അൽപ്പബുദ്ധികളുടെ കെണിയിൽ കേരളം പെടാതിരിക്കട്ടെ

Glint Staff
Sun, 07-05-2017 12:58:04 PM ;

tp senkumar

 

ഇന്ത്യയുടെ ചരിത്രത്തിലേക്കു കയറിയ ദിവസമാണ് 2017 മേയ് ആറ്. ടി.പി സെൻകുമാർ വീണ്ടും കേരളത്തിലെ പോലീസ് മേധാവിയായി അധികാരമേറ്റ ദിവസം. അതിനെ ഒട്ടേറെ കോണുകളിൽ നിന്നു കാണാമെങ്കിലും ഏറ്റവും ശോഭയേറിയത് ഇന്ത്യയിലെ നിയമവാഴ്ചയുടെയും ജനായത്തത്തിന്റെയും വിജയം തന്നെ. അൽപ്പബുദ്ധികൾക്കു മാത്രമേ ഇത് പരാജയത്തിന്റെ നിമിഷമായി അനുഭവപ്പെടുകയുളളു. എന്തായാലും അധികാരമേറ്റ സെൻകുമാർ ആ വിധിയുടെയും അത് നടപ്പാക്കപ്പെട്ടതിന്റെയും അന്തസ്സിനു ചേരുന്ന വിധം അധികാരമേറ്റ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

 

സർക്കാരിനോ മുഖ്യമന്ത്രിക്കോ തന്നെ പ്രതിയോഗിയായി കാണേണ്ടതില്ല എന്ന വ്യക്തമായ സന്ദേശം അദ്ദഹം നൽകുകയുണ്ടായി. അതേസമയം സധൈര്യം നിയമവാഴ്ചയ്ക്കായിരിക്കും താൻ പ്രാധാന്യം നൽകുന്നതെന്നും സംശയലേശമന്യേ അദ്ദേഹം തെല്ലും അഹങ്കാരത്തിന്റെയോ അഹന്തയുടെയോ ഭാവമില്ലാതെ പറയുകയുണ്ടായി. താൻ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരുദ്യോഗസ്ഥനാണെന്നുള്ള ബോധത്തെക്കുറിച്ച് സ്വയം ഓർമ്മിപ്പിക്കുന്നതുപോലെ ആത്മാർഥമായ വിനയഭാവത്തോടെയാണ് പറഞ്ഞത്.

 

54 ദിവസമാണ് ഇനി സെൻകുമാറിന് ഇപ്പോഴത്തെ അവസ്ഥയിൽ അധികാരത്തിൽ തുടരാൻ കഴിയുക. മുഖ്യമന്ത്രി അൽപ്പബുദ്ധികളും അപക്വമതികളുമായ ഒരുകൂട്ടം ഉപദേശകരുടെ മധ്യത്തിലാണെന്നുള്ളത് പകൽപോലെ വ്യക്തമാണ്. അൽപ്പബുദ്ധികളെ എപ്പോഴും വേട്ടയാടുന്ന മാനസികരോഗമാണ് പാരനോയിയ എന്നത്. അതായത് താൻ ആക്രമിക്കപ്പെടുമെന്നുള്ള വ്യക്തിയുടെ തോന്നൽ. ആ മാനസികാവസഥയുളള ഉപദേശകരാണ് സെൻകുമാർ വിഷയത്തിൽ തുടക്കം മുതൽ നിർണ്ണായകമായ ഉപദേശം മുഖ്യമന്ത്രിക്കു നൽകിയിരുന്നത്. ആ ഉപദേശകർ ഇപ്പോഴും ശക്തർ തന്നെയെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ നിന്നു മനസ്സിലാകുന്നത്. ഏതാനും വ്യക്തികളുടെ വികലമായ മാനസികാവസ്ഥയുടെ പാതയിലൂടെ ഒരു സംസ്ഥാനത്തിന്‍റെ ഭരണത്തെ നയിക്കുന്നത് സംസ്ഥാനത്തിനും നായകനും ഒരേപോലെ ദോഷമായിരിക്കുമെന്നുള്ളത് ഓർത്താലും ഓമ്മിക്കാൻ സാധ്യത കുറവാണ്. കാരണം ആ ഓർമ്മ വന്നാൽ ഉപദേശകർ അപ്രസക്തരായിപ്പോകും.

 

സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കിയത് ശരിയാണെന്നു സ്ഥാപിക്കാൻ വേണ്ടി അതിനുതകുന്ന സാഹചര്യങ്ങൾ പോലും സൃഷ്ടിച്ചെടുക്കാൻ ഈ ഉപദേശകർക്ക് കഴിവുണ്ട്. വിപരീതാത്മക സർഗ്ഗശേഷിയുളളവരിൽ നിന്നു അതുണ്ടായാൽ അത്ഭുതപ്പെടാനില്ല. അതിനു കൊടുക്കേണ്ടി വരുന്ന വിലയെപ്പറ്റിപ്പോലും അവർക്ക് വേവലാതിയുണ്ടാകില്ല. സെൻകുമാര്‍ അപമാനിതനായി ആ കസേരയിൽ നിന്ന് വിടവാങ്ങുന്നതിനുള്ള തന്ത്രങ്ങൾ അതിനാൽ മെനയപ്പെടുമെന്നതിൽ സംശയമില്ല. അതാണ്  സെൻകുമാറും സംസ്ഥാനവും വരുന്ന ദിവസങ്ങളിൽ നേരിടാൻ പോകുന്നത്. അതിനെ എരിതീയിൽ എണ്ണ എന്ന നിലയിൽ പ്രോത്സാഹിപ്പിക്കുന്ന മാധ്യമാന്തരീക്ഷവുമാണ് കേരളത്തിലുള്ളത്. ഉപദേശകർക്കും  മുഖ്യമന്ത്രിയ്ക്കുമൊഴികെ  രാജ്യത്തെ പരമോന്നത നീതിപീഠത്തിനും എല്ലാവർക്കും ശരിയെന്നു മനസ്സിലായ കാര്യങ്ങളാണ്  അൽപ്പബുദ്ധികൾക്ക് മനസ്സിലാകാതായിപ്പോയത്. ഒരവസരത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പോലും പറഞ്ഞതിന് വിപരീതമായി വിശദീകരണവും തേടി സുപ്രീംകോടതിയെ സമീപിച്ചത് അതിനാലാണ്. ഒന്നും 'ശരി'യായില്ലെങ്കിലും ആ അൽപ്പബുദ്ധികളുടെ കെണിയിൽ കേരളം പെടാതിരുന്നാൽ നന്ന്.

Tags: