Skip to main content

Liquor policy- Keralaഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് പൊടുന്നനെ തീരുമാനിച്ച കേരളത്തിന്റെ മദ്യനയം ഒടുവില്‍ സുപ്രീംകോടതി ശരിവച്ചിരിക്കുന്നു. ഈ സര്‍ക്കാരിന്റെ കൂടുതല്‍ സമയവും ഭരണപരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ വിനിയോഗിക്കപ്പെട്ടത് രണ്ടു വിഷയങ്ങള്‍ക്കു വേണ്ടിയാണ്.പതിഞ്ഞ ശൈലിയില്‍ പറഞ്ഞാല്‍ മദിരാക്ഷിയും മദ്യവും. ആദ്യത്തേത് കേരളത്തിന്റെ ഭരണയന്ത്രത്തെ ഏതാണ്ട് ഒരു വര്‍ഷത്തോളം നിഷ്‌ക്രിയമാക്കി. അത് നികുതിവരുമാനത്തെ സാരമായി ബാധിക്കുന്ന അവസ്ഥവരെയായി. ആദ്യത്തെ വിഷയത്തെ മറികടക്കുന്നതിന് രണ്ടാമത്തെ വിഷയത്തെ ഉപയോഗപ്പെടുത്തിയതായും ആരോപണമുണ്ട്. ആദ്യത്തെ വിഷയം ഉണ്ടായതിന്റെ തുടര്‍ വര്‍ഷങ്ങളില്‍ മദ്യവ്യവസായികള്‍ അതുവരെ അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യവും അപ്രമാദിത്വവും അവര്‍ക്കുണ്ടായി. ഒരു പക്ഷേ കേരളചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ അനധികൃത മദ്യക്കടത്തലുള്‍പ്പടെയുള്ള നടപടികള്‍ കേരളത്തില്‍ അനായാസം നടക്കപ്പെട്ടു. എന്തായാലും രണ്ടാമത്തെ വിഷയം സംബന്ധിച്ചുണ്ടായ വിവാദത്തില്‍ ഒടുവില്‍ ധനമന്ത്രി കെ എം മാണിക്ക് രാജിവെയ്‌ക്കേണ്ടി വന്നു. എക്‌സൈസ് മന്ത്രിയായ കെ ബാബു ഗുരുതരമായ ആരോപണത്തെ നേരിട്ടുകൊണ്ടിരിക്കുന്നു. അദ്ദേഹം സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന ആക്ഷേപം ഭരണമുന്നണിക്കകത്തുനിന്നുപോലും ഉയരുന്നു. മന്ത്രി തനിക്കെതിരെ കേട്ടുകേള്‍വിയായിരുന്നെങ്കില്‍ ബാബുവിനെതിരെ നേരിട്ടുള്ള ആരോപണമാണുണ്ടായിട്ടുള്ളതെന്ന് കെ എം മാണി തന്നെ പറഞ്ഞിരിക്കുന്നു.ഈ പശ്ചാത്തലത്തിലാണ് ഒരു വെളുപ്പാന്‍ കാലത്തെ മാത്രം ചിന്തകൊണ്ട് കൊണ്ടുവന്ന മദ്യനയത്തില്‍ അന്തിമമായ തീര്‍പ്പുണ്ടായിരിക്കുന്നത്.

              ചില സംഭവങ്ങളില്‍ ചരിത്രം തന്നെ സ്വയം ഇടപെടുന്നതായി കാണാം. പലപ്പോഴും പ്രകൃതി ദുരന്തങ്ങളും മറ്റുമാണ് അവ്വിധം കാരണമാകുന്നത്. ഇത് കോണ്‍ഗ്രസ്സിനുളളിലെ ഉള്‍പ്പോരുകളുടെ ഫലമായി അല്‍പ്പം അതിബുദ്ധിപ്രയോഗത്താല്‍ സംഭവിച്ചുപോയതാണ് ഈ കൊച്ചുവെളുപ്പാന്‍കാലതീരുമാനം കൊണ്ടുണ്ടായ മദ്യനയമെന്ന് സാധാരണക്കാര്‍ക്ക് അറിയാവുന്നതാണ്. എന്തു തന്നെയായാലും കേരളത്തിന്റെ വര്‍ത്തമാന പശ്ചാത്തലത്തില്‍ പൊതുസമൂഹത്തില്‍ മദ്യാസക്തി വര്‍ധനയ്ക്കനുകൂലമല്ലാത്ത് ഒരു തീരുമാനമായി ഇതിനെ കാണാവുന്നതാണ്. എന്തെല്ലാം പോരായ്മകള്‍ ഈ മദ്യനയത്തിനുണ്ടെങ്കിലും. അതേ സമയം ലഘുവീര്യമദ്യമറവിലൂടെ മദ്യ ഉപയോഗം കൂടുതല്‍ പ്രചാരത്തിലാകാനുള്ള സാധ്യതയും തള്ളിക്കളായാനാകില്ല.

 ഇതൊക്കെ മദ്യപാനത്താല്‍ ഉടലെടുത്ത പ്രശ്‌നങ്ങളാണോ അതോ മാനസികമായ അനാരോഗ്യാവസ്ഥയില്‍ കേരളസമൂഹം മദ്യത്തില്‍ അഭയം തേടുകയാണോ എന്നതാണ് തിരിച്ചറിയേണ്ടത്. രണ്ടാമത്തേതാകാനാണ് സാധ്യത കൂടുതല്‍. 

            ഈ മദ്യനയം സുപ്രീംകോടതി ശരിവച്ചതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളിലേക്കാണ് കേരളത്തിന്റെ ശ്രദ്ധ പതിയേണ്ടത്. പ്രായം കുറഞ്ഞ കുട്ടികളിലെ മദ്യപാനം, വിഷാദം, വിവാഹബന്ധശൈഥില്യങ്ങള്‍, കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന ദുരന്തങ്ങള്‍, അക്രമത്തോതിലെ വര്‍ധന എന്നിവയൊക്കെയാണ് മദ്യാസക്തിയില്‍ ആഴുന്ന കേരളത്തിന്റെ മുഖ്യപ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഈ പ്രശ്‌നങ്ങള്‍ കേരളത്തിലെ വ്യക്തിയും സമൂഹവും നേരിടുന്ന പ്രശ്‌നങ്ങളുടെ വെറും മിന്നലാട്ടങ്ങള്‍ മാത്രമാണ്. ഗുരുതരമായ മാനസിക അസ്വാസ്ഥ്യത്തിലൂടെ കേരള സമൂഹം കടുന്നുപോകുന്നുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. അതാണ് കേരളം അടിയന്തിരമായി ശ്രദ്ധിക്കേണ്ടി വിഷയം. ഇതൊക്കെ മദ്യപാനത്താല്‍ ഉടലെടുത്ത പ്രശ്‌നങ്ങളാണോ അതോ മാനസികമായ അനാരോഗ്യാവസ്ഥയില്‍ കേരളസമൂഹം മദ്യത്തില്‍ അഭയം തേടുകയാണോ എന്നതാണ് തിരിച്ചറിയേണ്ടത്. രണ്ടാമത്തേതാകാനാണ് സാധ്യത കൂടുതല്‍. അസ്വസ്ഥതയുടെ അസഹനീയതയില്‍ നിന്ന് മോചനത്തിനുള്ള മാര്‍ഗ്ഗമായി മദ്യത്തില്‍ അഭയം തേടുകയും പിന്നീട് മദ്യപാനം നിലവിലുള്ള പ്രശ്‌നങ്ങളെ ഗുരുതരമാക്കുകയും പുതിയ പ്രശ്‌നങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്ന എന്ന ദൂഷിതവലയത്തെ ഉണ്ടാക്കുകയും ചെയ്യുന്ന അന്തരീക്ഷം.ഇത് സാമൂഹ്യപ്രശ്‌നമാണ്. ഈ സാമൂഹ്യപ്രശ്‌നം വ്യക്തിയില്‍ പ്രവര്‍ത്തിക്കുകയും ആ വ്യക്തികള്‍ രാഷ്ട്രീയത്തിന്റെ അമരത്ത് എത്തപ്പെട്ടതുമാണ് ഈ സര്‍ക്കാരിനെ വീണില്ലെങ്കിലും ഉലച്ചുകൊണ്ടിരിക്കുന്ന രണ്ടു പ്രശ്‌നങ്ങള്‍ക്കും കാരണമായതുമെന്നും സുവ്യക്തമായി കാണാവുന്നതാണ്. അതുകൊണ്ടാണ് ഈ രണ്ടു വിഷയങ്ങളിലും ഈ സര്‍ക്കാര്‍ മുങ്ങിയിട്ടും അധികാരത്തില്‍ തുടരാന്‍ കഴിയുന്നത്. കാരണം ജനങ്ങള്‍ അതംഗീകിരിക്കുന്നു. അതു തന്നെയാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നതും. തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നതും അതുതന്നെയാണ്. സാമൂഹികമാനസിക ഘടനയില്‍ വന്നിരിക്കുന്ന മാറ്റമാണത്. അത് മൊത്തത്തിലുള്ള അനാരോഗ്യത്തില്‍ നിന്നും ഉടലെടുത്തതാണ്. ഇത് ഏതെങ്കിലും ഒരു മുന്നണിയുടേയോ രാഷ്ട്രീയപാര്‍ട്ടിയെ മാത്രമായി ബാധിച്ചതോ അല്ല. ഓരോ മലയാളിയും നേരിടുന്ന പ്രശ്‌നമാണ്. ഈ പ്രശ്‌നത്തിന്റെ അനുരണനങ്ങല്‍ ഓരോ മലയാളി ഭവനത്തിലും ഇന്ന് പല രൂപത്തിലും ഭാവത്തിലും അറിയുന്നുണ്ട്. അതിനെ ലക്ഷണത്തിലൂടെ തിരിച്ചറിയുന്നില്ലെന്നു മാത്രം.