ജല്ലിക്കെട്ട് പ്രതിഷേധവും അക്കാദമി സമരവും ഉയിർത്തെഴുന്നേൽപ്പു ലക്ഷണങ്ങൾ

Glint Staff
Wed, 08-02-2017 06:45:03 PM ;

 

തമിഴ്നാട്ടിലെ ജല്ലിക്കെട്ടു നിരോധനത്തിനെതിരെ ഉള്ള സമരം ഉയിർത്തെഴുന്നേൽപ്പിന്റെതായിരുന്നു. ജനിതക സ്മൃതിയിൽ നിന്നെന്ന വണ്ണമായിരുന്നു തമിഴ് ജനതയുടെ, വിശേഷിച്ചും ആൺ പെൺ വ്യത്യാസമില്ലാതെയുള്ള യുവജന മുന്നേറ്റം. ആ ഉയിർത്തെഴുന്നേൽപ്പിൽ എന്തൊക്കെയാണ് തകർന്നടിയുന്നതെന്നും എന്തൊക്കെയാണ് ഉദിച്ചുയരുന്നതെന്നും കാണാൻ പോകുന്നതേയുള്ളു. ജയലളിതയുടെ തോഴി ശശികലയുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ വൈകുന്നതിലിലൂടെയും എ.ഐ.എ.ഡി.എം.കെയുടെ പ്രതിസന്ധിയിലൂടെയും തകർച്ചയുടെ തുടക്കം കണ്ടുതുടങ്ങി. കേരളത്തിലെ രാഷ്ട്രീയവും സമാനമായ മാറ്റത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ലോ അക്കാദമി സമരത്തിലൂടെ. രണ്ടു സംസ്ഥാനങ്ങളിലും സംഭവിക്കുന്നത് ഒന്നു തന്നെ. ജനായത്ത സംവിധാനത്തിലെ ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ അന്ത്യം. തമിഴ്നാട്ടിൽ ജയലളിതയുടെ മരണത്തോടെ ആ പ്രക്രിയ അതിവേഗം സംഭവിക്കുന്നു. കേരളത്തിൽ അതേ പ്രക്രിയ നടക്കുന്നുവെങ്കിലും അത് അത്ര വേഗത്തിലല്ലെന്നു മാത്രം. പ്രയോഗ തലത്തിൽ നോക്കുകയാണെങ്കിൽ തമിഴ്നാട്ടിൽ സംഭവിച്ചതിനേക്കാൾ ജനായത്ത സംവിധാനത്തിലെ ജീർണ്ണതയുടെ വ്യാപ്തി സാധ്യത വെളിവാക്കുന്നതാണ് ലോ അക്കാദമി. സർവ്വകലാശാലകൾ തുടങ്ങി ജനായത്ത സംവിധാനത്തിലെ എല്ലാ സ്ഥാപനങ്ങളേയും രാഷ്ട്രീയ പാർട്ടികളേയും വിദഗ്ദ്ധമായി ഉപയോഗിച്ചു കൊണ്ട് പ്രബുദ്ധമെന്നവകാശപ്പെടുന്ന കേരളത്തിൽ അരനൂറ്റാണ്ടുകാലം ഒരു വ്യക്തി അഴിമതി നടത്തിയതിന്റെ ഉദാഹരണമാണ് എല്ലാ അർഥത്തിലും നിയമരഹിതമായി പ്രവർത്തിക്കുന്ന നിയമ വിദ്യാഭ്യാസ സ്ഥാപനമായ ലോ അക്കാദമി.

 

കേരളത്തിന്റെ ഭരണ നേതൃത്വത്തിലുള്ള സി.പി.ഐ.എമ്മും അതിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനനേതൃത്വവും  മുഖ്യമന്ത്രിയുമൊഴികെ സമസ്ത കേരളീയർക്കും ലോ അക്കാദമി സമരത്തിലെ ന്യായം മനസ്സിലായിട്ടുണ്ട്. വേണമെങ്കിൽ ലോ അക്കാദമി സമരത്തിന് ഐക്യദാർഢ്യമോ, അല്ലെങ്കിൽ സമരത്തിൽ ചേർന്നു കൊണ്ടോ ഉള്ള ജല്ലിക്കെട്ട് പ്രതിഷേധ മാതൃകയിലുള്ള മുന്നേറ്റം കേരളത്തിലും ഉണ്ടാകാൻ സാഹചര്യം പാകമായിക്കഴിഞ്ഞു. വിനാശകാലേ വിപരീത ബുദ്ധി എന്ന പോലെയായി മുഖ്യമന്ത്രി പിണറായി വിജയന്റെ "ഏതോ പിള്ള" പ്രയോഗം. ആ പ്രയോഗത്തിലൂടെ  പി.എസ് നടരാജ പിള്ള എന്ന ചരിത്ര പുരുഷനേയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംസ്കാരത്തേയും കേരളത്തിന് പരിചയപ്പെടാൻ അവസരമുണ്ടായി. അങ്ങനെ നടരാജ പിള്ളയും ലാ അക്കാദമിയും രണ്ട് രാഷ്ട്രീയ സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ബിംബങ്ങളായി. രണ്ടാമത്തതിന്റെ കൂടെ സർക്കാരും ഭരണകക്ഷിയും നിലകൊള്ളുന്നു. കേരളത്തിലെ ഭൂപരിഷ്കരണത്തിന് നിയമനിർമ്മാണ ശ്രമത്തിലൂടെ തുടക്കം കുറിച്ച നേതാവു കൂടിയായിരുന്നു പി.എസ്.നടരാജ പിള്ള എന്നറിയുമ്പോഴാണ് "ഏതോ പിള്ള" പ്രയോഗവും അക്കാദമി ഡയറക്ടർ നാരായണൻ നായരുടെ സ്വാധീനവുമൊക്കെ കേരള മനസ്സാക്ഷിക്ക് മുന്നിൽ ചോദ്യമുയർത്തി ആത്മാഭിമാനത്തെ ഉണർത്തുന്നത്.

Tags: