പേഴ്സണൽ സ്റ്റാഫ് യോഗം ഉചിതം; എന്നാൽ സംശയ നിർദ്ദേശം അനുചിതം

Glint Staff
Tue, 27-12-2016 10:02:13 PM ;

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളുടെ യോഗം വിളിച്ചു മുഖ്യമന്ത്രി അവർക്ക് നിർദ്ദേശം നൽകിയത് ഉചിതമായി. അതിന് പല മാനങ്ങളും കൈവന്നു. അവരുടെ പൊതു പെരുമാറ്റം, ഉത്തരവാദിത്വം, ദൗത്യം, ഭരണ നിർവഹണത്തിൽ അവരുടെ പങ്ക് എന്നിവയെ കുറിച്ച് സുവ്യക്തമായി ഓർമ്മിപ്പിക്കുകയും അതോടൊപ്പം അഴിമതി എങ്ങനെ ഒഴിവാക്കണമെന്നും പിണറായി വിജയൻ അവരെ ഉദ്ബോധിപ്പിച്ചു.തന്റെ സർക്കാർ അഴിമതിയിൽ മുങ്ങരുത് എന്ന നിശ്ചയദാർഢ്യം മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിഴലിച്ചു. ഒപ്പം ഒരു ജനായത്ത സർക്കാരിന്റെ മുഖം നിലനിർത്തേണ്ടത് എങ്ങനെയാകണമെന്ന സൂക്ഷ്മ നിർദേശങ്ങൾ കൊടുക്കുകയം ചെയ്തു.

നിർദ്ദേശങ്ങളിൽ ഒന്ന് അനുചിതമായിപ്പോയി. അഴിമതി തടയുന്നതിന് വേണ്ടി അവർ സംശയാലുക്കളായിരിക്കണം, എന്നാൽ സംശയരോഗികളാകരുതെന്നാണ് മുഖ്യമന്ത്രി ഉപദേശിച്ചത്. ആ ഉപദേശം മറ്റു നിർദ്ദേശങ്ങളിൽ ചിലതിനെ നിർവീര്യമാക്കുന്നതായി. ഓഫീസിലെത്തുന്നവരോട് ദുർമുഖം കാട്ടരുത് എന്നുള്ള നിർദ്ദേശം സംശയം ഉള്ളിൽ വച്ചു കൊണ്ട് നടപ്പാക്കുക പ്രയാസമാണ്. സംശയത്തോടെ നോക്കുന്നതു ശീലമായിക്കഴിഞ്ഞാൽ ആ ശീലത്തെയാണ് സംശയരോഗം എന്നു പറയുന്നത്. എന്തിലും ഏതിലും സംശയം തോന്നുന്ന വ്യക്തിക്ക് കാര്യങ്ങളെ അതിന്റെ നിജസ്ഥിതിയിൽ കാണാനുള്ള ശേഷി നഷ്ടമാകും. വ്യക്തമായി വസ്തുതകൾ മനസ്സിലാകാതെ വരുന്ന മനസ്സിലാണ് സംശയം ജനിക്കുക.

കാര്യങ്ങളെ വിശദവും വ്യക്തമായും പഠിക്കുന്ന ശീലം വികസിപ്പിക്കുന്ന പക്ഷം സംശയമുണ്ടാകില്ല. ഒരു ഫയലിന്റെ പിന്നിൽ അഴിമതി പതുങ്ങിയിരിപ്പുണ്ടോ എന്നറിയണമെങ്കിൽ ഈ ശേഷി അനിവാര്യമാണ്. സംശയത്തിൽ നിലകൊള്ളുന്ന മനസ്സിന് ഭീതിയുമുണ്ടാകും. അതിനാൽ ഫയലുകളിൽ തിരുമാനമുണ്ടാകുന്നതിന് സഹായകമായ നിലപാടും തീരുമാനങ്ങളുമെടുക്കുന്നതിൽ താമസമുണ്ടാകും.സെക്രട്ടറി എഴുതുന്ന കുറിപ്പുകൾ നിർവ്യാജമാണെങ്കിലും അതിൽ സംശയം ജനിക്കും. ഇത് ഓഫീസിനുള്ളിൽ ഗ്രൂപ്പുകളുണ്ടാക്കാൻ കാരണമാകും. ഇതൊക്കെയാണ് പിന്നീട് ഉപജാപങ്ങളിലേക്ക് നയിക്കുന്നത്. വ്യക്തിയിൽ ഈ ലക്ഷണങ്ങൾ സൃഷ്ടിക്കുന്ന രോഗത്തെയാണ് പാരനോയിയ എന്നു വിളിക്കുന്നത്.

നിയമവും നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും ചട്ടങ്ങളും നിയമനിർമ്മാണ രീതിയുമൊക്കെ ശരിക്കും പഠിച്ച് അതിന്റെ വെളിച്ചത്തിൽ ഫയലുകളിൽ തീർപ്പാക്കുന്നതിനും തീർപ്പായതിനെ ഉത്തരവുകളാക്കി മാറ്റുന്നതിനും സഹായിക്കണമെന്നു നിർദ്ദേശിച്ചാൽ മന്ത്രിമാരുടെ ഓഫീസ് കഴിവുറ്റതാകും. കഴിവ് പ്രകടമാക്കുന്നിടത്തു നിന്ന് അപ്രത്യക്ഷമാകുന്ന പ്രതിഭാസമാണ് അഴിമതി. അപ്പോൾ മാത്രമേ കാര്യക്ഷമതയും കൈവരികയുള്ളു. അപ്പോൾ മാത്രമേ ലക്ഷ്യബോധവും ഉണ്ടാവുകയുളളു. അഴിമതി ഒഴിവാക്കാൻ സജ്ജമാക്കപ്പെടുന്ന മനസ്സ് കർത്തവ്യത്തിൽ നിന്നകന്നു കൊണ്ടിരിക്കും. കർത്തവ്യ ബോധവും ശ്രദ്ധയുമില്ലാത്ത ഓഫീസിൽ അഴിമതി കുടിയേറും. സംശയം വേണ്ട.

സ്റ്റാഫംഗങ്ങളുടെ കാര്യക്ഷമതയും ശേഷിയും വർധിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ മുൻകൈയ്യിൽ അവർക്ക് ശിൽപ്പശാലകൾ ഇടവേളകളിൽ നടത്തുന്നതും ഭരണത്തിന്റെ വേഗതയും കാര്യക്ഷമതയും കൂട്ടുന്നതിനു സഹായകമാകും. അതിന്റെ ഫലവും അഴിമതി മാറി നിൽക്കുമെന്നുള്ളതാണ്. മാത്രമല്ല ഭരണത്തിന് രാഷ്ട്രീയമായ ദിശാബോധം ഉണ്ടാകുന്നതിന് സഹായകവുമാകും. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള ഇത്തരം ശ്രദ്ധയും നടപടികളും മറ്റ് മന്ത്രിമാരുടെ പ്രവർത്തനത്തെയും ഗുണകരമായി സ്വാധീനിക്കും. ഇരുന്നൂറു ദിവസമായിട്ടും സർക്കാറിന്റെ ചലനാത്മകത ഇനിയും അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല.

Tags: