സി.പി.ഐ.എമ്മും പുതിയ സര്‍ക്കാറും

Glint Staff
Mon, 23-05-2016 03:06:00 PM ;

pinarayi and ldf

 

വർഗ്ഗീയതയ്‌ക്കെതിരെ അതിശക്തമായി പോരാടിക്കൊണ്ടിരിക്കുമ്പോൾ വർഗ്ഗീയത വളരുന്നുവെങ്കിൽ ആ പോരാട്ടം വർഗ്ഗീയതയെ തടയുന്നതിനു പകരം അതിന് വളമായി മാറുന്നു എന്നു മനസ്സിലാക്കാൻ മിതബുദ്ധി മതി. വർഗ്ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടമായാണ് പതിനാലാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനെ ഇടതുമുന്നണി, വിശേഷിച്ചും സി.പി.ഐ..എം പ്രചാരണ രംഗത്ത് ഉപയോഗിച്ചത്. കേരള ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി നിയമസഭയിലേക്ക് പ്രവേശനം നേടി. ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ആണെന്ന് തെരഞ്ഞെടുപ്പ് വോട്ട് സൂചികകൾ വ്യക്തമാക്കുകയും ചെയ്യുന്നു. സി.പി.ഐ.എം ഇതുവരെ തുടർന്നു വന്ന വർഗ്ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടം തുടരുന്ന പക്ഷം ബി.ജെ.പി മുന്നണി കേരളത്തിൽ അധികം താമസിയാതെ തന്നെ മുഖ്യശക്തിയായി മാറും.

 

അധികാരത്തിന്റെ ഭാഗത്തുനിന്ന് അധീശത്വമോ നേരിടൽ സമീപനമോ ഉണ്ടായാൽ ആരാണ് അതിന് ഇരയാകുന്നത്, ആ ശക്തി വളർന്ന് വലുതാകുമെന്നുള്ളത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ ചരിത്രത്തിലേക്കു നോക്കിയാൽ നന്നായി മനസ്സിലാകുന്നതേ ഉള്ളു. ബി.ജെ.പിയുടെ കേരളത്തിലെ ഇതുവരെയുള്ള ചരിത്രത്തിൽ അവരുടെ വളർച്ചയുടെ കാരണങ്ങളില്‍ സി.പി.ഐ.എം-ആർ.എസ്.എസ് അഥവാ ബി.ജെ.പി സംഘട്ടനങ്ങൾ നിർണ്ണായകമാണ്. ആ പാതയിലൂടെ തന്നെയാണ് ബി.ജെ.പി തുടര്‍ന്നും വളർച്ചയുടെ പടവുകൾ കയറാൻ ശ്രമിക്കുന്നത്.

 

പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരത്തിലേറാൻ പോകുന്ന എല്‍.ഡി.എഫ് മന്ത്രിസഭയ്ക്ക് പ്രാഥമികമായി കേരളത്തിലെ വോട്ടർമാരുടെ മനസ്സിന്റെ അടിത്തട്ടിൽ അവരറിയാതെ പോലും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്ന ബോധം ഉണ്ടാകേണ്ടതാണ്. തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ ഇടതുപക്ഷത്തിന്റെ പ്രചാരണം നയിച്ചത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനായിരുന്നു. ഒരു പരിധി വരെ പിണറായി വിജയൻ ബോധപൂർവ്വം പിന്നാക്കം നിൽക്കുന്നതു പോലെയും പ്രചാരണരംഗത്ത് അനുഭവപ്പെടുകയുണ്ടായി. ഇടതുമുന്നണി അധികാരത്തിലെത്തിയാൽ വി.എസ്സിനെ സി.പി.ഐ.എം തഴഞ്ഞ് പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും എന്ന ധാരണ വോട്ടർമാർക്കിടയിലുണ്ടായിരുന്നു. അതൊരു ജനാധിപത്യ ധാരണയായിരുന്നില്ല. ജനങ്ങൾ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നുളള അനുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള തോന്നലായിരുന്നു.

 

പൊതുവെ രാഷ്ട്രീയ പാർട്ടികൾക്കും അവയുടെ നേതാക്കള്‍ക്കും വിശ്വാസ്യത നഷ്ടപ്പെട്ട കാലഘട്ടത്തിലൂടെയാണ് വർത്തമാനകാലം കടന്നുപോകുന്നത്. ആ വർത്തമാനകാല യാഥാർഥ്യമാണ് വിപരീതാത്മക സമീപനം പഥ്യമായിട്ടും വി എസ്സിന് ഇത്രയും ജനപിന്തുണ കിട്ടാൻ കാരണമായതും. ഇതുവരെയുള്ള ചരിത്രത്തിന്റെയും ടി.പി ചന്ദ്രശേഖരൻ വധത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളും സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു സമവാക്യമുണ്ട്. അത് സി.പി.ഐ.എം  തിരിച്ചറിയേണ്ടതാണ്. വിശേഷിച്ചും കണ്ണൂർ ഭാഗത്തുനിന്നുള്ള സി.പി.ഐ.എം നേതാക്കൾ. സി.പി.ഐ.എം അധികാരത്തിൽ വന്ന് ആദ്യം വി.എസ്സിനെ ശരിയാക്കിയെന്നുളള സമൂഹ മാദ്ധ്യമങ്ങളിലെ പ്രതികരണവും വി.എം സുധീരനുൾപ്പടെയുള്ളവരുടെ പ്രസ്താവനകളും സി.പി.ഐ.എമ്മിന് പ്രസ്താവനകളിലൂടെ മാത്രമേ തള്ളിക്കളയാൻ കഴിയുകയുള്ളു. ജനമനസ്സുകളിലേക്ക് ഊർന്നുവീഴുന്ന ധാരണകളെ മാറ്റാൻ പറ്റില്ല. കഴിഞ്ഞ അഞ്ചു വർഷം ഇങ്ങനെ ചുണ്ണാമ്പുതുള്ളികൾ ഊർന്നു വീണ് പുറ്റുണ്ടായതുപോലെയുള്ള ധാരണയാണ് കോൺഗ്രസ്സിനെ ദയനീയമായ അവസ്ഥയിലേക്ക് തള്ളിയിട്ടത്. ഓർക്കണം, അവസാന നിമിഷം വരെയും ഉമ്മൻ ചാണ്ടി എല്ലാത്തിനെയും തള്ളിക്കളഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

 

ജനായത്ത സംവിധാനം നിലവിലുള്ള സാമൂഹ്യസംവിധാനങ്ങളിൽ ഉദാത്തം തന്നെ. ആ ഉദാത്തമായ വഴിയിലൂടെയാണ് ഇടതുമുന്നണിക്ക് അധികാരം ലഭിച്ചത്. അവരെ അഞ്ചു വർഷം ഭരിക്കാൻ അനുവദിക്കുക എന്നത് സംസ്ഥാനത്തിന്റെ ഉന്നമനം മുഖ്യ ലക്ഷ്യമായി പ്രവർത്തിക്കുന്ന ഏവർക്കും ഉത്തരവാദിത്വമുള്ള കാര്യമാണ്. പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതു പോലും ഈ ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ടായിരിക്കണം. പഴയ ചരിത്രത്തിന്റെ ആവർത്തനമല്ല വേണ്ടത്. പുതിയ ചരിത്രത്തിന്റെ രചനയാണ് ആവശ്യം. പഴയതും അഴുകിയതും ആയത് സമീപനങ്ങളായാലും അതിനെ ഉപേക്ഷിക്കാൻ തയ്യാറാവുമ്പോൾ മാത്രമാണ് മനുഷ്യൻ പുരോഗതിയുടെ പാതയിലേക്ക് പ്രവേശിക്കുന്നത്. സ്വാഭാവികമായിട്ടും ബി.ജെ.പി വരുന്ന അഞ്ചുവർഷം ഇതുവരെ സി.പി.ഐ.എം കേരളത്തിൽ പരിശീലിച്ച വിധം മുഖ്യ പ്രതിപക്ഷമായി മാറാനുള്ള ശ്രമം നടത്തും. അതിനെ തിരിച്ചറിയേണ്ട ബാധ്യത സി.പി.ഐ.എമ്മിനാണ്.

 

വീഴ്ച ആരുടെ ഭാഗത്തായാലും പുതിയ മന്ത്രിസഭ അധികാരത്തിലേറുന്നതിനു മുൻപു തന്നെ കേരളത്തിൽ അക്രമത്തിന്റെ അന്തരീക്ഷം ഉരുത്തിരിഞ്ഞതായി ധാരണ പരന്നു. ബോധപൂർവ്വം ബി.ജെ.പി അതിനു ശ്രമിക്കുകയാണെങ്കിൽ പോലും അതിനെ ബുദ്ധിപരവും നയപരവുമായി സമീപിക്കേണ്ട സാമാന്യബുദ്ധി സി.പി.ഐ.എമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതാണ്. ദൗർഭാഗ്യവശാൽ ഇതുവരെ കണ്ട അതേ സമീപനമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെയും മറ്റ് നേതാക്കളുടെയും ഭാഗത്തുനിന്ന് കാണാനിടയായത്. ഈ സർക്കാരിനെ അധികാരത്തിലേറ്റിയ ജനതയുടെ ഉള്ളിൽ പോലും സി.പി.ഐ.എം നേതൃത്വത്തിലുള്ള വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിരിക്കുകയാണ്. ആ നിലയ്ക്ക്  സി.പി.ഐ.എം നേതൃത്വം തങ്ങളുടെ നിലപാട് വിശദീകരിക്കുമ്പോൾ വസ്തുതകൾ ശരിയാണെങ്കിലും ജനം അത് മുഖവിലയ്‌ക്കെടുക്കില്ല എന്നത് ഇടതു മുന്നണി സർക്കാർ നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയാണ്. ഇതു യാഥാർഥ്യമാണ്. യാഥാർഥ്യങ്ങളെ അംഗീകരിക്കുകയാണ് ഏറ്റവും വലിയ ആർജ്ജവം.അപ്പോഴാണ് ആർജ്ജവം ധൈര്യമായി മാറുന്നത്.അല്ലെങ്കിൽ ഭീരുത്വമായിരിക്കും നയിക്കുക. ഭീരുത്വത്തിന്റെ ലക്ഷണമാണ് അക്രമം. ജനവിധി ലഭിച്ച സാഹചര്യത്തിൽ ധൈര്യമുള്ള സർക്കാരിനെയാണ് കേരളം പ്രതീക്ഷിക്കുന്നത്. പുതിയ ചരിത്രം സൃഷ്ടിക്കാൻ പ്രത്യേക മുഹൂർത്തം ആവശ്യമില്ല. അതെപ്പോഴും സാധ്യമാകുന്നതേ ഉളളു.

 

ജനങ്ങളുടെ ഭാഗത്തു നിന്നും ആ സമീപനം ആവശ്യമാണ്. പിണറായി വിജയൻ മോശക്കാരനായി മാറാൻ ആഗ്രഹിക്കാതിരിക്കുക എന്നതാണത്. കാരണം ആ ആഗ്രഹവും കേരളത്തിന്റെ സുഖ-സമാധാനജീവിതവുമായി ഒത്തുപോകില്ല. പിണറായി വിജയൻ ചരിത്രത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രിയായി മാറുന്നത് പ്രതീക്ഷിക്കുന്നതാണ് നല്ലത്. അതാണ് ആവശ്യവും. അപ്പോഴാണ് ജനങ്ങളും യാഥാർഥ്യങ്ങളെ അംഗീകരിക്കുക. ജനങ്ങൾ അതംഗീകരിക്കുമ്പോൾ മാത്രമാണ് അത്തരത്തിലുളള നേതൃത്വവും ഉയർന്നുവരിക. അപ്പോഴാണ് ജനായത്തം അർഥവത്താകുക. ജനായത്തത്തിൽ ജനങ്ങൾ പ്രാഥമികമായി പങ്കാളികളാകുന്നതും അപ്പോഴാണ്.

Tags: