Skip to main content

kt jaleel

 

ഔദ്യോഗികമായും അല്ലാതെയും ധാരാളം ഉപദേശകരുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അതിനു പുറമേ ചീഫ് സെക്രട്ടറിക്കും അത്യാവശ്യം ഉപദേശം മുഖ്യമന്ത്രിക്കു നൽകാവുന്നതേ ഉള്ളു. സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലും അരക്ഷിതാവസ്ഥയിലും കഴിയുന്ന ഇന്ത്യാക്കാരുടെ പ്രശ്നം ശ്രദ്ധയിൽ പെട്ടയുടൻ തന്നെ വിദശമന്ത്രാലയം അവസരത്തിനൊത്തുയരുകയും സൗദി സർക്കാരിന്റെ സഹകരണത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്തു. അതു വിജയകരമായി മുന്നേറുകയാണ്. സൗദിയിൽ കുടുങ്ങിയ ഇന്ത്യാക്കാരിൽ ന്യായമായും ഒട്ടേറെ മലയാളികളുണ്ടായിരിക്കും. അതുകൊണ്ടു തന്നെ മലയാളി തൊഴിലാളികൾ ഉൾപ്പടെയുള്ളവർ നേരിടുന്ന പ്രശ്നങ്ങളാണ് പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് സംസ്ഥാനത്തു നിന്ന് മന്ത്രി കെ.ടി ജലീലിനെ മലയാളികളുടെ ക്ഷേമമന്വഷിക്കാനായി സൗദിയിലേക്കു വിടാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ അദ്ദേഹത്തിന് നയതന്ത്ര പാസ്പോർട്ട് നൽകാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല. അതിപ്പോൾ വലിയ രാഷ്ട്രീയ വിഷയവുമായിരിക്കുന്നു. അതേസമയം, പാർലമെണ്ടിനകത്ത് പ്രതിപക്ഷ പാർട്ടികളും പുറത്ത് കേരളത്തിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവരും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിർവഹിക്കുന്ന പങ്കിനെ പ്രശംസിക്കുകയും ചെയ്യുന്നു.

 

വളരെ ആസൂത്രിതമായി രണ്ടു രാജ്യങ്ങൾ തമ്മിൽ നയതന്ത്രപരമായി ഒരു വിഷയം കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള നയതന്ത്ര വിഭാഗത്തിന്റെ പ്രയത്നങ്ങളിൽ ഭാഗഭാക്കാകാനല്ല ജലീലിനെ അയയ്ക്കാൻ തീരുമാനിച്ചത്. മറിച്ച് മലയാളികളുടെ പ്രശ്നം നേരിട്ടന്വേഷിക്കാനാണ്. എന്നാല്‍, ഇതിലടങ്ങിയിരിക്കുന്ന പ്രശ്നം ഒന്നാലോചിച്ചു നോക്കിയാൽ മനസ്സിലാകുന്നതേ ഉള്ളു. രാജ്യത്തിനെ പ്രതിനിധീകരിച്ച് എംബസിയും വിദേശകാര്യ മന്ത്രാലയും ഏകാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യുന്നതിനിടയിൽ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൽ നിന്നും ഒരു മന്ത്രി ഔപചാരികമായി അവിടെയെത്തിയാൽ അദ്ദേഹത്തിന് എന്താണ് നിർവഹിക്കാൻ കഴിയുക? രാജ്യത്തിന്റെ പേരിൽ എന്തെങ്കിലും തീരുമാനമെടുക്കാനോ, അല്ലെങ്കിൽ ഏതെങ്കിലും ചർച്ചകളിൽ പങ്കെടുക്കാനോ കഴിയുമോ? വെറുതെ മലയാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പോയി മലയാളികളെ കാണുക എന്നതിലപ്പുറം ഇപ്പോഴത്തെ അവസ്ഥയിൽ എന്താണ് ചെയ്യാൻ കഴിയുക? മാത്രമവുമല്ല, കേന്ദ്ര സർക്കാർ ഏകോപനത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ സംസ്ഥാന മന്ത്രിയുടെ സാന്നിദ്ധ്യം അനവസരത്തിലുള്ളതാണ്.

vk singh

 

നയതന്ത്ര പാസ്പോർട്ടുമായി അദ്ദേഹം അവിടെയെത്തിയാൽ സ്വാഭാവികമായും അവിടെ വിഷമിച്ചു കഴിയുന്ന മലയാളികൾ അദ്ദേഹത്തിന്റെ മുൻപിൽ സങ്കടത്തിന്റെ കൂട തുറക്കും. അതു കേൾക്കുമ്പോൾ മന്ത്രിയെന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ സംഘത്തിന്റെ ശ്രദ്ധയിലേക്ക് അവ കൊണ്ടു വരും. അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾ പ്രശ്നപരിഹാരസംഘത്തിന്റെ മുൻഗണനാ പട്ടികയിലുള്ളതല്ലാ എങ്കിൽ അവർക്കത് അസുഖകരമായ ഇടപെടലായി മാറും. വിശേഷിച്ചും  മുൻഗണനാ ക്രമത്തിൽ പരിഗണിക്കേണ്ട വിഷയമാകില്ല ഉന്നയിക്കപ്പെടുന്നതെങ്കിൽ. ഇതെല്ലാം ഇന്ത്യൻ സംഘത്തിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയേ ഉള്ളു. ഒരു പ്രവൃത്തി ആരെങ്കിലും നന്നായി ചെയ്തുകൊണ്ടിരിക്കുമ്പോൾ അത് അവരെക്കൊണ്ട് ചെയ്യാൻ അനുവദിക്കുക എന്നതാണ് ഏറ്റവും സർഗ്ഗാത്മകമായ നിലപാട്. ഇപ്പോൾ സൗദിയിൽ വിഷമത്തിലായ മലയാളികളുൾപ്പടെയുള്ള ഇന്ത്യാക്കാരുടെ പ്രശ്നം നന്നായി തന്നെ പരിഹരിച്ചുകൊണ്ടിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയ സംഘം. മലയാളികളുടെ പ്രശ്നപരിഹാരമാണ് സംസ്ഥാനത്തിന്റെയും ലക്ഷ്യമെങ്കിൽ ഇപ്പോൾ സംസ്ഥാന സർക്കാരിന് ചെയ്യാവുന്നത് കേരളത്തിന്റെ ഭാഗത്തു നിന്ന് കേന്ദ്ര സംഘത്തിന് ഏതെങ്കിലും വിധത്തിലുള്ള സഹായമോ സഹകരണമെ ആവശ്യമുണ്ടോ എന്ന് അന്വേഷിക്കുകയോ അല്ലെങ്കിൽ വാഗ്ദാനം ചെയ്യുകയോ ആണ് വേണ്ടത്. അല്ലാതെയുള്ള എല്ലാ ശ്രമങ്ങളും അനാവശ്യമായ വിവാദങ്ങളുണ്ടാക്കുകയും യഥാർഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുമേ സഹായകമാവുകയുളളു.

 

ഈ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ ഏത് നിലപാടെടുത്താലും അത് രാഷ്ട്രീയമായി മാത്രമേ വിലയിരുത്തപ്പെടുകയുളളു. സൗദിയിൽ അകപ്പെട്ടിരിക്കുന്നവരിൽ ഒട്ടേറെ മലയാളികളും ഉള്ളതിനാല്‍ തന്നെ കേന്ദ്രസംഘത്തെ വെറുപ്പിക്കുന്നതും അവർക്ക് അലോസരമുണ്ടാക്കുന്നതും മലയാളികൾക്ക് ദോഷമേ ചെയ്യുകയുളളു എന്ന് മനസ്സിലാക്കാനുള്ള ചുരുങ്ങിയ വിവേകമെങ്കിലും നേതാക്കൾ പുലർത്തേണ്ടതാണ്. മന്ത്രി ജലീലിന് നയതന്ത്ര പാസ്പോർട്ട് അനുവദിക്കണമെന്ന അപേക്ഷ വിദേശകാര്യ മന്ത്രാലയം നിരസിച്ചത് ഏറ്റവും മികവാർന്ന തീരുമാനമായേ കാണാൻ കഴിയൂ. പൈങ്കിളി പരിഗണനകൾ ഒരു വിഷയത്തെ സമീപിക്കുമ്പോൾ പ്രാമുഖ്യം നേടാതെ സൂക്ഷിക്കേണ്ടതാണ്. മാദ്ധ്യമ അതിപ്രസരത്തിൽ എന്തെങ്കിലും നമ്മളും കാട്ടുന്നു എന്ന തോന്നലിനപ്പുറം കേരള സംസ്ഥാനത്തെ ഒരു മന്ത്രിക്ക് അവിടെ പോയി ചെയ്യാനാവില്ല.