മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായി യു.എസിലെ ഹാർവാഡ് സർവകലാശാലയിലെ ഇക്കണോമിക്സ് പ്രൊഫസ്സർ ഡോ.ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെ മഹാവിപത്ത് സംഭവിക്കാൻ പോകുന്നതു പോലെ മാധ്യമങ്ങളും ബുദ്ധിജീവികളും കരുതുന്നു. ആ വിഷയത്തെക്കുറിച്ചുളള ചർച്ചയ്ക്ക് വരാൻ പോലും ആരും തയ്യാറായില്ലെന്ന ആമുഖത്തോടെയാണ് ജൂലൈ 26നു വൈകിട്ടത്തെ ഏഷ്യാനെറ്റ് ചർച്ച ആരംഭിച്ചതു തന്നെ. ഈ വിധമുള്ള പ്രതികരണം കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും കേരളത്തിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമസ്ത മലയാളിയിലും സന്നിവേശിപ്പിച്ച സ്വഭാവ സവിശേഷതയുടെ സാംസ്കാരിക പ്രകടനമാണ്. അകാരണമായി ഭാവിയെ ചൂണ്ടിക്കാണിച്ച് പേടിപ്പിക്കുകയും, പേടി ജനിപ്പിച്ചതിനു ശേഷം ആ ഭാവിഭൂതത്തെ നേരിട്ടു വിരട്ടിയോടിച്ച് രക്ഷയുറപ്പു വരുത്താൻ തങ്ങളല്ലാതെ മറ്റാരുമില്ലെന്ന് ധരിപ്പിച്ച് രക്ഷകരായി രംഗത്തു വരികയും ചെയ്യുന്ന രീതി. ഇത് തങ്ങൾക്ക് ഇഷ്ടമല്ലാത്തതെന്തിനേയും തിരസ്കരിക്കുന്ന സംസ്കാരത്തിലേക്ക് സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും സാംസ്കാരികമായി പരിണമിപ്പിച്ചു. അത് നല്ലൊരളവുവരെ മലയാളിയുടെ പൊതുബോധതലത്തെ ഇപ്പോഴും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രവണത സാമൂഹ്യ സ്കിസോഫ്രീനിയയുടെ അവസ്ഥ സംജാതമാക്കിയിരിക്കുന്നു.
ഉദാരീകൃത കമ്പോളത്തിന്റെ വക്താവായ.ഡോ.ഗീത എത്തിയാൽ കേരളത്തിന്റെ കഥ കഴിയുമെന്ന ആശങ്കയാണ് കേരളത്തിലെ സാമ്പത്തിക വിദഗ്ധകളും വിദഗ്ധരുമൊക്ക ഒരേപോലെ അഭിപ്രായപ്പെടുന്നത്. അറിയുന്നതിനെ മാത്രം താലോലിക്കുകയും അറിയാത്തതിനെതിരെ മുഖം തിരിഞ്ഞു നിൽക്കുകയും ചെയ്യുന്ന വിനാശകരമായ വിപരീതാത്മകത മലയാളിയിൽ കയറിക്കൂടിയത് ഇവ്വിധമാണ്. കൂട്ടത്തിൽ അവർ മുന്നറിയിപ്പ് നല്‍കുന്നു, പിണറായി വിജയൻ ഏകാധിപതിയാകുന്നതിന്റെ ലക്ഷണങ്ങളും കാണുന്നുണ്ടെന്ന്. ഇത്തരത്തിലുള്ള സമീപനങ്ങളാണ് ജനായത്ത സംവിധാനത്തിന് പ്രത്യക്ഷത്തിലേൽക്കുന്ന ആക്രമണങ്ങളേക്കാൾ അപകടകരം. പ്രത്യക്ഷത്തിലുളളതില്‍ പ്രതിരോധത്തിനുള്ള അവസരമുണ്ടാകും. മറിച്ച്, പൗരന്മാരെ ക്രമേണ പേടിത്തൊണ്ടന്മാരാക്കുന്ന പ്രക്രിയ അതുപോലയല്ല. ഭീരുക്കളുള്ള ഒരു സമൂഹത്തിൽ മാത്രമേ ഏകാധിപതികള്‍ ജന്മം കൊള്ളുകയുള്ളു. കാരണം ഭീരുവിനു മാത്രമേ ഏകാധിപതിയാകാൻ കഴിയുകയുള്ളു. തന്നിഷ്ടപ്രകാരം ഒരു നിയമോപദേഷ്ടാവിനെ നിയമിച്ച മുഖ്യമന്ത്രിക്ക് അദ്ദേഹം ആ സ്ഥാനമേൽക്കുന്നതുപോലും കാണാൻ കഴിഞ്ഞില്ല. അത് ഇവിടുത്തെ ജനങ്ങളുടെ ശക്തി തന്നെയാണ് കാണിക്കുന്നത്. ജനഹിതം മാനിക്കാൻ മാനിക്കാൻ സർക്കാർ തയ്യാറായത് അങ്ങേയറ്റം പ്രശംസനീയവും.
ആഗോള സാമ്പത്തിക രംഗവും ഇന്ത്യൻ സാമ്പത്തിക രംഗവും ഗീതയെ വിമർശിക്കുന്നവരുടെ വഴിയേയല്ല ചലിക്കുന്നത്. കേരളവും നീങ്ങിക്കൊണ്ടിരിക്കുന്നത് ആ വഴിക്കല്ല. എന്നാൽ ഇപ്പോൾ കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത് കേരളത്തിന് ചേർന്ന വിധവുമല്ല. ഈ പശ്ചാത്തലത്തിൽ കേരളത്തിന് അതിന്റെ ശക്തി തിരിച്ചറിഞ്ഞ് ആ ശക്തിയെ ഉത്തേജിപ്പിക്കാൻ പോന്ന കർമ്മപദ്ധതികളാണ് ആവശ്യം. ഇപ്പോഴത്തെ സർക്കാരിൽ ഇടതുപക്ഷ ചിന്താഗതി പുലർത്തുന്ന വേണ്ടുവോളം സാമ്പത്തിക വിദഗ്ധരുണ്ട്. ധനകാര്യമന്ത്രി ഡോ.ടി.എം തോമസ് ഐസക് തന്നെ എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ധനാണ്. അതുപോലെ ആസൂത്രണകമ്മീഷൻ ഉപാദ്ധ്യക്ഷന്‍ ഡോ.വി.കെ. രാമചന്ദ്രൻ. ആഗോളസാമ്പത്തിക ഗതിയുമായി കലഹിച്ചുകൊണ്ടോ പുറംതിരിഞ്ഞുനിന്നുകൊണ്ടോ കേരള സമ്പദ് വ്യവസ്ഥയ്ക്ക് നീങ്ങാൻ കഴിയില്ല. ആ നിലയ്ക്ക് ആ വശം അറിയേണ്ടതും അതിനോട് ക്രിയാത്മകമായി പ്രതികരിക്കണ്ടതും ആവശ്യമാണ്. അതുകൊണ്ട് ഗീതാ ഗോപിനാഥിന്റെ ഉപദേശങ്ങൾ മഹാവിപത്തിന് വഴിവെയ്ക്കുമെന്ന് പറയുന്നതിൽ വലിയ കഴമ്പില്ല.
നല്ല പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ആശയപരമായി ഈ സർക്കാരിന്റെ എതിർ ചേരിയിലുള്ള ഗീതയുടെ നിയമനം ആ അര്‍ഥത്തിലും ജനായത്തത്തിന് ഗുണകരമാകാം. സി.പി.ഐ.എമ്മും ഇടതുപക്ഷവും മൂലധന കേന്ദ്രീകൃത സമ്പ്രദായത്തിന് എതിരാണ്. എന്നാൽ ഗീതയുടെ കാഴ്ചപ്പാടിൽ ഇന്ത്യയ്ക്കാവശ്യം മൂലധന കേന്ദ്രീകരണമാണ്. വിദേശ നിക്ഷേപത്തെയാണ് ഗീത അതുകൊണ്ടുദ്ദേശിക്കുന്നത്. ഒരുപക്ഷേ, ഇടതുപക്ഷം ഭരണത്തിലിരിക്കുമ്പോഴായിരിക്കും അതിനു അനുയോജ്യമായ കാലാവസ്ഥയെന്ന് കണ്ടവരായിരിക്കാം ഗീതയുടെ നിയമനത്തിനു പിന്നിൽ പ്രവർത്തിച്ചവർ. കാരണം, ഈ നിയമനം പിണറായി നടത്തിയിട്ടുള്ളത് മറ്റൊരു കേന്ദ്രത്തിൽ നിന്ന് ഉപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ തന്നെയാണ്.
ഗീതയുടെ സാന്നിദ്ധ്യം സർക്കാരിന്റെ തീരുമാനങ്ങളെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിലേക്കു നയിക്കും. ജനായത്ത സംവിധാനത്തിൽ ഏറ്റവും അത്യാവശ്യവും അതാണ്. ഗീത വരുന്നതിന് മുൻപുതന്നെ അവർ വന്നാല്‍ ചെയ്യേണ്ട പൈങ്കിളി സ്റ്റോറികളെക്കുറിച്ച് ഇപ്പോൾ തന്നെ മുഖ്യധാരയിലുളള മാദ്ധ്യമങ്ങള്‍ തയ്യാറെടുപ്പ് ചെയ്തു കഴിഞ്ഞിട്ടുണ്ടാവും. അതുമാത്രമാണ് ജാഗ്രതയുടെ മേൽ പാട വീഴ്ത്താൻ സാധ്യതയുള്ളത്.
പിണറായി വിജയൻ മാറ്റത്തിന് തയ്യാറെടുക്കുന്നു. അതിനെ അറിയും മുൻപ് എതിർക്കുന്നത് അഭികാമ്യമല്ല. അദ്ദേഹത്തിന്റെ പ്രസ്ഥാനം വിത്തിട്ടു വളർത്തിയ ശീലമതാണതെങ്കിലും.