മറ്റൊരു ലക്ഷ്യം നിറവേറ്റപ്പെടാനായി ആ നിയമത്തെ ഉപയോഗിക്കുമ്പോൾ അതു ആ നിയമം കൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യം കൈവരിക്കില്ല. എന്നു മാത്രമല്ല വിനാശങ്ങളെ വിളിച്ചുവരുത്തുകയും ചെയ്യും.