മലയാള ടെലിവിഷന്‍ എന്ന വഴുക്കലുള്ള ചെരുവ്

കിരണ്‍ പോള്‍
Mon, 27-03-2017 11:47:45 AM ;

 

സ്വീകരണമുറിയും കിടപ്പറയും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്ന തരത്തില്‍ കേരളത്തില്‍ ടെലിവിഷന്‍ പരിപാടികള്‍ മാറാന്‍ തുടങ്ങിയിട്ട് കുറച്ചേറെ നാളായി. വാര്‍ത്ത പോലും ഇതിന് അപവാദമാകുന്നില്ല. വര്‍ത്തമാന കാലത്തെ ഏറ്റവും സ്വാധീനശക്തിയുള്ള ബഹുജന മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ ദൃശ്യങ്ങളുടെ അനുരണനങ്ങള്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുക തന്നെ ചെയ്യും. ഇവിടെ മാധ്യമവും സമൂഹവും ഒരു ദൂഷിതവലയത്തില്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.

 

സമൂഹത്തിലെ അപഭ്രംശങ്ങള്‍ മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കുക തന്നെ വേണം. എന്നാല്‍, റിപ്പോര്‍ട്ട് ചെയ്യുന്നതാണ്, തുറന്നുകാട്ടലല്ല വാര്‍ത്ത എന്നത് അടിസ്ഥാനപരമായ ഉണ്ടായിരിക്കേണ്ട ഒരു തിരിച്ചറിവാണ്. തന്റെ മുന്നിലുള്ള  രേഖയെ ആസ്പദമാക്കി റിപ്പോര്‍ട്ട് ചെയ്യുന്ന ലേഖികക്ക്/മാധ്യമത്തിന് വിശ്വാസ്യത എന്ന ഗുണമുണ്ടെങ്കില്‍ ആ രേഖ കാണിക്കൂ എന്ന്‍ ജനങ്ങള്‍ ആവശ്യപ്പെടില്ല. ഇപ്പോഴത്തെ ശശീന്ദ്രന്‍ സംഭവത്തിലേതുപോലെയോ നേരത്തെ തെറ്റയില്‍ സംഭവത്തിലെയോ പോലുള്ള രേഖകള്‍ ജനങ്ങള്‍ ആവശ്യപ്പെട്ടാലും പ്രദര്‍ശിപ്പിക്കില്ല എന്ന് തീരുമാനിക്കാനുള്ള ആര്‍ജ്ജവവും സമൂഹത്തോട് പ്രതിബദ്ധത അവകാശപ്പെടുന്ന മാദ്ധ്യമത്തിനുണ്ടാകേണ്ടതാണ്.

 

എന്നാല്‍, വിപണിയെ ലക്ഷ്യമിട്ട് വാര്‍ത്ത ഉല്‍പ്പാദിപ്പിക്കുന്ന മാധ്യമങ്ങള്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും സൃഷ്ടിക്കുക തന്നെ ചെയ്യും. കച്ചവടമാണെങ്കില്‍ വഴിവിട്ട വഴി തന്നെയാണെന്നുള്ള പൊതുവേ അംഗീകരിക്കപ്പെടുന്ന അവസ്ഥയും മാദ്ധ്യമപ്രവർത്തനം കച്ചവടമായി തിരിച്ചറിയുന്ന അവസ്ഥയും ചേര്‍ന്നപ്പോള്‍ ആ വഴിവിട്ട  വഴി അതിന്റെ നിലനില്‍പ്പിനും വിജയത്തിനും വേണ്ടി ഉപയോഗിക്കപ്പെടുന്നു. എന്നാല്‍, റേറ്റിംഗില്‍ മുന്‍പിലെത്താനുള്ള വാശിയില്‍, അല്ലെങ്കില്‍ മറ്റ് ചാനലുകള്‍ക്ക് ഒപ്പം ചേരാനുള്ള ആള്‍ക്കൂട്ട മനസ്ഥിതിയില്‍ ദൂരവ്യാപകവും ദോഷകരവുമായ സാമൂഹ്യഫലങ്ങള്‍ ഉളവാക്കുന്ന പ്രവൃത്തിയാണ്‌ മലയാള ടെലിവിഷന്‍ ചാനലുകള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

 

ഒരു വ്യാഴവട്ടത്തിനു മുന്‍പുണ്ടായ കുഞ്ഞാലിക്കുട്ടി-റജിന സംഭവം കേരളത്തിലെ മാദ്ധ്യമരംഗത്തെ സംബന്ധിച്ചിടത്തോളം ഒരു സ്ലിപ്പറി സ്ലോപ്പിന്റെ തുടക്കമായിരുന്നു. അതിനുശേഷം ലൈംഗികമായ പീഡനവാർത്തകൾ മുഖ്യ ഇനമായി മാറുകയും ചാനലുകൾ തങ്ങളുടെ റേറ്റിംഗ് കൂട്ടുന്നതിന് പീഡനവാർത്തകൾ ഉൾപ്പെടുത്തുന്നത് എളുപ്പവിദ്യയായി കാണുകയും ചെയ്തു. പിന്നീട് ഗണേഷ് കുമാറും പി.സി ജോര്‍ജും സരിത നായരും ഒക്കെ ചേര്‍ന്ന് മലയാളി ടെലിവിഷന്‍ പ്രൈം ടൈമിനെ വിളപ്പില്‍ശാലയ്ക്ക് സമാനമായ അവസ്ഥയില്‍ എത്തിച്ചപ്പോഴാണ് തെറ്റയില്‍ ദൃശ്യങ്ങള്‍ കേരളത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന മാദ്ധ്യമസ്ഥാപനം തന്നെ സംപ്രേഷണം ചെയ്തത്. അതിന്റെ സ്വാഭാവിക പരിണതിയാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്യപ്പെട്ട ശശീന്ദ്രന്‍ ശബ്ദരേഖ. ആശാന് അക്ഷരം പിഴക്കുമ്പോള്‍ പിന്നെ ശിഷ്യര്‍ അമ്പത്തിയൊന്നും തെറ്റിക്കുന്നതില്‍ അത്ഭുതമില്ല എന്നാണല്ലോ ചൊല്ല് തന്നെ.

 

മാതൃകകള്‍ സൃഷ്ടിക്കുന്നു എന്നത് തന്നെയാണ് നായകസ്ഥാനങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്വവും.  എ.കെ ശശീന്ദ്രന്‍ രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ലഭിക്കുന്ന അംഗീകാരവും അധികാരവും ദുരുപയോഗം ചെയ്യുകയായിരുന്നുവെങ്കില്‍ അത് ജനാധിപത്യത്തോടുള്ള നിരുത്തരവാദിത്വം തന്നെയാണ്. അദ്ദേഹം അധികാരത്തില്‍നിന്ന്, പൊതുമണ്ഡലത്തില്‍നിന്ന്‍ മാറിനില്‍ക്കേണ്ടത് ആവശ്യവുമാണ്. എന്നാല്‍, മാദ്ധ്യമരംഗത്തെ നമ്മുടെ നായകസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്ന മാതൃകകളാണ് ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ കര്‍ശനമായ വിലയിരുത്തലുകള്‍ക്ക് വിധേയമാകേണ്ടത്. എന്തെന്നാല്‍, ഒരു സമൂഹത്തെയാണ് അത് പരാജയപ്പെടുത്തുന്നത്.  

 

ചുറ്റുപാടും നാറ്റമാണെങ്കില്‍ മൂക്ക് പൊത്തി ആ ഭാഗത്തുനിന്ന്‍ മാറുക എന്നത് മനുഷ്യസഹജമായ ഒരു പ്രവണതയാണ്. അതിനു പറ്റാത്ത അവസ്ഥയില്‍ മലയാളി പ്രേക്ഷകരും എത്തിയിരിക്കുന്നു എന്നത് റേറ്റിംഗ് സാക്ഷ്യപ്പെടുത്തുന്നു. നാം അറിയാതെ മനോരോഗികളായിരിക്കുന്നു. അതു കൂടുതല്‍ വഷളാകുന്നതിന് മുൻപ് തിരിച്ചറിഞ്ഞ് രക്ഷപ്പെടുക എന്നത് ഏതൊരു മലയാളിയുടേയും അവകാശമാണ്. അതിനാല്‍ വാര്‍ത്ത കാണാതിരുന്നാല്‍, അതേപോലെ വാര്‍ത്തയുമായി ബന്ധപ്പെട്ട് പലരൂപത്തില്‍ പുറത്തുവരുന്ന ജുഗുപ്‌സാവഹമായ ഇനങ്ങൾ കാണാതിരുന്നാല്‍ അത് മൂക്കുപൊത്തലാകും. അതിനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. അതിന് നമുക്ക് തോന്നുന്നില്ലെങ്കില്‍ അറിയുക, നാമും തിരുത്താനാകാത്തവിധം വൈകൃതങ്ങൾ പിടികൂടിയ മനോരോഗിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത.

Tags: