ബി.ജെ.പിയെ സി.പി.ഐ.എം പ്രതിപക്ഷമായി അംഗീകരിക്കുന്നു

Glint Staff
Mon, 26-09-2016 07:05:13 PM ;

 

ബി.ജെ.പിയുടെ കോഴിക്കോട് ദേശീയ കൗൺസിൽ യോഗത്തിന്റെ രാഷ്ട്രീയ പ്രാധാന്യം മുഖ്യമായും കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ്. അതിന് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിലെ ദേശീയ രാഷ്ട്രീയവുമായും ബന്ധമുണ്ട്. കേരളത്തിൽ ബി.ജെ.പി എത്രമാത്രം ശക്തി പ്രാപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്. ബി.ജെ.പിയുടെയും മുന്നണിയുടെയും ശക്തി കേരളത്തിൽ വർധിച്ചുവരുന്നു എന്നുള്ളത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൂടെ പ്രകടമായതാണ്. കേരള നിയമസഭയിൽ ആദ്യമായി അക്കൗണ്ട് തുറന്ന ബി.ജെ.പി യഥാർഥ പ്രതിപക്ഷം തങ്ങളാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണ്. കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും വർത്തമാനകാല അവസ്ഥ അവരുടെ ശ്രമത്തിന് വൻ സാധ്യതയും തുറന്നുകൊടുക്കുന്നുണ്ട്. ബി.ജെ.പിയെ തടയുക എന്ന ദൗത്യം ശക്തമായി ഏറ്റെടുത്തിരിക്കുന്നത് സി.പി.ഐ.എമ്മാണ്. അതിനവർ തെരഞ്ഞെടുത്തിരിക്കുന്ന വഴി ബി.ജെ.പിയെ ശക്തമായി എതിർക്കുക എന്നതാണ്. എതിർക്കപ്പെടുന്ന ശക്തി ശക്തിയാർജ്ജിക്കുമെന്ന് ഏറ്റവും നന്നായി അറിയേണ്ട രാഷ്ട്രീയ പാർട്ടിയാണ് സി.പി.ഐ.എം. കാരണം ഒരര്‍ത്ഥത്തില്‍, എതിർപ്പ് കൂടിയപ്പോൾ ശക്തിയാർജ്ജിച്ച പാർട്ടിയാണത്.

 

ബി.ജെ.പി ഇപ്പോൾ കേരളത്തിൽ നേടിയ വളർച്ചയിൽ സി.പി.ഐ.എമ്മിന്റെ പങ്ക് വളരെ വലുതാണ്. ഇപ്പോൾ അവർ വളരുന്നതിലും സി.പി.ഐ.എം നിർണ്ണായക പങ്കാണ് വഹിക്കുന്നത്. വർഗ്ഗീയതയക്കെതിരെയുള്ള പോരാട്ടമാണ് തങ്ങൾ നടത്തുന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സി.പി.ഐ.എം ബി.ജെ.പിയെ എതിർക്കുന്നത്. എന്നാൽ സി.പി.ഐ.എം ആഗ്രഹിക്കുന്നത് കോൺഗ്രസ്സിന്റെ പതനമാണ്. കോൺഗ്രസ്സിന്റെ പതനത്തോടൊപ്പം സി.പി.ഐ.എം കാണുന്നത് ബി.ജെ.പിയുടെ വളർച്ചയുമാണ്. അതിന്റെ തെളിവാണ് മന്ത്രി ജി. സുധാകരന്റെ പ്രസ്താവന. കോഴിക്കോട് ദേശീയ കൗൺസിലിനെ തുടർന്ന് കോൺഗ്രസ്സിൽ നിന്ന് അണികൾ ബി.ജെ.പിയിലേക്ക് ഒഴുകുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്. അതിൽ മറ്റൊരു സൂചന കൂടിയുണ്ട്. സി.പി.ഐ.എമ്മില്‍ നിന്നാവില്ല ബി.ജെ.പിയിലേക്ക് ഒഴുക്കുണ്ടാവുക എന്നത്. ആ സൂചന വരാൻ കാരണം സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്കുളള ഒഴുക്കും ഉണ്ടാവുന്നു എന്നുളള തിരിച്ചറിവാണ്. അതിനെ നേരിടാനാണ് സി.പി.ഐ.എം  സമീപ കാലത്തായി ആർ.എസ്സ്.എസ്സ് അജണ്ടകളെ ആസ്പദമാക്കി പല പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നത്.

 

മന്ത്രി സുധാകരന്റെ പ്രസ്താവനയിലെ 'ഒഴുക്ക്'  പ്രയോഗം പ്രധാനമാണ്. ബി.ജെ.പിക്ക് കേരളത്തിലുണ്ടാകാനിരിക്കുന്ന വളർച്ചയെ സുധാകരൻ അംഗീകരിക്കുന്നുവെന്നാണ് അത് സൂചിപ്പിക്കുന്നത്. ബി.ജെ.പി തങ്ങളാണ് കേരളത്തിലെ യഥാർഥ പ്രതിപക്ഷമെന്ന് അവകാശപ്പെടുമ്പോൾ സി.പി.ഐ.എം നേതാവ് ബി.ജെ.പിയെ യഥാർഥ പ്രതിപക്ഷമായി അംഗീകരിക്കുന്നതിന്റെ ചിത്രമാണ് തെളിഞ്ഞുവരുന്നത്. 

Tags: