സർക്കാറിന് വൃത്തിയുണ്ട്, ഊർജ്ജമില്ല

Glint Staff
Thu, 01-09-2016 05:06:16 PM ;

 

പിണറായി വിജയന്‍ സർക്കാറിന്റെ നൂറു ദിവസം വിലയിരുത്തുന്നത് ഉചിതമല്ല. പിണറായി സര്‍ക്കാറിന്‍റെ എന്നല്ല, ഏത് സര്‍ക്കാറിന്റേയും. ഈ സർക്കാറിന്റെ നേട്ടമായി അവകാശപ്പെടാനുളള്ളത് മുൻ സർക്കാറിൽ നിന്നുള്ള പ്രകടമായ വ്യത്യാസമാണ്. അച്ചടക്കവും വൃത്തിയുമുള്ള സർക്കാർ എന്ന ഖ്യാതി. എന്നാൽ സർക്കാറിന്റെ പ്രഥമ കർത്തവ്യം പ്രവർത്തിക്കുക്കുക എന്നതാണ്. പ്രവർത്തനത്തിലെ  സ്വഭാവമാണ് അച്ചടക്കമായി മാറേണ്ടത്. അച്ചടക്കത്തിന്‍റെ പശ്ചാലത്തിൽ പ്രവർത്തനവും തെളിഞ്ഞുകാണണം. പക്ഷേ, അതു കാണാൻ കഴിയുന്നില്ല. നൂറ് ദിവസം വലുതല്ലെങ്കിലും ഒരു കാലയളവാണ്. നൂറ് ദിവസത്തിനുള്ളിൽ സമയബന്ധിതമായി എന്തെങ്കിലും കാര്യങ്ങൾ ചെയ്തു തീർക്കാൻ ഈ സർക്കാർ തീരുമാനിച്ചിരുന്നതായും അറിയില്ല.

 

രണ്ടു കാര്യങ്ങൾ ഈ കാലയളവിനുള്ളിൽ ഏതു സർക്കാറും പ്രകടമാക്കാറുണ്ട്. ഒന്ന്, അടിയന്തരമായി സർക്കാറിന്റെ ഇടപെടലിലൂടെ  ശരിയാക്കേണ്ട കാര്യങ്ങൾ, രണ്ട്, ഏത് ദിശയിലേക്കാണ് സർക്കാർ സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്ന പദ്ധതികള്‍. എന്നാല്‍, ഇത് രണ്ടും ഈ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

 

നൂറ് ദിവസം തികഞ്ഞ വേളയിൽ മുഖ്യമന്ത്രിക്കും പറയുവാനുണ്ടായിരുന്നത് സ്വപ്നങ്ങളെക്കുറിച്ചാണ്. ചില  ചെറിയ കാര്യങ്ങളെങ്കിലും ഈ സർക്കാറിന് തീർക്കാമായിരുന്നു. അതിൽ പ്രധാനം ഓ ണപ്പരീക്ഷയ്ക്കു മുൻപ് സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണമായിരുന്നു. ഇപ്പോഴും അതിന് സാധിച്ചില്ല. അൽപ്പം ശ്രദ്ധയുണ്ടായിരുന്നെങ്കിൽ നിഷ്പ്രയാസം ശരിയാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു അത്. അതുപോലെ, പ്രതിദിനം പതിനൊന്നു പേരാണ് കേരളത്തിൽ റോഡപകടത്തിൽ മരിക്കുന്നത്. കാര്യമായ ഇടപെടലിലൂടെ, ട്രാഫിക് നിയന്ത്രണങ്ങളും നിരീക്ഷിച്ച് ആ എണ്ണം കുറയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കാര്യങ്ങൾ ശരിയായിത്തുടങ്ങുന്നുവെന്ന ബോധം ജനങ്ങളിലുണ്ടാകുമായിരുന്നു. അത്   ജനങ്ങളെ സംബന്ധിച്ചിടത്തോളം അനുഭവപ്പെടുന്ന ആശ്വാസമാകുമായിരുന്നു.
 

 

വളരെ  ആസൂത്രിതമായി നൂറ് ദിവസത്തിനുള്ളിൽ നടപ്പിലായ ഒന്നുണ്ട്. കേരള ചരിത്രത്തിലും, ഒരുപക്ഷേ രാജ്യത്തിന്‍റെ ചരിത്രത്തിലും നടാടെ, അതിവിദഗ്ധമായി, മാധ്യമങ്ങളെ സർക്കാർ സമ്പർക്കത്തിൽ നിന്ന് അകറ്റുകയും നിർവീര്യമാക്കുകയും ചെയ്തു. നിയമോപദേഷ്ടാവായി മുഖ്യമന്ത്രി നിയമിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത ഹൈക്കോടതി സീനിയർ അഭിഭാഷകൻ എം.കെ ദാമോദരന്‍റെ സഹകരണത്തോടെയാവണം മാധ്യമ നിർവീര്യമാക്കൽ പ്രക്രിയ ശരിയാക്കപ്പെട്ടത്. ഇപ്പോഴും മാധ്യമ-അഭിഭാഷക പോരാട്ടമായി ആ വിഷയം തുടരുന്നു.

 

മന്ത്രിസഭയിലേക്കു നോക്കിയാൽ നല്ല ടീമാണ് ഒറ്റനോട്ടത്തിൽ. സര്‍ക്കാറില്‍ അനുഭവ പരിചയം കുറവാണെങ്കിലും പൊതുപ്രവര്‍ത്തന പരിചയത്തില്‍ ഒട്ടും പുറകിലല്ലാത്തവര്‍. എന്നാൽ, മന്ത്രിമാരിൽ നിന്നൊന്നും പ്രതീക്ഷയ്ക്കിട നൽകുന്ന പ്രവർത്തനങ്ങൾ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. നൂറ് ദിവസം കൊണ്ട് ജനപങ്കാളിത്തത്തോടെ നിശ്ചിത പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതിനുള്ള നേതൃത്വം സർക്കാർ തുടങ്ങിവച്ചിരുന്നെങ്കിൽ ജനം അത് ഓണാഘോഷം പോലെ ഏറ്റെടുത്ത് വിജയിപ്പിച്ച് ഈ ഓണക്കാലത്തെയും സർക്കാറിന്റെ നൂറാം ദിനത്തേയും അവിസ്മരണീയമാക്കുമായിരുന്നു. പൊതുവേ ഈ സർക്കാറിൽ നിന്ന് ഊർജ്ജം ഇനിയും ഉണ്ടായിട്ടില്ല.


അഭിപ്രായങ്ങള്‍ എഴുതാം: mail@lifeglint.com

Tags: